കൊല്ലം: സ്വത്ത് തട്ടിയെടുക്കാൻ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് ഭർത്താവ് കൊലപ്പെടുത്തിയ അഞ്ചൽ ഏറത്തെ ഉത്രയുടെ കൊലപാതകം നടന്ന് ഒരു വർഷം പിന്നിടുമ്പോൾ കേസ് വിചാരണയിലാണ്. കോവിഡ് മൂലം കോടതി മാറ്റിവച്ചിരുന്ന വിചാരണ ജൂലൈ ഒന്നിന് ശേഷം ആരംഭിക്കും. ഉത്ര മരിക്കുമ്പോൾ ഒരു വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞ് ഉണ്ടായിരുന്നു. മരണത്തിന് ശേഷം കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കളായ വിജസേനനും മണിമേഖലയും ഏറത്തെ വെള്ളിശ്ശേരി വീട്ടിലേക്ക് കൊണ്ടു വന്നു. ഇപ്പോൾ ആ കുട്ടിക്ക് രണ്ട് വയസ്സും രണ്ടു മാസവും ആയിരിക്കുകയാണ്. 'ധ്രുവ്' എന്ന പേര് മാറ്റി 'ആർജ്ജവ്' എന്ന പേരിലാണ് ഇപ്പോൾ കുട്ടി വളർന്നു വരുന്നത്.

ആർജ്ജവത്തോടെ ഈ ലോകത്ത് ജീവിക്കേണ്ട കുട്ടി ആയതു കൊണ്ടാണ് ആർജ്ജവ് എന്ന് പേര് നൽകിയതെന്ന് വിജയസേനൻ മറുനാടനോട് പറഞ്ഞു. അമ്മയില്ലാത്തതിന്റെ കുറവ് വരുത്താതെയാണ്  വളർത്തുന്നത്. ദിവസവും അമ്മയെ അറിഞ്ഞാണ് വളരുന്നത്. എന്നും രാവിലെ അമ്മയുടെ ചിത്രത്തിന് മുന്നിൽ പോയി നിന്ന് തൊഴും. പിന്നീടാണ് മറ്റുകാര്യങ്ങൾ ചെയ്യുന്നത്. എല്ലാ കുട്ടിക്കുറുമ്പും കാട്ടും. മിക്കപ്പോഴും വിവാഹ ആൽബത്തിലെ ഫോട്ടോകളും വീഡികളും കാണിച്ചു കൊടുക്കാറുണ്ട്. അപ്പോഴൊക്കെ ഉത്രയുടെ ഫോട്ടോ കാണുമ്പോൾ അമ്മ എന്ന് പറഞ്ഞ് ചൂണ്ടിക്കാണിക്കും. അതിലുള്ള മറ്റാരെയും അറിയില്ല. എന്റെ മകൾക്ക് പകരമായി അവൻ ഈ വീട്ടുമുറ്റത്ത് പിച്ചവച്ച് വളരുകയാണ്;- വിജയേനൻ പറയുന്നു.

ശാസ്താംകോട്ട ശാസ്താംനടയിൽ സ്ത്രീധന പീഡനം മൂലം വിസ്മയ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ഉത്രാ കൊലക്കേസും ചർച്ചയിലെത്തുകയാണ്. പാമ്പുകടിയേറ്റു മരിച്ചു എന്ന് പൊലീസ് കണ്ടെത്തിയ കേസ് പിന്നീട് മറുനാടൻ മലയാളി ദുരൂഹതയുയർത്തി വാർത്ത പുറത്തു വിട്ടതോടെ മാതാപിതാക്കൾ പുനരന്വേഷണം ആവശ്യപ്പെട്ട് റൂറൽ എസി.പിയെ സമീപിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയുമായിരുന്നു. ഇതേ രീതിയിൽ വിസ്മയയുടെ മരണവും അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. ഇക്കാര്യത്തിൽ ഉത്രയുടെ പിതാവ് വിജയസേനന്റെ പ്രതികരണം തേടി മറുനാടൻ എത്തിയപ്പോഴാണ് ഉത്രയുടെ മകന്റെ വിശേഷങ്ങൾ അദ്ദേഹം പങ്കുവച്ചത്.

നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയാണ് സ്ത്രീധനത്തെ ചൊല്ലിയുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് അദ്ദേഹം പറയുന്നു. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇത്തരം സംഭവങ്ങൾ നടന്നു കഴിയുമ്പോൾ മാത്രമാണ് ഇടപെടുന്നത്. ആ രീതി മാറ്റി വിവാഹം കഴിഞ്ഞ ദമ്പതികളെ ആറുമാസം കൂടുമ്പോൾ കമ്മീഷന് മുന്നിൽ വിളിച്ചു വരുത്തി എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടോ എന്നു ചോദിക്കുകയും കൗൺസിലിങ് നടത്തുകയോ ചെയ്യുക. അങ്ങനെയുള്ളപ്പോൾ ഇവരുടെ മേൽ എപ്പോഴും സർക്കാർ ഏജൻസികളുടെ കണ്ണുണ്ട് എന്ന തോന്നൽ വരികയും അതിക്രമങ്ങൾ ഇല്ലാതാവുകയും ചെയ്യും.

പലർക്കും പൊലീസിനോട് എല്ലാം തുറന്ന് പറയാനുള്ള മടിയാണുള്ളത്. എല്ലാവർക്കും അർഹിക്കുന്ന നീതി ലഭിക്കാതിരിക്കുന്ന സാഹചര്യവും ഉണ്ട്. അങ്ങനെയുള്ളപ്പോൾ ഇത്തരം കമ്മീഷനുകൾ അവരെ കേൽക്കാൻ തയ്യാറാവണം. അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കണം. അല്ലാതെ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞതിന് ശേഷം അവിടെ എത്തിയിട്ട് എന്ത് പ്രയോജനമാണുള്ളതെ എന്നും വിജയസേൻ ചോദിക്കുന്നു. ശാസ്താംകോട്ടയിൽ നടന്ന സംഭവത്തിൽ പൊലീസ് തന്റെ മകളുടെ കൊലക്കേസ് അന്വേഷിച്ചതുപോലെ കൃത്യമായ അന്വേഷണം നടത്തി പ്രതി കുറ്റക്കാരനാണെങ്കിൽ ശിക്ഷവാങ്ങി നൽകി വിസ്മയയുടെ കുടുംബത്തിന് നീതി വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടു.

2020 മെയ് ഏഴിനാണ് അഞ്ചൽ ഏറം വെള്ളിശേരിൽ വീട്ടിൽ വിജയസേനൻ - മണിമേഖലാ ദമ്പതികളുടെ മകൾ ഉത്ര (25) പാമ്പ് കടിയേറ്റു മരിച്ചത്. മൂന്നു മാസത്തിനിടെ രണ്ടാം വട്ടമാണ് ഉത്രയെ പാമ്പ് കടിക്കുന്നത്. ഉറക്കത്തിൽ തന്നെയായതിനാൽ കടിയേറ്റതറിഞ്ഞില്ല. തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയതായിരുന്നു ഉത്ര. രാത്രി ഉറങ്ങാൻ കിടന്ന ഉത്ര പിന്നെ എഴുന്നേറ്റതേയില്ല. പിറ്റേന്ന് രാവിലെ അമ്മ ചായയുമായി എത്തി ഉത്രയെ കുലുക്കിവിളിക്കുമ്പോൾ അനക്കമില്ലായിരുന്നു. ഉടൻ തന്നെ അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരിച്ചതായി വീട്ടുകാർ അറിഞ്ഞത്.

മാർച്ച് രണ്ടിനാണ് ഭർത്താവിന്റെ അടൂർ പറക്കോട്ടെ വീട്ടിൽവച്ച് ഉത്രയെ ആദ്യമായി പാമ്പ് കടിക്കുന്നത്. വീടിന് പുറത്ത് വച്ച് രാത്രിയിൽ അണലി കടിക്കുകയായിരുന്നു. ഉടൻ തന്നെ പുഷ്പഗിരി മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകിയതിനാൽ രക്ഷപെടുകയായിരുന്നു. അന്ന് അണലിയാമെന്ന് തിരിച്ചറിഞ്ഞതിനാലാണ് വേഗം തന്നെ മറുമരുന്ന് നൽകി സുഖപ്പെടുത്താൻ കഴിഞ്ഞത്. സാധാരണ അണലി കടിച്ചാൽ ജീവൻ തിരികെ കിട്ടില്ലാ എന്നിരിക്കെ എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് ഉത്ര ജീവിതത്തിലേക്ക് തിരികെ എത്തിയത്. ലക്ഷക്കണക്കിന് രൂപ തന്നെ ചികിത്സയ്ക്കായി വീട്ടുകാർ ചെലവിട്ടിരുന്നു. തിരുവല്ല പുഷപഗിരി മെഡിക്കൽ കോളേജിൽ ദീർഘമായ ചികിത്സയും ഉത്രയ്ക്ക് വേണ്ടി നടത്തിയിരുന്നു. കടിയേറ്റ കാലിൽ പ്ലാസ്റ്റിക് സർജറിയും നടത്തിയിരുന്നു.

ചികിത്സയ്ക്കു ശേഷം ഒരു വയസുള്ള മകൻ ധ്രുവിനെ ഭർതൃവീട്ടിലാക്കിയാണ് ഉത്ര സ്വന്തം വീട്ടിലേക്ക് വിശ്രമത്തിനു എത്തിയത്. ഉത്രയെ തുടർ ചികിത്സയ്ക്കായി തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ബുധനാഴ്ച ഭർത്താവ് സൂരജും എത്തി. വീട്ടിലെ രണ്ടു കട്ടിലിൽ ആണ് ഇവർ കിടന്നിരുന്നത്. ഇതിനിടയിലാണ് പാമ്പ് കടിയേറ്റത്. സാധാരണ മരണം എന്ന രീതിയിൽ ലോക്കൽ പൊലീസ് കേസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ ഉത്രയുടെ മരണത്തിൽ ദുരൂഹതയുയർത്തി മറുനാടൻ രംഗത്ത് വന്നതോടെ മാതാപിതാക്കളും ബന്ധുക്കളും ഇതേ സംശയം ഉന്നയിച്ചു രംഗത്ത് വരികയായിരുന്നു. എ.സി. ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാൻ കിടന്നത്. ഈ മുറിയിൽ എങ്ങനെ മൂർഖൻ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. തുടർന്ന് ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്‌പി. ഹരിശങ്കറിന് പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് കല്ലുവാതുക്കലിലെ ഒരു പാമ്പുപിടുത്തക്കാരനുമായി സൂരജിന്  അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തുന്നത്. സൂരജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി തവണ ഇയാളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചിരുന്നു.

പാമ്പുപിടുത്തക്കാരന് 10,000 രൂപ നൽകി സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയെന്ന് പൊലീസിന് മനസ്സിലായി. പാമ്പുമായി ബന്ധപ്പെട്ട വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്യാനാണ് പാമ്പിനെ വാങ്ങുന്നതെന്നാണ് സൂരജ് ഇയാളോട് പറഞ്ഞിരുന്നത്. സൂരജിനെയും പാമ്പുപിടുത്തക്കാരനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് സംഭവത്തിൽ സൂരജിന്റെ അകന്ന ബന്ധുവിനും പങ്കുണ്ടെന്ന് കണ്ടെത്തി. ഇയാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സൂരജും ബന്ധുവുമാണ് കേസിൽ പ്രതികളാകാൻ സാധ്യത. പാമ്പുപിടുത്തക്കാരൻ പ്രധാനസാക്ഷിയായേക്കും.

ഉത്രയുടെ ഭർത്താവ് സൂരജ് വിഷപ്പാമ്പുകളെക്കുറിച്ച് യുട്യൂബിലും മറ്റും പരിശോധന നടത്തിയിരുന്നതായും ഇയാൾക്കു പാമ്പുകളെ പിടിക്കാനും സൂക്ഷിക്കാനും കഴിവുള്ളതായും പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാൾക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി റിമാൻഡ് ചെയ്യുകയും ഇപ്പോൾ വിചാരണയിലുമാണ് കേസ്.