കൊല്ലം: കൊലപാതകങ്ങൾക്കൊരു പാഠപുസ്തകമായ ഉത്ര വധക്കേസിൽ ഒടുവിൽ കോടതിവിധി വരുമ്പോൾ സൂരജിനെ കുരുക്കിയത് അന്വേഷണ സംഘത്തിന്റെ തന്ത്രപരവും ശാസ്ത്രീയവുമായ നീക്കങ്ങളായിരുന്നു. കേസ് അന്വേഷണത്തിലെ ഓരോ നിമിഷവും കുറ്റാന്വേഷണ പാഠ പുസ്തകത്തിലെ ഓരോ അധ്യായമാണ്. അടുത്തുതന്നെ ഉത്ര വധക്കേസ് അന്വേഷണം പൊലീസ് കുറ്റാന്വേഷണ ജേണലിൽ പ്രസിദ്ധീകരിക്കും.

ഉത്ര കൊല്ലപ്പെട്ടതിനെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് സംഘത്തിന് പ്രാഥമിക അന്വേഷണത്തിൽ തന്നെ രണ്ടു വട്ടം പാമ്പു കടിച്ചുവെന്ന കഥയിൽ അസ്വാഭാവികത തോന്നിയിരുന്നു. എന്നാൽ ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടത്തിയെങ്കിലും കൊലപാതകം സംശയിക്കാവുന്ന സൂചനകളൊന്നും പൊലീസിന് ലഭിച്ചില്ല. മരണം നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ ഉത്രയുടെ അച്ഛൻ പരാതിയുമായി പൊലീസിനെ സമീപിച്ചതാണ് ഈ കേസിൽ വഴിത്തിരിവായത്. സൂരജിനെ കുറിച്ചായിരുന്നു അച്ഛന്റെ പരാതി. ഉത്രയുടെ മരണത്തിൽ ഏതെങ്കിലും തരത്തിൽ സൂരജ് സ്വാധീനിച്ചിട്ടുണ്ടോ എന്നാണ് അച്ഛന്റെ സംശയം. ഇതോടെ പൊലീസിന്റെ സംശയവും ബലപ്പെട്ടു. അന്വേഷണം ആരംഭിച്ചു.

ഉത്തരത്തിലേയ്‌ക്കെത്തിയ ചോദ്യങ്ങൾ

സ്ഥലപരിശോധനയും പാമ്പുകളുടെ സ്വഭാവത്തെ കുറിച്ചുള്ള പഠനവും പൊലീസ് സംഘം നടത്തി. രണ്ടു വട്ടമാണ് ഉത്രയെ പാമ്പു കടിച്ചത്. ആദ്യം അണലി പിന്നീട് മൂർഖൻ. ആദ്യം സൂരജിന്റെ വീട്ടിലും പിന്നീട് ഉത്രയുടെ വീട്ടിലും. രണ്ടിടത്തും നടത്തിയ സ്ഥല പരിശോധന സംശയങ്ങൾ ദുരീകരിച്ചു. സ്ഥലപരിശോധനയ്ക്ക് ഒപ്പം പാമ്പുകളുടെ സ്വഭാവം സംബന്ധിച്ചും പഠിച്ചു. അതോടെ പാമ്പു കടിച്ചുള്ള മരണത്തിൽ പൊരുത്തക്കേടു കണ്ടെത്തി. ഉത്രയെ അണലി കടിച്ചത് വീടിന്റെ ഒന്നാംനിലയിൽ വച്ചാണ്. റസൽ വൈപ്പർ വിഭാഗത്തിൽപ്പെട്ട അണലി മരത്തിൽ കയറില്ല. അണലി കടിക്കുന്നത് തറയിൽ വച്ചാണ്. അല്ലെങ്കിൽ ആരെങ്കിലും അണലിയെ മുകളിൽ എത്തിക്കണം. അന്ന് സൂരജിന്റെ വീട്ടിൽ പരിശോധന നടക്കുമ്പോൾ സൂരജിന്റെ അമ്മ വന്നു. ജനലിനു സമീപത്തെ മരക്കൊമ്പ് കാണിച്ച് പൊലീസിനോട് പറഞ്ഞു. ഈ മരക്കൊമ്പ് വഴിയാണ് പാമ്പു വന്നത്. അത് വെട്ടിക്കളയാൻ നേരത്തേ സൂരജിനോട് പറഞ്ഞതാണെന്നും അമ്മ പറഞ്ഞു. അതിനു ശേഷം പൊലീസ് അയൽക്കാരെ കണ്ടപ്പോൾ കള്ളി പൊളിഞ്ഞു. ആ മരക്കൊമ്പ് അടുത്ത കാലത്ത് ചായ്ച്ചു നിർത്തിയതാണെന്ന് അയൽക്കാർ മൊഴി നൽകി. അതോടെ സംശയം ബലപ്പെട്ടു.

രണ്ടാമത്തേത് മൂർഖനാണ്. ഉത്രയുടെ വീട്ടിലാണ് അപകടം. അവിടെ എങ്ങനെ പാമ്പ് എത്തി? വാതിലിനു പുറമേ 2 ജനലും 3 വെന്റിലേറ്ററും മുറിക്കുണ്ട്. 2 മീറ്റർ പൊക്കത്തിലാണ് വെന്റിലേറ്റർ. 150 സെന്റിമീറ്റർ ഉയരത്തിലാണ് ജനലുകൾ. ഇവിടെ ഞങ്ങൾ വെറ്ററിനറി മേഖലയിലെ വിദഗ്ധരുടെ സഹായം തേടി. മൂർഖന് സ്വന്തം നീളത്തിന്റെ മുന്നിലൊന്ന് മാത്രമേ സ്വയം പൊങ്ങാൻ കഴിയൂ. ഉത്രയെ കടിച്ച പാമ്പിന്റെ നീളം 150 സെന്റിമീറ്ററാണ്. അതിനാൽ 50 സെന്റിമീറ്ററിൽ കൂടുതൽ പാമ്പിന് പൊങ്ങാൻ കഴിയില്ല.

മൂർഖൻ ഇരപിടിക്കുന്നത് രാത്രി 6 മുതൽ 8 വരെയാണ്. അതു കഴിഞ്ഞാൽ മൂർഖൻ വിശ്രമത്തിലാകും. പ്രകോപനമില്ലാതെ മൂർഖൻ കടിക്കില്ല. മൂർഖന് വിഷം ഉണ്ടായി വരാൻ സമയം എടുക്കും. അതിനാൽ വളരെ പിശുക്കോടെയാണ് മൂർഖൻ വിഷം ഉപയോഗിക്കുക. ശത്രുവിനെ പേടിപ്പിക്കുക, വിഷമില്ലാതെ കടിക്കുക, വിഷം ചെറിയ അളവിൽ ഉപയോഗിക്കുക, ശരിക്കും വിഷം കുത്തിവച്ച് കടിക്കുക എന്നിവയാണ് മൂർഖൻ കടിക്കുന്നതിന്റെ രീതി. ഉത്രയെ രണ്ടു വട്ടം വിഷത്തോടെ മൂർഖൻ കടിച്ചു. ഒന്നാംനിലയിൽ കയറിക്കടിച്ച അണലിയും പാതിരാത്രി രണ്ടു വട്ടം വിഷം വച്ച് കടിച്ച മൂർഖനും ഞങ്ങളുടെ സംശയം ദൃഢമാക്കി. പാമ്പ് സ്വയം കടിച്ചതല്ല. മറിച്ച് ആരോ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതാണ്.

ആദ്യ സംശയം സുരജിലേക്കായി. വന്യജീവികളോട് കമ്പമുണ്ട് സൂരജിന്. ആട്, മുയൽ, നായ തുടങ്ങി എല്ലാം വീട്ടിലുണ്ട്. ഉത്രയുടെ മരണത്തിന് ആറ് മാസം മുൻപ് സൂരജിന്റെ വീട്ടിൽ പാമ്പിനെ കൊണ്ടു വന്നു പ്രദർശിപ്പിച്ചുവെന്ന വിവരം അറിഞ്ഞു. പാമ്പു പിടുത്തക്കാരനായ സുരേഷിനെ കണ്ടെത്തി. സൂരജിന് പാമ്പിനെ നൽകിയതായും തിരികെ വാങ്ങിയതായും സുരേഷ് സമ്മതിച്ചു. സുരേഷും സൂരജും പലവട്ടം ഫോണിൽ സംസാരിച്ചിട്ടുണ്ട്. പക്ഷേ നേരിട്ട് കണ്ടത് രണ്ടു വട്ടം മാത്രം. അത് ഉത്രയെ പാമ്പു കടിക്കുന്നതിനു തൊട്ടു മുൻപാണ്. അതോടെ പാമ്പിനെക്കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചതാണെന്ന് ഉറപ്പായി. എന്നാൽ സൂരജ് ഇക്കാര്യം തുടക്കത്തിൽ സമ്മതിച്ചിരുന്നില്ല.

അഞ്ച് ദിവസം നീണ്ട ചോദ്യംചെയ്യലിൽ സൂരജ് പിടിച്ചു നിന്നു. പാമ്പിനെ വാങ്ങിയെന്നതു സത്യമാണെന്ന് സൂരജ് ആവർത്തിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തിരികെ കൊടുത്തു. അണലി ഒന്നാം നിലയിൽ കയറി കടിക്കില്ലെന്നും സൂരജിന് അറിയാം. ഉത്രയെ കുളിമുറിയിൽ വച്ചാണ് അണലി കടിച്ചതെന്നാണ് സൂരജിന്റെ മറുപടി. പക്ഷേ സൂരജിന്റെ മൊബൈൽ ഫോൺ വേണ്ട തെളിവുകൾ നൽകി. പാമ്പുകളെക്കുറിച്ച് സൂരജ് പഠനം നടത്തിയത് ഫോണിലാണ്. സൂരജ് അണലികളെ കുറിച്ചു പഠിക്കുന്നു. ഉത്രയെ അണലി കടിക്കുന്നു. അതോടെ അണലി പഠനം സൂരജ് നിർത്തി. മൂർഖനെ കുറിച്ച് സൂരജ് പഠിച്ചു. ഉത്രയെ മൂർഖൻ കടിച്ചു. എന്തിനാണ് ഈ രണ്ടു പാമ്പുകളെ കുറിച്ച് പഠിച്ചത് ? എന്തിനാണ് പഠനം നിർത്തിയത്. ഈ ചോദ്യങ്ങൾക്ക് സൂരജിന് വ്യക്തമായ ഉത്തരം നൽകാനായില്ല.

പാമ്പ് ഇഴഞ്ഞു വന്നു കടിച്ചുവെന്നാണ് സൂരജിന്റെ പ്രതിരോധം. ഇര വിഴുങ്ങിയാൽ ഒരാഴ്ചയോളം പാമ്പിന്റെ വയറ്റിൽ ഇരയുടെ അവശിഷ്ടങ്ങൾ കാണും. ഉത്രയെ കടിച്ച പാമ്പിന്റെ പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. വയറ്റിൽ ഒന്നുമില്ല. അതിനർഥം പാമ്പ് ഇഴഞ്ഞു വന്നതല്ല. ആരോ കുപ്പിയിൽ കുറച്ചു ദിവസമായി സൂക്ഷിച്ചതാണ്. ഈ തെളിവുകൾക്ക് മുന്നിൽ സൂരജ് പതറി. ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

മാതാപിതാക്കളുടെ എട്ട് സംശയങ്ങൾ

ഉത്രയുടെ മാതാപിതാക്കൾക്ക് തോന്നിയ എട്ട് സംശയങ്ങളാണ് ഈ കേസ് അന്വേഷണത്തിൽ വഴിത്തിരിവായത്. എട്ടും കാമ്പുള്ള സംശയങ്ങളായിരുന്നു. എസ്‌പിക്കു നൽകിയ പരാതിയിലാണ് ഉത്രയുടെ മാതാപിതാക്കൾ ഈ സംശയങ്ങൾ ഉന്നയിച്ചത്. രണ്ടു തവണ വീടിനുള്ളിൽ വച്ചു പാമ്പുകടിയേൽക്കുക. രണ്ടു തവണയും ഉത്ര അത് അറിയാതിരിക്കുക-ഈ സംശയമായിരുന്നു പ്രധാനം. പാമ്പുപിടിത്തക്കാരും വിദഗ്ധരുമായി ചർച്ച ചെയ്തപ്പോൾ കിട്ടിയത് അസാധ്യം എന്ന മറുപടിയായിരുന്നു. ഫെബ്രുവരി 29ന ആദ്യം വീട്ടിൽ പാമ്പിനെ കണ്ടപ്പോൾ പാമ്പുപിടിത്തക്കാരന്റെ കയ്യടക്കത്തോടെ സൂരജ് അതിനെ പിടികൂടിയതോടെ പാമ്പുപിടിത്തക്കാരന്റെ കൈയടക്കം വ്യക്തമായി. ഉത്രയുടേയും സൂരജിന്റെയും ജോയിന്റ് അക്കൗണ്ട് ലോക്കർ തുറക്കാൻ ഭാര്യയോടു പറയാതെ മാർച്ച് 2നു പകൽ സൂരജ് ബാങ്കിലെത്തി. അന്നു രാത്രി ഉത്രയ്ക്കു പാമ്പു കടിയേറ്റു. ഇതായിരുന്നു അതി നിർണ്ണായകം.

ഉത്ര മരിക്കുന്നതിനു തലേന്നു വീട്ടിലെത്തിയ സൂരജ് 12.30നു ശേഷം ഉറങ്ങിയെന്നു പറയുന്നു. രാവിലെ 7 മണി കഴിയാതെ, ചായ ബെഡിൽ കിട്ടാതെ ഉറക്കം എഴുന്നേൽക്കാത്ത സൂരജ് അന്നു രാവിലെ 6 മണിക്ക് ഉണരുന്നു. ഭാര്യ ചലനമില്ലാതെ കിടക്കുന്നത് അറിയുന്നില്ല. മരണമറിഞ്ഞ ശേഷമുള്ള സൂരജിന്റെ പെരുമാറ്റവും സംശയമായി. ഉത്ര മരിച്ചതിന്റെ തലേന്ന് രാത്രി 10.30ന് അമ്മ മണിമേഖല കിടപ്പുമുറിയുടെ ജനാല അടച്ചു കുറ്റിയിട്ടിരുന്നു. എന്നാൽ അതു തുറന്നു കിടക്കുകയായിരുന്നെന്നും പുലർച്ചെ 3നു താനാണു ജനാല അടച്ചതെന്നുമാണു സൂരജ് പറഞ്ഞത്. ഇതും കൊലപാതകത്തിന്റെ സാധ്യതകൾ ചർച്ചയാക്കി.

വിഷപ്പാമ്പിന്റെ കടിയേറ്റാൽ കഠിന വേദന, കഴപ്പ്, തരിപ്പ് എന്നിവ അനുഭവപ്പെടും. അല്ലെങ്കിൽ അബോധാവസ്ഥയിൽ ആയിരിക്കണം. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങൾ വിൽക്കണമെന്ന് ഉത്രയുടെ മരണശേഷം പറഞ്ഞപ്പോൾ സൂരജ് എതിർത്തു. ഇതോടെയാണ് വീട്ടുകാർക്ക് സംശയം തുടങ്ങുന്നത്. പിന്നാലെ ഉത്രയുടെ അച്ഛനും അമ്മയ്ക്കും എതിരെ സൂരജിന്റെ സഹോദരി പൊലീസിൽ പരാതി നൽകി. അമ്മയേയും സഹോദരനേയും തടഞ്ഞു വച്ചിരിക്കുന്നുവെന്നായിരുന്നു അത്. ഇതോടെയാണ് സൂരജിലെ കുറ്റവാളിയെ പുറത്തു കൊണ്ടു വരുന്ന നിയമ പോരാട്ടത്തിന് തുടക്കമാകുന്നത്.

പുറത്താരോടും വലിയ അടുപ്പം പുലർത്തിയിരുന്നില്ല പറക്കോട് വടക്ക് കാരയ്ക്കൽ ശ്രീസൂര്യയിൽ സൂരജ്. അടൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി. 2018 ലായിരുന്നു ഉത്രയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ വീട്ടിൽ ഒരു പാമ്പിനെ കണ്ടിരുന്നതായും ഇതിനെ പിടിക്കാൻ പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തിയതായും സൂരജ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പക്ഷേ, അന്ന് പാമ്പിനെ കിട്ടിയിരുന്നില്ലെന്നും ഇയാൾ പറഞ്ഞതായി സുഹൃത്തുകൾ ഓർക്കുന്നു. ഇത് വീട്ടുകാരും ശരിവെയ്ക്കുന്നു. അന്ന് വിളിച്ചുവരുത്തിയ പാമ്പുപിടുത്തക്കാരനാണ് ഇപ്പോൾ സൂരജിന്റെകൂടെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുള്ള സുരേഷെന്നും നാട്ടുകാർ പറയുന്നു.

ശാസ്ത്രീയ തെളിവുകൾക്കായി ഡമ്മി പരീക്ഷണം

സാക്ഷികളില്ലാത്ത ഈ കേസിൽ ശാസ്ത്രീയ തെളിവുകൾ പരമാവാധി ശേഖരിക്കാനാണ് അന്വേഷണസംഘം ശ്രമിച്ചത്. അതിന് വേണ്ടി ഡമ്മി പരീക്ഷണം നടത്താനും അവർ തയ്യാറായി. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും വേർതിരിച്ചറിയുന്നതിനുള്ള പരീക്ഷണമാണ് അന്വേഷണ സംഘം നടത്തിയത്.കൊല്ലത്തെ അരിപ്പ വനംവകുപ്പ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു അത്യപൂർവ്വമായ പരീക്ഷണം.

150 സെ.മി നീളമുള്ള മൂർഖൻ പാമ്പാണ് ഉത്രയെ കടിച്ചത്. ഈ നീളത്തിലുള്ള ഒരു പാമ്പ് കടിച്ചാൽ 1.7 സെ മീ നീളമുള്ള മുറിവാണ് ശരീരത്തിൽ സാധാരണ ഉണ്ടാകാറുള്ളത്. എന്നാൽ ഉത്രയുടെ ശരീരത്തിൽ 2.5 ഉം 2.8 ഉം നീളമുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചാൽ മാത്രമേ ഇത്രയും വലിയ പാടുകൾ വരികയുള്ളു എന്ന ശാസ്ത്രീയ നിഗമനത്തിലാണ് മൂന്ന് പാമ്പുകളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്. മുറിവുകളിലെ വ്യത്യാസം രേഖപ്പെടുത്തി

ഒടുവിൽ ഉത്രയ്ക്ക് നീതി

ഒരുവർഷത്തിലധികം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. ഇനി ശിക്ഷയ്ക്കായുള്ള കാത്തിരിപ്പാണ്. മകളുടെ ഘാതകനെ നിയമത്തിന് മുന്നിലെത്തിച്ചെന്ന് ഉത്രയുടെ മാതാപിതാക്കൾക്കും സഹോദരനും ആശ്വസിക്കാനും ആരുമറിയാതെ മാഞ്ഞുപോകുമായിരുന്ന ഒരു കേസിലെ പ്രതിയെ നീതിപീഠത്തിന് മുന്നിലെത്തിച്ച് കേരളാ പൊലീസിന്റെ അഭിമാനമുയർത്തിയെന്ന് ഹരിശങ്കറിനും സംഘത്തിനും അഭിമാനിക്കാനും വകനൽകുന്ന അന്വേഷണചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഒടുവിൽ ഉത്രാവധക്കേസ് മാറുകയാണ്.