തിരുവനന്തപുരം: മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ എന്ന സിബിഐ ഓഫീസർ പറയുന്ന ഒരു വാചകമുണ്ട് ' ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട്.സൂര്യൻ മറനീക്കി പുറത്ത് വരും.. അതുപോലെ തന്നെയാണ് സത്യവും എത്രയൊക്കെ മൂടിവെക്കാൻ ശ്രമിച്ചാലും അത് മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും. അഞ്ചൽ ഉത്രവധക്കേസിൽ പ്രതി സുരജിന് അർഹിക്കുന്ന ശിക്ഷ ലഭിക്കുമ്പോൾ ഈ ഒരു വിശ്വാസം തന്നെയാണ് വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുന്നത്. സത്യം പുറത്ത് വന്നിരിക്കുമെന്ന്.

രണ്ട് തവണ ഭാര്യ ഉത്രയെ വിഷപാമ്പിനെ കൊണ്ട് കൊത്തിപ്പിച്ച് കൊലപാതകത്തിന് ശ്രമിച്ചപ്പോൾ വിജയം കണ്ടത് രണ്ടാംവട്ടമാണ്. ഉത്രയുടെ മരണത്തിൽ ദുരൂഹത ആദ്യം പ്രകടിപ്പിച്ച മാധ്യമങ്ങളിൽ മുൻപന്തിയിൽ നിന്നത് മറുനാടനാണ്.നിരന്തരം റിപ്പോർട്ട് ചെയ്തു കൊലപാതകത്തിന്റെ ചുരുൾ അഴിച്ചു. ജീവിതത്തിൽ ഇത്തരമൊരു സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വമാണെങ്കിലും അഭ്രപാളിയിൽ ഇത്തരം കൊലപാതകങ്ങൾ ഇതിനുമുൻപെ പ്രതിപാദ്യ വിഷയമായിട്ടുണ്ട്.ആദ്യമായി ഈ മാർഗം പശ്ചാത്തലമാക്കി സിനിമയിലുടെ പ്രമേയം എത്തിച്ചത് അന്തരിച്ച എഴുത്തുകാരനും സംവിധാകയും ആയ പി. പത്മരാജനായിരുന്നു. 35 കൊല്ലം മുമ്പാണ് മലയാളത്തിന്റെ വിഖ്യാത സംവിധായകരായ പത്മരാജനും ഐവിശശിയും സിനിമയിൽ പറഞ്ഞുവച്ചത്.

കിടപ്പുമുറിയിലേക്ക് പാമ്പിനെ കയറ്റിവിടുന്ന രീതിയിലുള്ള വില്ലത്തരങ്ങൾ മലയാള സിനിമയിൽ മുമ്പും കണ്ടിട്ടുണ്ട്. പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊല്ലുന്നരംഗം ഭീകരമായി ചിത്രീകരിച്ച ആദ്യകാല സിനിമകളിൽ ഒന്ന് മമ്മൂട്ടിയും മോഹൻലാലും ഭരത്‌ഗോപിയും സീമയുമെല്ലാം അടങ്ങുന്ന ഐവിശശിയുടെ കരിമ്പിൻ പൂവിനക്കരെ ആണ്. 1985 ൽ പത്മരാജന്റെ ഉജ്വല തിരക്കഥയിൽ ഒരുങ്ങിയ സിനിമ പറയുന്നതും പ്രതികാര കഥയായിരുന്നു.സിനിമയിൽ മോഹൽലാലിന്റെ കഥാപാത്രമായ ഭദ്രൻ ഈ രീതിയിൽ വിൻസെന്റിന്റെ കഥാപാത്രമായ തമ്പിയെയാണ് കൊല്ലുന്നത്.

സഹോദരനായ ചെല്ലണ്ണ(ഭരത്‌ഗോപി) ന്റെ മരണത്തിന് കാരണക്കാരിയായ ചന്ദ്രിക (സീമ)യോടുള്ള പക ഭദ്രൻ തീർക്കുന്നത് രാത്രിയിൽ തമ്പിയുടെ കൈകാലുകൾ കെട്ടിയിട്ട ശേഷം പാമ്പിനെകൊണ്ടു കടിപ്പിച്ചായിരുന്നു. പാമ്പുകടിയേറ്റ് പാട് ഉണ്ടായിരുന്നതിനാൽ ഭദ്രനെ ആരും സംശയിക്കുന്നുമില്ല. ഭദ്രൻ ഇക്കാര്യം ചന്ദ്രികയോട് പറയുന്നതും ചന്ദ്രിക പ്രതികാരമായിരുന്നു എന്നറിഞ്ഞ് ഞെട്ടുന്നതും സിനിമയിലെ ഹൈലറ്റായ രംഗമാണ്. കരിമ്പിൻ പാടത്തിലെ വഴിയിലൂടെ വരുന്ന ചന്ദ്രികയെ തടഞ്ഞു നിർത്തി അവനെ കൊത്തിയ പാമ്പ് താനാണെന്നും അതിന് മണ്ണാറക്കൊളഞ്ഞി വരെ പോയ വണ്ടിക്കൂലിയും പാമ്പു പിടുത്തക്കാരൻ കൊറവന് കൊടുത്ത 150 രൂപയുമാണ് ചെലവെന്നും അടുത്തത് നിയും നിന്റെ മകനുമാണെന്നും പറയുന്നതാണ് രംഗം.

കരിമ്പുകൃഷി വ്യാപകമായിരുന്ന മദ്ധ്യതിരുവിതാംകൂറിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയായി അവതരിപ്പിച്ച ഐവിശശി - പത്മരാജൻ കൂട്ടുകെട്ടിലെ ഒടുവിലത്തേത് ആയിരുന്നു. അതിന് ശേഷം മലയാളത്തിൽ വൻ ഹിറ്റായി മാറിയ '22 ഫീമെയിൽ കോട്ടയം' എന്ന സിനിമയിൽ നായിക റീമാ കല്ലിങ്കലിന്റെ കഥാപാത്രമായ ടെസ്സ തന്നെ ചതിച്ച പ്രതാപ് പോത്തന്റെ കഥാപാത്രം ഹെഗ്‌ഡേയോട് പകരം വീട്ടുന്നതും പാമ്പിനെ ഉപയോഗിച്ചാണ്. കാമുകനായ നായകൻ സിറിളിനോ(ഫഹദ് ഫാസിൽ) ട് പകരം വീട്ടുന്നതിന് മുമ്പായി ഹെഗ്‌ഡേയുടെ വീട്ടിലെത്തി ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ കാലും കയ്യും ബന്ധിച്ച് രാജവെമ്പാലയെ ശരീരത്തേക്ക് കടത്തി വിട്ടാണ് മരണം ഉറപ്പാക്കുന്നത്. ആഷിക് അബു സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ ശ്യാം പുഷ്‌ക്കരനും അഭിലാഷ് എസ് കുമാറും ചേർന്നായിരുന്നു എഴുതിയത്.

ഉത്രവധക്കേസിന്റെ സത്യം പുറത്ത് വന്നതോടെയാണ് ഈ സിനിമാ രംഗങ്ങളും ചർച്ചയായത്.മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ ക്രൂരമായി കൊലപ്പെടുത്തിയ അത്യപൂർവമായ കേസിൽ ഭർത്താവ് അടൂർ പറക്കോട് ശ്രീസൂര്യയിൽ സൂരജിന്റെ(27)പേരിൽ ആസൂത്രിതകൊല (ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനൽകി പരിക്കേൽപ്പിക്കൽ (328ാം വകുപ്പ്), തെളിവുനശിപ്പിക്കൽ (201ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

അപൂർവങ്ങളിൽ അപൂർവമായ കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. 2020 മെയ്‌ ആറിനു രാത്രി സ്വന്തംവീട്ടിൽവെച്ച് പാമ്പുകടിയേറ്റ ഉത്രയെ, ഏഴിനു പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്, മാതാപിതാക്കൾ കൊല്ലം റൂറൽ എസ്‌പി.ക്ക് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്.