അലിഗഢ്: ഞെട്ടിക്കുന്ന പീഡന വാർത്തകൾ തുടർക്കഥയാകുന്ന ഉത്തർപ്രദേശിൽനിന്ന് വീണ്ടും ദാരുണവാർത്ത. അലിഗഢ് ജില്ലയിലെ കിവാൽഷ് ഗ്രാമത്തിൽ പീഡനശ്രമത്തെ എതിർത്ത ദളിത് പെൺകുട്ടിയെ 17-കാരൻ ശ്വാസംമുട്ടിച്ച് കൊന്നു. സംസാരിക്കാൻ കഴിയാത്ത മാനസിക വെല്ലുവിളി നേരിടുന്ന 17 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ 17-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച നടന്ന സംഭവം കഴിഞ്ഞദിവസങ്ങളിലാണ് മാധ്യമങ്ങളിൽ വാർത്തയായത്. വയലിലെ ജോലിക്കാരനായ 17-കാരൻ ഫോണിൽ അശ്ലീല വീഡിയോ കാണുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടത്. തുടർന്ന് പെൺകുട്ടിയുടെ അടുത്തെത്തി ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു. സംസാരിക്കാൻ കഴിയാത്തതിനാൽ പെൺകുട്ടി ബഹളമുണ്ടാക്കില്ലെന്ന് പ്രതിക്കറിയാമായിരുന്നു. അതിക്രമം പെൺകുട്ടി ചെറുത്തതോടെ ഇരുവരും തമ്മിൽ പിടിവലിയായി. ഇതിനിടെയാണ് ഷാൾ കഴുത്തിൽ മുറുക്കി പെൺകുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം വയലിൽ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയും ചെയ്തു.

പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് വയലിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാർ പൊലീസിന് നേരേ കല്ലെറിഞ്ഞു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയാണ് നാട്ടുകാരെ ശാന്തരാക്കിയത്.

സംഭവത്തിൽ പ്രതിയായ 17-കാരനെ മണിക്കൂറുകൾക്കുള്ളിൽതന്നെ പൊലീസ് പിടികൂടി. പ്രതി കുറ്റംസമ്മതിച്ചതായും കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു. എട്ടാം ക്ലാസിൽ പഠനം നിർത്തിയ 17-കാരൻ ഏറെക്കാലമായി വയലിൽ ജോലിചെയ്തുവരികയായിരുന്നു. പ്രതിയുടെ മൊബൈൽ ഫോണിൽ നൂറിലേറെ അശ്ലീലവീഡിയോകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.