ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 52 കടന്നതായി റിപ്പോർട്ട്. 11 പേരെ കാണാതായിട്ടുണ്ട്. പല വിദൂര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാളിലാണ് കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രദേശത്ത് മാത്രമായി 28 പേർ മരിച്ചതായും നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.

സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വ്യോമ നിരീക്ഷണം നടത്തും. ഇതിനായി മന്ത്രി ഇന്നലെ രാത്രിയോടെ ഡെറാഡൂണിൽ എത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പ്രളയബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തുകയും സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിലയിരുത്തുകയും ചെയ്തിരുന്നു.

പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്തിയതായി ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) അറിയിച്ചു. ഇതുവരെ, രക്ഷാപ്രവർത്തകർ ഉധം സിങ് നഗർ, നൈനിറ്റാൾ എന്നിവിടങ്ങളിൽ നിന്ന് കുടുങ്ങിക്കിടക്കുന്ന 1,300 ലധികം ആളുകളെ ഒഴിപ്പിച്ചു. കനത്ത മഴയിലും മണ്ണിടിച്ചിലിലും സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലേയ്ക്കുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.

കുമയൂൺ മേഖലയിലെ ഭീംതാലിൽ ഒരു വീട് തകർന്ന് ഒരു കുട്ടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. മഴ തുടരുന്ന സാഹചര്യം രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമായി ബാധിച്ചതായി അധികൃതർ അറിയിച്ചു.