തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനങ്ങൾക്കെതിരെ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കടുത്ത ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. ഗവർണർക്ക് സ്ഥിരതയില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. 'ഇദ്ദേഹത്തിന് യാതൊരു സ്ഥിരതയുമില്ല. സർക്കാർ നിർബന്ധിച്ച സമയത്ത് സർക്കാരിന് വഴങ്ങി. കുറേനാൾ കഴിഞ്ഞപ്പോൾ സർക്കാരിന് എതിരായ നടപടി സ്വീകരിച്ചു. ഗവർണറാകുന്നതിന് മുൻപുള്ള പൂർവ്വാശ്രമത്തിലും, രാഷ്ട്രീയത്തിൽ ഒരു സ്ഥിരതയും ഉണ്ടാകാതിരുന്ന ആളാണ് അദ്ദേഹം. ഇതുപോലത്തെ സ്ഥാനത്തിരിക്കുന്ന ആളെക്കുറിച്ച് അത് പറയുന്നതിൽ വിഷമമുണ്ടെന്നും സതീശൻ വ്യക്തമാക്കി.

'പ്രസിഡന്റിന് ഡിലിറ്റ് നൽകാൻ അദ്ദേഹം പറഞ്ഞിട്ടുണ്ടോ? രാജ്ഭവനിൽ നിന്ന് വാർത്താ ചോർത്തിക്കൊടുത്താൽ പോരാ. ഭരണഘടന സ്ഥാനത്ത് ഇരിക്കുന്നവർ അതിന്റെ അന്തസ്സ് അനുസരിച്ച് പെരുമാറണം. ഡിലിറ്റ് വിവാദം ഉണ്ടാകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. എന്നാൽ പ്രസിഡന്റിന് ഡിലിറ്റ് നൽകണമെന്ന് വിസിയോട് താൻ ആവശ്യപ്പെട്ടു എന്ന് ഗവർണർ പറയുന്നില്ല. ഇത് പറയാതെ ഞങ്ങൾ എങ്ങനെ അറിയും? ഞങ്ങൾ പാഴൂർപടിപ്പുരയിൽ പോയി പ്രശ്നം വെച്ചു നോക്കണോ?' എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കണ്ണൂർ സർവകലാശാല വിസി നിയമന വിവാദത്തിൽ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് ഗവർണർ നേരത്തെ പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വി ഡി സതീശന്റെ പ്രതികരണം. വൈസ് ചാൻസിലറെ പുറത്താക്കാനോ രാജിവയ്ക്കാൻ പറയുകയൊ ചെയ്യാതെ ഗവർണർ നിയമപരമായി ചെയ്യേണ്ട കാര്യം ചെയ്യില്ല എന്ന് പറയുകയാണ്. അതിനെയാണ് താൻ വിമർശിച്ചത്. നിയമപരമായാണ് വിസിയൈ നിയമിച്ചതെന്ന് ഹൈക്കോടതിയിൽ അഫിഡവിറ്റ് കൊടുക്കുക. എന്നിട്ട് അതിന് വിരുദ്ധമായി വേറൊരു ദിവസം പ്രസംഗിക്കുക. ഞങ്ങളുടെ പ്രശ്നം, സർക്കാരിന്റെ തെറ്റായ നടപടികൾക്ക് ഗവർണർ കൂട്ടുനിൽക്കുന്നു എന്നതാണ്.- സതീശൻ പറഞ്ഞു.

കേരളത്തിലെ സർവകലാശാലകളെ സർക്കാർ രാഷ്ട്രീയവത്കരിക്കാൻ നോക്കുകയാണ്. ആ ശ്രമങ്ങൾക്ക് ഗവർണർ കുടപിടിച്ചു കൊടുക്കുകയാണ്. ഗവർണർക്ക് രാജാവിനെക്കാൾ വലിയ രാജഭക്തിയാണ്. ഭരണഘടനയിൽ ഗവർണർ വിമർശനത്തിന് അതീതനാണെന്ന് പറഞ്ഞിട്ടില്ല. തെറ്റുകൾ ആവർത്തിച്ചാൽ ഗവർണറെ വീണ്ടും വിമർശിക്കും.-അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർക്ക് എതിരെ കോടതിയിൽ പോകാൻ ആഹ്രമില്ല. ബിജെപി നേതാക്കൾ തനിക്കെതിരെ വിമർശനമുന്നയിച്ചു. അതേ വാചകങ്ങൾ ആവർത്തിക്കുകയാണ് ഗവർണർ. ബിജെപി നേതാക്കൾ എഴുതിക്കൊടുത്തത് വായിക്കുകയാണ് ഗവർണർ ചെയ്യുന്നതെന്നും സതീശൻ വിമർശിച്ചു.