തിരുവനന്തപുരം: വി.ഡി. സതീശനിലൂടെ തലമുറമാറ്റം എന്ന വിപ്ലവകരമായ തീരുമാനത്തിന് പച്ചക്കൊടി കാട്ടിയതിന് പിന്നാലെ കെപിസിസിയിലും അടിമുടി മാറ്റത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് ഒരുങ്ങുന്നു. വി.ഡി. സതീശൻ മാറ്റത്തിന്റെ ഒരു തുടക്കം മാത്രമാകും എന്നതാണ് സൂചന. കെ. സുധാകരൻ കെപിസിസി. പ്രസിഡന്റ് ആകുമെന്നാണ് അവസാനം ലഭിക്കുന്ന റിപ്പോർട്ടുകൾ.

മുതിർന്ന നേതാക്കളെ മാറ്റിനിർത്തി അണികളുടെയുൾപ്പെടെ തലമുറമാറ്റം എന്ന മുറവിളിക്ക് ഹൈക്കമാൻഡ് തല കുലുക്കിയപ്പോൾ ഈ മാറ്റം കെപിസിസി. പ്രസിഡന്റ് സ്ഥാനത്തിലേക്കും പ്രതിഫലിക്കും. സതീശനെ പ്രതിപക്ഷ നേതാവാക്കികൊണ്ടുള്ള തീരുമാനം മാറ്റത്തിന്റെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഒരു മാസത്തിനുള്ളിൽ കെപിസിസിയിൽ അഴിച്ചുപണിയുണ്ടാവുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

ജംബോ കമ്മിറ്റികൾ പിരിച്ചുവിട്ട് കെ. സുധാകരന്റെ നേതൃത്വത്തിൽ ഒരു ടീം കെപിസിസിയുടെ തലപ്പത്തേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, ഹൈബി ഈഡൻ, റോജി എം. ജോൺ, സി.ആർ. മഹേഷ്, ടി. സിദ്ദീഖ് എന്നിങ്ങനെ പോകുന്ന യുവനിരയായിരിക്കും വി.ഡി. സതീശനും സുധാകരനും ഒപ്പം കോൺഗ്രസിനെ ഇനി നയിക്കുക.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ നീക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. തെരഞ്ഞെടുപ്പു തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മുല്ലപ്പള്ളി സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിക്കാത്തതിൽ ഹൈക്കമാൻഡ് അതൃപ്തിയിലാണ്. ഇക്കാര്യത്തിൽ വ്യക്തമായ സന്ദേശം നേതൃത്വം മുല്ലപ്പള്ളിക്കു നൽകിയിട്ടുണ്ട്.

പരാജയത്തിൽ തനിക്കും ഉത്തരവാദിത്വമുണ്ടെന്നും സ്ഥാനമൊഴിയാൻ തയ്യാറെന്നും മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചതായാണ് അറിയുന്നത്. ഹൈക്കമാൻഡ് എടുക്കുന്ന ഏതു തീരുമാനവും ശിരസാ വഹിക്കുമെന്ന് മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്.

മുല്ലപ്പള്ളിയുടെ പിൻഗാമിയെ സംബന്ധിച്ച് നേതൃത്വത്തിൽ സജീവ ചർച്ച നടക്കുന്നുണ്ട്. ഒരു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലെത്തും. അതോടൊപ്പം പാർട്ടിയിൽ മറ്റു മാറ്റങ്ങളും ഉണ്ടാവുമെന്നാണ് സൂചന.

നിയമസഭയ്ക്ക് ഉള്ളിൽ ക്രിയാത്മക പ്രതിപക്ഷമായി കോൺഗ്രസിനെയും യുഡിഎഫിനെയും ചലിപ്പിക്കാൻ വി ഡി സതീശനിൽ പ്രതീക്ഷ അർപ്പിക്കുമ്പോൾ, അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വാധീനം തിരിച്ചുപിടിക്കാനാണ് നേതൃമാറ്റത്തിലൂടെ ലക്ഷമിടുന്നത്.

കണ്ണൂരിന്റെ തട്ടകത്തിൽ നിന്നും സംസ്ഥാന രാഷ്ട്രീയത്തിന്റെ നേതൃനിരയിലേക്ക് കെ സുധാകരനെ എത്തിച്ച് പാർട്ടിക്ക് കരുത്തേകാനാണ് ലക്ഷ്യമിടുന്നത്. നിശ്ചലമായി തുടരുന്ന ജംബോ കമ്മിറ്റികൾ പിരിച്ചുവിട്ട് ചലനാത്മകമായ യുവനിരയെ അണിനിരത്തി പുതിയ കമ്മറ്റികൾ രൂപീകരിക്കും.

അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി നേതൃമാറ്റം ചർച്ചാ വിഷയമായപ്പോൾ കെ സുധാകരന് വിലങ്ങുതടിയായ കെ സി വേണുഗോപാൽ ഇത്തവണയും മാർഗംമുടക്കിയാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

കെ.സുധാകരന് തടസം നിൽക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ജില്ലയിലെ കോൺഗ്രസ് നേതാക്കൾ സുധാകരന് അനുകൂലമായി നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

പാർട്ടി പ്രതിസന്ധി നേരിടുന്ന കാലത്ത് സുധാകരനെ പോലുള്ള ഒരു നേതാവ് തലപ്പത്ത് വരണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. സുധാകരനുമായി കെ.സി വേണുഗോപാൽ നേരത്തെയുണ്ടായ അഭിപ്രായ ഭിന്നതകൾ ചർച്ച ചെയ്തു പരിഹരിക്കണമെന്നാണ് ഇവരാവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ സുധാകരനെക്കാൾ അഭികാമ്യം ഷാഫി പറമ്പിലിനെ പോലുള്ള യുവ നേതാക്കൾ പാർട്ടിയുടെ യുവ നേതൃത്വത്തിലേക്ക് വരുന്നതാണെന്ന നിലപാടിലിലാണ് കെ.സി. വേണുഗോപാൽ.

ഷാഫി പറമ്പിൽ , ശബരിനാഥ്, പി.സി.വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് കെ.സി രാഹുൽ ഗാന്ധിയുടെ മുൻപിലേക്ക് വെച്ചതായാണ് സൂചന. മാത്രമല്ല കണ്ണൂർ ജില്ലയിൽ നിയമസഭാ തെഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ ക്ഷീണം സുധാകരന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന്റെ കാലുവാരലാണെന്ന വിമർശനം കെ.സി ഉയർത്തുന്നുണ്ട്.

കോൺഗ്രസിന്റെ ഉറച്ച സീറ്റുകളിലൊന്നായ കണ്ണൂർ മണ്ഡലത്തിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ പരാജയത്തിൽ ഉത്തരവാദിത്വം സംസ്ഥാന വർക്കിങ് പ്രസിഡന്റെന്ന നിലയിൽ സുധാകരനുണ്ടെന്നാണ് വേണുഗോപാലിന്റെ നിലപാട്. ഇതോടെ സുധാകരന് അനുകുലമായി കെ.സി വേണുഗോപാൽ മാറി ചിന്തിക്കുമോയെന്ന ആശയ കുഴപ്പം കണ്ണൂരിലെ നേതാക്കൾക്കുണ്ട്.

എന്നാൽ കണ്ണൂരിലെ പാർട്ടിയിൽ കെ.സി വേണു ഗോപാൽ വിഭാഗത്തിന് അർഹമായ പ്രാധാന്യം നൽകാമെന്ന ഓഫറാണ് ഇവർ മുൻപോട്ടു വയ്ക്കുന്നത്. പകരം കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് സുധാകരനെ പിൻ താങ്ങാൻ കെ.സി തയ്യാറാകണമെന്ന ഫോർമുലയാണ് കണ്ണൂരിൽ നിന്നും ഉയർന്നുവന്നിട്ടുള്ളത്.

വി.ഡി. സതീശൻ എന്ന കോൺഗ്രസിന്റെ യുവമുഖം പ്രതിപക്ഷ നേതാവാകുന്നതോടെ കോൺഗ്രസിൽ ചരിത്രം ആവർത്തിക്കപ്പെടുകയാണ്. 1970-കളിൽ ആന്റണി, വയലാർ രവി, ഉമ്മൻ ചാണ്ടി എന്നിങ്ങനെ അന്നത്തെ യുവനിര ഒന്നിച്ചുനിന്ന് തലമുറ മാറ്റത്തിനായി വാദിച്ചു. അന്നത്തെ മുതിർന്ന നേതാക്കളെ വെട്ടിമാറ്റി യുവത്വം കോൺഗ്രസിന്റെ നേതൃത്വം പിടിച്ചെടുക്കുകയും ചെയ്തു എന്നതാണ് ചരിത്രം. ആ ചരിത്രം സതീശനിലൂടെ ആവർത്തിക്കപ്പെടുന്നു.

ചെന്നിത്തല, ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന തലമുറയ്ക്ക് ഷോക്ക് നൽകികൊണ്ടാണ് ഹൈക്കമാന്റിന്റെ തീരുമാനം. ചെന്നിത്തലയ്ക്കായി മുതിർന്നവർ ശക്തമായി സമ്മർദ്ദം ചൊലുത്തിയപ്പോൾ ഒരു പടി കൂടി കടന്ന് സൈബർ ഇടങ്ങളെ കൂടി കൂട്ടുപിടിച്ച് രാഹുൽ ഗാന്ധിക്ക് നേരിട്ട് നിവേദനം നൽകിയായിരുന്ന യുവനേതൃത്വം സതീശനായി പടപൊരുതിയത്. എ.ഐ.സി.സി. ആസ്ഥാനത്തേക്ക് തലമുറമാറ്റത്തിനായി മുറവിളികൂട്ടുന്ന സന്ദേശങ്ങളുടെ കൂട്ടപ്രവാഹമായിരുന്നു.

കോൺഗ്രസിൽ ഏറെക്കുറെ ഒറ്റയാനാണ് സതീശൻ. ഒരിക്കൽ 'ഐ' ഗ്രൂപ്പിൽ രമേശ് ചെന്നിത്തലയുടെ വലംകൈയായിരുന്നു സതീശൻ. പിൻകാലത്ത് ഗ്രൂപ്പ് സമവാക്യങ്ങളിൽനിന്ന് സതീശൻ പുറത്തുകടന്നു. ആ സതീശനെയാണ് ഇന്ന് ചെന്നിത്തലയെ തള്ളി പ്രതിപക്ഷത്തെ നയിക്കാൻ ഹൈക്കമാന്റ് നിയോഗിച്ചിരിക്കുന്നത്. ഹരിത എംഎ‍ൽഎ. എന്ന നിലയിൽ പേരെടുത്ത സതീശൻ പാർട്ടിക്ക് അതീതമായി സൗഹൃദങ്ങൾ സൂക്ഷിക്കുന്നയാളാണ്. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർദ്ധിപ്പിച്ചുവരുന്നു. ഇതുവരെ അഴിമതിയോ ആരോപങ്ങളോ സതീശന്റെ പേരിൽ പുറത്തുവന്നിട്ടില്ല.

അങ്ങനെയൊരാൾ നേതൃത്വ സ്ഥാനത്തേക്ക് വരുന്നത് കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന ഘടകമാണ്.ഒരു തവണ പോലും മന്ത്രിയായിട്ടില്ലാത്ത ആളാണ് വി.ഡി. സതീശൻ. അങ്ങനെയൊരാളെ തന്നെ ഹൈക്കമാന്റ് ഉയർത്തികൊണ്ടുവരുമ്പോൾ സംസ്ഥാനത്തെ കോൺഗ്രസിൽ അടിമുടിമാറ്റം തന്നെ പ്രതീക്ഷിക്കാം. രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രകടനത്തിൽ ഹൈക്കമാന്റിന് മതിപ്പ് തന്നെയാണ്. അദ്ദേഹം ഉയർത്തിയ ആരോപണങ്ങൾ സർക്കാരിനെ പലപ്പോഴും പ്രതിരോധത്തിലാക്കിയെന്നും ഹൈക്കമാന്റ് സമ്മതിക്കുന്നുണ്ട്. കൂടാതെ മുതിർന്ന നേതാക്കൾ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ശക്തമായി രംഗത്തെത്തുകയും ചെയ്തു. പക്ഷേ ഗ്രൂപ്പ് രഹിത നേതൃത്വമെന്ന അണികളുടെയും യുവനേതൃത്വം എന്ന യുവ എംഎ‍ൽഎമാരുടെയും സമ്മർദ്ദത്തിന് ഹൈക്കമാന്റ് വഴങ്ങുകയായിരുന്നു.

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളുടെ ശക്തമായ എതിർപ്പു തള്ളിയാണ്, വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. അവസാന നിമിഷം വരെ എതിർപ്പുയർത്തിയ നേതാക്കളോട് ഈ തീരുമാനം അംഗീകരിച്ചേ പറ്റൂവെന്ന് മല്ലികാർജുൻ ഖാർഗെ അറിയിക്കുകയായിരുന്നു. കോൺഗ്രസ് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷത്തിന്റെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായം കണക്കിലെടുത്താണ് ഹൈക്കമാൻഡ് തീരുമാനം.