കൊച്ചി: ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി. ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. ഇബ്രാഹിംകുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് കോടതി ഉത്തരവ്. എൻഫോഴ്സ്മെന്റിനും വിജിലൻസിനും അന്വേഷണം തുടരാം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്ന പക്ഷം വിവരങ്ങൾ വിജിലൻസ് കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചു.

നോട്ടുനിരോധനക്കാലത്തുകൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വഴി 10 കോടിയുടെ കള്ളപ്പണം ഇബ്രാഹിംകുഞ്ഞ് പത്രത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പിന്നീട് ഈ പണം ഇബ്രാഹിംകുഞ്ഞ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് ഹൈക്കോടതിയിൽ വന്ന പരാതി. ഈ പണം പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ചതാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

അതിനാൽ വിജിലൻസ് ഇപ്പോൾ അന്വേഷിക്കുന്ന പാലാരിവട്ടം പാലം അഴിമതിയോടൊപ്പം കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയും അന്വേഷിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതി അന്വേഷണത്തിന് അനുമതി നൽകിയത്. ഹൈക്കോടതി നിർദേശപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ തന്നെ സ്വാധീനിക്കാൻ ഇബ്രാഹിം കുഞ്ഞ് ശ്രമിച്ചതായി ഹർജിക്കാരൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.