തിരുവനന്തപുരം: പി.സി.ചാക്കോയുടെ കോൺഗ്രസിൽ നിന്നുള്ള രാജിയിൽ വേദന തോന്നുന്നുവെന്ന് വി എം.സുധീരൻ. ചാക്കോയുടെ ആരോപണത്തെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും വല്ലാത്ത ദുഃഖമാണ് തോന്നുന്നതെന്നും വി എം സുധീരൻ പ്രതികരിച്ചു.

'പിസി ചാക്കോയുടെ ആരോപണത്തെ കുറിച്ചൊന്നും ഇപ്പോൾ പറയുന്നില്ല. വല്ലാത്ത ദുഃഖമാണ് തോന്നുന്നത്. കൂടുതലൊന്നും പറയുന്നില്ല.' വി എം സുധീരൻ പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് പിസി ചാക്കോ കോൺഗ്രസ് വിടുന്നതായി അറിയിച്ചത്. കേരളത്തിലെ കോൺഗ്രസിന്റെ അപചയമാണ് രാജിക്ക് കാരണമെന്ന് വ്യക്തമാക്കി കൊണ്ടാണ് പിസി പാർട്ടി ബന്ധം ഉപേക്ഷിച്ചത്. അതേസമയം കോൺഗ്രസിനെ സംബന്ധിച്ച് പിസി മുതൽകൂട്ടായിരുന്നുവെന്നായിരുന്നു ഹൈബി ഈഡൻ എംപിയുടെ പ്രതികരണം. അദ്ദേഹത്തിന് കേന്ദ്ര നേതൃത്വം നിരവധി അവസരങ്ങൾ നൽകിയിരുന്നുവെന്നും പാർട്ടി വിടാനുള്ള തീരുമാനം മികച്ചതായി തോന്നുന്നില്ലെന്നും ഹൈബി ഈഡൻ എഎൻഐയോട് പ്രതികരിച്ചത്.

'മുതിർന്ന നേതാവായ പിസി ചാക്കോയ്ക്ക കോൺഗ്രസ് കേന്ദ്ര നേതൃത്വം മികച്ച അവസരങ്ങൾ നൽകിയിരുന്നു. കോൺഗ്രസിന്റെ വിലപ്പെട്ട സമ്പാദ്യമായിരുന്നു അദ്ദേഹം. കോൺഗ്രസ് നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമൂഖീകരിക്കുന്ന സാഹചര്യത്തിൽ രാജി ഒരു മികച്ച തീരുമാനമായി കരുതുന്നില്ല.' എന്നായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം.

രാജി അറിയിച്ചുകൊണ്ടുള്ള പിസി ചാക്കോയുടെ പ്രതികരണം ഇങ്ങനെ:

കേരളത്തിന്റെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അപചയമാണ് പാർട്ടി വിടാൻ കാരണം. ദീർഘകാലമായി കോൺഗ്രസിന്റെ പരാജയങ്ങൾക്ക് പരിഹാരമുണ്ടാവാൻ വേണ്ടി പ്രവർത്തിച്ചയാളാണ് ഞാൻ. ഗ്രൂപ്പുകൾക്ക് അധീതമായി പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടി പ്രവർത്തിച്ചയാളാണ് ഞാൻ. നിർഭാഗ്യവശാൽ കോൺഗ്രസ് പാർട്ടി ഇന്ന് കേരളത്തിലില്ല. രണ്ട് പാർട്ടികളുള്ള ഏകോപനമാണ്. മുഴുവൻ സീറ്റുകളും ഒന്ന് ഐയുടേയോ എയുടെയോ സീറ്റുകളാണ്. ഐയുടെ സീറ്റിൽ അവരുടെ ആളുകളും എയുടെ സീറ്റിൽ അവരുടെ ആളുകളും മത്സരിക്കുന്നു.

കോൺഗ്രസിന്റെ നടപടി ക്രമം അനുസരിച്ച് പ്രദേശ് ഇലക്ഷൻ കമ്മിറ്റിയിൽ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് വെക്കണം. അത് ചർച്ച നടത്തി സ്‌ക്രീനിങ് കമ്മിറ്റിക്ക് അയക്കും. എന്നാൽ ഇത്തവണ പേരുകളെല്ലാം ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും മനസിലാണ്. പ്രദേശ് ഇലക്ഷൻ കമ്മിറ്റിയുടെ ലിസ്റ്റ് വെക്കാതെയാണ് സ്‌ക്രീനിങ് കമ്മിറ്റിയിൽ ചർച്ചകൾ നടക്കുന്നത്.

വി എം സുധീരനും ഞാനുമെല്ലാം നിരന്തരം ഇതിനെകുറിച്ച് ഹെക്കമാന്റിനോട് പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനെ നിരുത്സാഹപ്പെടുത്താനുള്ള നടപടികൾ ഉണ്ടായിട്ടില്ല. ഒരു ജനാധിപത്യ വിരുദ്ധമായ പ്രവർത്തനം ഒരു പാർട്ടിയിലും ഉണ്ടായിട്ടില്ല. വിജയസാധ്യത മാനദണ്ഡമാക്കി വെക്കുന്നതിന് പകരം ഗ്രൂപ്പുകൾ സീറ്റുകൾ വീതിച്ചെടുക്കുന്ന നിർഭാഗ്യകരമായ ഒരു സാഹചര്യത്തിനാണ് ഹൈക്കമാന്റ് അംഗീകാരം കൊടുക്കുന്നത്. ഈ സാഹചര്യത്തിലാണ് രാജി. വ്യക്തിപരമായ ഒരു പരാതിയുടേയും അടിസ്ഥാനത്തിലല്ല. ഗ്രൂപ്പുകൾക്ക് അധീതമായി നിന്ന് പ്രവർത്തിക്കുന്നവരെ പ്രൊട്ടക്റ്റ് ചെയ്യണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടു. എന്നാൽ കേരളത്തിൽ കോൺഗ്രസുകാരനായി ഇരിക്കാൻ കഴിയാതെ ഗ്രൂപ്പുകാരനായി നിൽക്കേണ്ട അവസ്ഥയാണ്. ഒരു കോൺഗ്രസുകാരനായി കേരളത്തിലിരിക്കുകയെന്നത് അസാധ്യമാണ്.