തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസ്യതയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ആവശ്യം. സമൂഹത്തിൽ പലതലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോൻസൺ തികച്ചും അസാധാരണനായ കുറ്റവാളിയാണ്.

സംസ്ഥാന പൊലീസിലെ തലപ്പത്തുള്ളവരുൾപ്പടെ ഉന്നത ഓഫീസർമാരുമായി വഴിവിട്ട ഇടപാടുകളാണ് മോൻസണുള്ളതെന്ന് വ്യക്തമാണെന്നും സുധീരൻ കത്തിൽ പറയുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ചുമതലയുള്ള ആഭ്യന്തര വകുപ്പിന് വീഴ്‌ച്ച വന്നിട്ടുണ്ടെന്നും വി എം സുധീരൻ ചൂണ്ടികാട്ടി. ഡിജിപി തലത്തിൽ പ്രവർത്തിച്ചിട്ടുള്ള ഉന്നതരുൾപ്പടെ പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി നിയമത്തിനു നിരക്കാത്ത ബന്ധങ്ങൾ മോൻസൺ നിർബാധം തുടർന്നിട്ടും അതൊന്നും സംസ്ഥാന ആഭ്യന്തരവകുപ്പ് അറിയാതെ പോയത് ഗുരുതരമായ വീഴ്ചയാണെന്നാണ് കത്തിൽ സുധീരൻ ചൂണ്ടിക്കാട്ടി.

മോൻസൺ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി എം സുധീരൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് വി എം സുധീരൻ ഫേസ്‌ബുക്കിൽ കുറിച്ചതിങ്ങനെ.

'വൻ തട്ടിപ്പുവീരൻ മോൻസൺ മാവുങ്കലിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സിബിഐ.അന്വേഷണം അനിവാര്യമാണ്. സമൂഹത്തിൽ പല തലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോൻസൺ തികച്ചും അസാധാരണനായ കുറ്റവാളിയാണ്. പൊലീസിലെ അത്യുന്നത ഉദ്യോഗസ്ഥരുമായി ബന്ധമുള്ള മോൻസന്റെ പേരിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് തലത്തിലുള്ള അന്വേഷണം അപര്യാപ്തമാണ്. മോൻസനെതിരായ പ്രഥമ വിവര റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഒളിപ്പിച്ചതായി മാധ്യമ റിപ്പോർട്ട് വന്നിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആർ. പൊതുരേഖയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ടാണിത്. അതുകൊണ്ട് വിപുലതലങ്ങളുള്ള ഈ കേസ് സിബിഐ.തന്നെ അന്വേഷിക്കണം.'