തിരുവനന്തപുരം; രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ട് തന്നെ നിരസിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യസഹ മന്ത്രി വി.മുരളീധരൻ. മുൻകരുതലുകളോടെയാണ് ചടങ്ങ് നടത്തുന്നത് എന്ന വാദം നിലനിൽക്കുന്നതല്ല.
വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും മുൻകരുതലുകളെടുക്കാൻ ജനം തയാറാണെങ്കിലും അത് അനുവദിക്കുന്നില്ല.സർക്കാരിനും ഭരണകക്ഷിക്കും എന്തുമാവാം എന്ന നില വരുന്നത് കോവിഡ് പോരാട്ടത്തിന്റെ ഗൗരവം കുറയ്ക്കും.സത്യപ്രതിജ്ഞാദിവസവും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം ചെലവിടാനാണ് തന്റെ തീരുമാനമെന്നും മുരളീധരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മുരളീധരന്റെ പോസ്റ്റ്:

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ടു തന്നെ നിരസിക്കുകയാണ്...കോവിഡ് മഹാമാരി പടർന്നുപിടിക്കുന്ന സംസ്ഥാനത്ത് അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ് അഭികാമ്യമല്ലെന്ന നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു....'ക്രഷ് ദ കർവ് '(crush the curve) എന്നതാണ് ലക്ഷ്യമെന്ന് പറയുന്ന സർക്കാർ തന്നെ 'സ്‌കെയിൽ ദ കർവ്' (scale the curve )എന്നതിലേക്ക് കാര്യങ്ങളെത്തിക്കരുത്...മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളോട് സഹകരിക്കുന്ന ജനങ്ങളാണ് കേരളത്തിലേത്...

ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണുമെല്ലാമുണ്ടാക്കുന്ന പ്രയാസങ്ങളെ അവർ സഹിക്കുന്നത് പൊതുനന്മയെക്കരുതിയാണ്..ആ പൊതുബോധത്തെ ദുർബലപ്പെടുന്ന സമീപനം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്നുണ്ടാവുന്നത് ഖേദകരമാണ്.

മുൻകരുതലുകളോടെയാണ് ചടങ്ങ് നടത്തുന്നത് എന്ന വാദം നിലനിൽക്കുന്നതല്ല. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും മുൻകരുതലുകളെടുക്കാൻ ജനം തയാറാണെങ്കിലും അത് അനുവദിക്കുന്നില്ലല്ലോ....?സർക്കാരിനും ഭരണകക്ഷിക്കും എന്തുമാവാം എന്ന നിലവരുന്നത് കോവിഡ് പോരാട്ടത്തിന്റെ ഗൗരവം കുറയ്ക്കും...

മഹാമാരിക്കാലത്ത് പ്രകൃതിക്ഷോഭവും നേരിട്ട തിരുവനന്തപുരത്ത തീരദേശ ജനതയുടെ ദുരന്തം ഇന്ന് നേരിൽമനസിലാക്കി...ഉടുതുണിക്ക് മറുതുണിയില്ലാത്ത ഈ പാവങ്ങളുടെ കൂടി പണമെടുത്താണ് സത്യപ്രതിജ്ഞക്കുള്ള പന്തലിടുന്നതെന്ന് മറക്കരുത്..സത്യപ്രതിജ്ഞാദിവസവും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം ചെലവിടാനാണ് എന്റെ തീരുമാനം..
പുതിയ സർക്കാരിന് എല്ലാ ഭാവുകങ്ങളും നേരുന്നു...അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത അഞ്ചുവർഷം കേരളത്തിന് നൽകാൻ മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും കഴിയട്ടെ ........
ഭരണതലത്തിൽ കേന്ദ്രസർക്കാരിന്റെ പൂർണപിന്തുണ മുമ്പത്തേതുപോലെ ഈ സർക്കാരിനുമുണ്ടാവുമെന്ന് ഉറപ്പ് നൽകുന്നു.........