ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിലെ സംസ്ഥാന സർക്കാരിന്റെ പാളിച്ചകൾ ചൂണ്ടിക്കാണിക്കുന്നത് മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനമായി കാണേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. തന്റെ വിമർശനങ്ങൾ മുഖ്യമന്ത്രിക്കെതിരെയല്ല. അത് വ്യക്തിപരമായോ രാഷ്ട്രീയപരമായോ ഉള്ളവിമർശനമല്ല. ജനപക്ഷത്തുനിന്നുള്ള ഇടപെടലാണെന്നും വി മുരളീധരൻ പറഞ്ഞു.

കോവിഡ് പോരായ്മകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് നിശബ്ദമാണ്. ആ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി എന്നതിലപ്പുറം ബിജെപി നേതാവ് എന്ന നിലയിൽ ഇടപെടുന്നതെന്ന് മുരളീധരൻ പറഞ്ഞു. കോവിഡിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനങ്ങളിൽ അദ്ദേഹം പറയുന്നത് രാഷ്ട്രീയമാണ്.അതിന് രാഷ്ട്രീയമായി മറുപടി പറഞ്ഞാൽ അത് മുഖ്യമന്ത്രിക്കെതിരെ എന്നാക്കിയാണ് വാർത്ത വരുന്നത്. മുഖ്യമന്ത്രിയുടെ പോരായ്മ ചൂണ്ടിക്കാണിക്കുകയെന്നത്് പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ ചുമതലയാണെന്നും മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയിരുന്ന ചില ജനവിഭാഗങ്ങളുടെ പിന്തുണ ഉണ്ടാവാത്തതാണ് ബിജെപിയുടെ തോൽവിക്ക് ഒരു കാരണമായത്. തെരഞ്ഞടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ മൂന്നിടത്തും പ്രതിസന്ധി ഘട്ടത്തിൽ നിലവിലെ സർക്കാരിനൊപ്പം നിൽക്കാൻ ജനങ്ങൾ തീരുമാനിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ ഇടപെടൽപോലും സംസ്ഥാന സർക്കാരിന്റെ നേട്ടമാക്കുന്നതിൽ ഇവർ വിജയിച്ചു. ഇത് ജനങ്ങളിൽ എത്തിക്കുന്നതിൽ ബിജെപി പ്രവർത്തകർ പരാജയപ്പെട്ടതും തോൽവിക്ക് കാരണമായെന്ന് വി മുരളീധരൻ പറഞ്ഞു.