ന്യൂഡൽഹി: കേന്ദ്രം അടിയന്തര വിതരണാനുമതി നൽകിയ കോവാക്‌സിനെതിരെ രംഗത്തെത്തിയ ശശി തരൂർ എംപിയെ വിമർശിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. തരൂർ എന്തിനാണ് വാക്‌സിന് തടസം നിൽക്കുന്നതെന്ന് മുരളീധരൻ ചോദിച്ചു. നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് വാക്‌സിന് അനുമതി ലഭിച്ചതെന്നും മുരളീധരൻ പറഞ്ഞു.

ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ അതിന് അനുമതി നൽകുന്നത് അപക്വവും അപകടകരവുമായ നടപടിയാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഇക്കാര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ വിശദീകരണം തരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഉപാധികളോടെയാണ് കോവിഷീൽഡിനും കോവാക്സിനും കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഡ്രഗ്‌സ് കൺട്രോളറാണ് ഇക്കാര്യം അറിയിച്ചത്.രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി കോവിഷീൽഡ് വാക്സിന് അനുമതി നൽകിയേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി അനുമതിക്ക് ശുപാർശ നൽകിയിരുന്നു.