തിരുവനന്തപുരം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ വിജയമാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി വി മുരളീധരൻ. ബിജെപിയും ഹൈന്ദവ സംഘടനകളും സ്വീകരിച്ച നിലപാടാണ് ശരിയെന്ന് സർക്കാരിന് ഒടുവിൽ അംഗീകരിക്കേണ്ടി വന്നിരിക്കുന്നു.

ശബരിമലയിൽ നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന ധാർഷ്ട്യം സ്വീകരിച്ചിരുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനും സി പി എമ്മിനും വിശ്വാസികളുടെ ഇച്ഛാശക്തിക്കും പോരാട്ടത്തിനും മുന്നിൽ മുട്ട് മടക്കേണ്ടി വന്നുവെന്നും മുരളീധരൻ ഫേസ്‌ബുക്കിൽ കുറിപ്പിൽ പറയുന്നു.

മുരളീധരന്റെ കുറിപ്പ്

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ വിജയമാണ്. ബിജെപിയും ഹൈന്ദവ സംഘടനകളും സ്വീകരിച്ച നിലപാടാണ് ശരിയെന്ന് സർക്കാരിന് ഒടുവിൽ അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. ശബരിമലയിൽ നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന ധാർഷ്ട്യം സ്വീകരിച്ചിരുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനും സി പി എമ്മിനും വിശ്വാസികളുടെ ഇച്ഛാശക്തിക്കും പോരാട്ടത്തിനും മുന്നിൽ മുട്ട് മടക്കേണ്ടി വന്നു.

സർക്കാർ നിലപാട് ആത്മാർത്ഥമാണെങ്കിൽ വിശ്വാസികൾക്കെതിരെ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണം. ശബരിമലയിൽ ആചാര ലംഘനത്തിന് കൂട്ടു നിന്നത് കമ്മ്യൂണിസ്റ്റ് സർക്കാരാണ്. ഇതിനെതിരെ പ്രതിഷേധിച്ച വിശ്വാസികൾക്കെതിരെ നടത്തിയ അതിക്രമങ്ങൾക്ക് ഹൈന്ദവ സമൂഹത്തോട് പരസ്യമായി മാപ്പു പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ സന്നദ്ധനാകണം