തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് പോസറ്റീവായതും തുടർന്നുണ്ടായ വിവിധ ചർച്ചകളുടെയും പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ നടത്തിയ പ്രയോഗത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ 'കോവിഡിയറ്റ്' എന്ന തരത്തിലായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ പരാമർശം. പരാമർശത്തിനെതിരെപ്രമുഖ നേതാക്കൾ അടക്കം രൂക്ഷവിമർശനവുമായി രംഗത്തെത്തി.

കേന്ദ്രമന്ത്രി നടത്തിയ പരാമർശം ഞെട്ടിക്കുന്നതാണെന്നായിരുന്നു പ്രമുഖ കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പ്രതികരണം.ട്വിറ്ററിൽ കൂടിയായിരുന്നു പ്രതികരണം.
അസ്വീകാര്യമായ ഈ പരാമർശം നടത്തിയ മന്ത്രിയെ ശാസിക്കാൻ ബിജെപി നേതൃത്വത്തിൽ ആരുമില്ലേ എന്നും ചിദംബരം ട്വിറ്ററിൽ ചോദിച്ചു.ചിദംബരത്തിന്റെ അഭിപ്രായത്തെ പിന്തുണച്ചും മുരളീധരനെ അപലപിച്ചും ഒട്ടേറെപ്പേർ ഈ ട്വീറ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തി.

പ്രമുഖ നടൻ കമലാഹസനും മുരളീധരനെതിരെ പരാമർശവുമായി രംഗത്ത് വന്നു.'' നികൃഷ്ടനായ പ്രധാനമന്ത്രിയെ പിന്തുടരുന്ന നികൃഷ്ടരായ മന്ത്രിമാരോ അതോ നികൃഷ്ടരായ മന്ത്രിമാരെ പിന്തുടരുന്ന പ്രധാനമന്ത്രിയോ ?...അവർ അനുഭവിക്കാതിരിക്കില്ല '-എന്നാണു പ്രമുഖ നടൻ കമൽഹാസൻ പ്രതികരിച്ചത്.