ന്യൂഡൽഹി: കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രന് ആശംസകൾ നേർന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കഴക്കൂട്ടത്ത് വിജയം നേടാൻ യോഗ്യയായ സ്ഥാനാർത്ഥിയാണ് ശോഭാ സുരേന്ദ്രനെന്ന് മുരളീധരൻ പറഞ്ഞു. കഴക്കൂട്ടത്ത് മാത്രമല്ല. 140 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിലും കേന്ദ്ര ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്റെ എല്ലാ കഴിവും ഉപയോഗിച്ചുകൊണ്ട് ശോഭാ സുരേന്ദ്രനെ നിയസഭയിലെത്തിക്കാനുള്ള ശ്രമം നടത്തും, ഇന്ന് രാവിലെ വിളിച്ചപ്പോൾ ശോഭയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.

'കഴക്കൂട്ടത്ത് ഞാൻ കഴിഞ്ഞ തവണ ഏഴായിരം വോട്ടിനാണ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ആ ഏഴായിരം വോട്ടിന്റെ വിടവ് നികത്തി വിജയിക്കാൻ കഴിയുന്ന ഒരു സ്ഥാനാർത്ഥി വരണമെന്നാണ് ഞാനുൾപ്പടെയുള്ളവർക്കുള്ളത്. ശോഭാ സുരേന്ദ്രൻ അതിന് അനുയോജ്യമായ സ്ഥാനാർത്ഥിയാണ്. ഞാനവരെ വിളിച്ച് എല്ലാ ആശംസകളും നേർന്നു' മുരളധീരൻ പറഞ്ഞു.

കഴക്കൂട്ടത്ത് മാത്രമല്ല. 140 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിലും കേന്ദ്ര ഇടപെടൽ ഉണ്ടായിട്ടുണ്ട്. കഴക്കൂട്ടത്ത് പാർട്ടി തീരുമാനിച്ചാൽ ഞാൻ മത്സരിക്കുമെന്ന് മാത്രമാണ് പറഞ്ഞത്. കഴക്കൂട്ടത്ത് ഒരു സസ്പെൻസ് സ്ഥാനാർത്ഥി വരുമെന്ന് എം ടി.രമേശ് പറഞ്ഞത് എന്തർത്ഥത്തിലാണെന്ന് തനിക്കറിയില്ലെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ശോഭ സുരേന്ദ്രൻ കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയാകുന്നത്. മറ്റിടങ്ങളിലെ സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചപ്പോൾ കഴക്കൂട്ടം ഒഴിച്ചിട്ടിരുന്നു. ശോഭയുടെ സ്ഥാനാർത്ഥിത്വത്തെ സംസ്ഥാന നേതൃത്വം എതിർത്തിരുന്നെന്നാണു റിപ്പോർട്ട്. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലോടെയാണ് അന്തിമ തീരുമാനമുണ്ടായത്. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ നിർബന്ധിച്ചെങ്കിലും ഒഴിഞ്ഞു മാറിയതോടെയാണ് ശോഭയെ തന്നെ വീണ്ടും സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്.

ആർഎസ്എസ് നേതൃത്വവും ശോഭയ്ക്കാണു വിജയ സാധ്യതയെന്നു ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ശോഭയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടു സംഘടനയ്ക്കകത്ത് ആഭ്യന്തര പ്രശ്‌നം രൂക്ഷമായി. വിജയസാധ്യത ഇല്ലാത്ത മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കി ഒതുക്കാമെന്ന നിലപാടാണു സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റേതെന്നാണു ശോഭ പക്ഷത്തിന്റെ ആരോപണം. കേന്ദ്രമന്ത്രി വി.മുരളീധരനും സുരേന്ദ്രനെ വിളിച്ചു ശാസിച്ചതോടെയാണ് കേന്ദ്രനേതൃത്വം തീരുമാനിക്കട്ടെ എന്ന നിലപാടിലേക്കു മാറിയതെന്നും ശോഭ പക്ഷത്തെ നേതാക്കൾ പറഞ്ഞു.