തിരുവനന്തപുരം മുൻ മുഖ്യമന്ത്രിയും ജനനായകനുമായ വി എസ്. അച്യുതാനന്ദന് ബുധനാഴ്ച 98 പൂർത്തിയാകും.കോവിഡ് വ്യാപനവും പ്രായാധിക്യവും കാരണം രണ്ടുവർഷമായി രാഷ്ട്രീയത്തിൽ സജീവമല്ലാത്ത അദ്ദേഹം ഒന്നിലും അഭിപ്രായം പറയുന്നില്ലെങ്കിലും തന്റെ പതിവുകളായ പത്രവായനയും ടി വി വാർത്ത കാണലും ഇപ്പോഴും തുടരുന്നുണ്ട്.

തിരുവനന്തപുരത്ത് ബാർട്ടൺഹില്ലിൽ മകൻ വി.എ. അരുൺകുമാറിന്റെ വസതിയിൽ വിശ്രമത്തിലാണ്. പക്ഷാഘാതമുണ്ടായതിനാൽ എഴുന്നേറ്റുനടക്കാൻ മറ്റൊരാളുടെ സഹായം വേണം. ദിവസവും പത്രങ്ങൾ വായിച്ചുകേൾക്കും. പറ്റാവുന്ന ഘട്ടങ്ങളിലിരുന്ന് ടി.വി. കാണും.ഇങ്ങനെയൊക്കെയാണ് ഇപ്പോൾ വി എസിന്റെ ഒരു ദിനം.

2019 ഒക്ടോബറിൽ പുന്നപ്രവയലാർ വാർഷികച്ചടങ്ങുകളിൽ പങ്കെടുത്തു തലസ്ഥാനത്തു മടങ്ങിയെത്തിയ വിഎസിനെ പിറ്റേന്നു തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകാതെ ആശുപത്രി വിട്ടെങ്കിലും ഡോക്ടർമാർ അദ്ദേഹത്തിനു വിശ്രമം നിർദേശിച്ചു. കോവിഡ് വ്യാപനം കൂടിയായതോടെ സന്ദർശകർക്കും നിയന്ത്രണമുണ്ടായി.

ആശുപത്രി വിട്ട ശേഷമുള്ള ദിവസങ്ങളിൽ കിടക്കയിൽ തന്നെ ആയിരുന്ന വി എസ് പിന്നീട് ഒരു പരിധി വരെ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തി. വീട്ടിനകത്തു നീങ്ങുന്നതു കൂടുതലും വീൽ ചെയറിൽ തന്നെയാണ്. പഴയ സഹപ്രവർത്തകരും സുഹൃത്തുക്കളും പാർട്ടി സഖാക്കളുമെല്ലാം വീട്ടിൽ വിളിച്ചു സ്‌നേഹാന്വേഷണങ്ങൾ നടത്താറുണ്ട്. കേക്കിന്റെയും പായസത്തിന്റെയും പ്രിയപ്പെട്ടവരുടെ ആശംസകളുടെയും മധുരം ഇന്ന് 'വേലിക്കകത്ത്' വീടിൽ നിറയും.

കേരളം വീണ്ടും പ്രളയ ഭീഷണിയിലായതിന്റെ വാർത്തകൾ അദ്ദേഹത്തെ അസ്വസ്ഥനാക്കിയെന്നു മകൻ വി.എ.അരുൺ കുമാർ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ ശക്തനായ വക്താവായിരുന്നു വി എസ്. ഗാഡ്ഗിലിന്റെ നിർദേശങ്ങൾ അദ്ദേഹം ഈ ദിവസങ്ങളിൽ ഓർമിച്ചെന്നും അരുൺ പറഞ്ഞു.ഒന്നാം പിണറായി സർക്കാരിൽ ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയിൽ ആ പദവി രാജിവച്ചിരുന്നു.