തിരുവനന്തപുരം: എൻ.ഐ.എ ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മന്ത്രി കെടി ജലീലിനെ പരിഹസിച്ച് വി. ടി ബൽറാം എംഎ‍ൽഎ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എൻ.ഐ.എയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് പരിഹാസവുമായി ജലീലിനെതിരെ പരിഹാസവുമായി വിടി ബൽറാം രംഗത്തെത്തിയത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം വിമർശനം ഉന്നയിച്ചത്.

'സ്ഥിരമായി ഓരോരോ ഓഫീസുകളിൽ കൊച്ചുവെളുപ്പാൻ കാലത്ത് 'വിശദീകരണം നൽകാൻ' പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ?,' വിടി ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു. എന്റെ വക 25 എന്ന ഹാഷ് ടാഗോടുകൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് മന്ത്രി കെ. ടി ജലീൽ ചോദ്യം ചെയ്യലിനായി എൻ.ഐ.എ ഓഫീസിലെത്തിയത്. സ്വകാര്യ കാറിലാണ് ജലീൽ എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എൻ.ഐ.എ ഓഫീസിൽ എത്തിയത്. സ്വർണം അല്ലെങ്കിൽ ഏതെങ്കിലും ഹവാല ഇടപാടുകൾ മതഗ്രന്ഥത്തിന്റ മറവിൽ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. നേരത്തെ തന്നെ മന്ത്രിയുടെ മൊഴി എൻ.ഐ.എ രേഖപ്പെടുത്തുമെന്ന സൂചന ഉണ്ടായിരുന്നു.

മന്ത്രി ജലീലിനോട് കോൺസുൽ ജനറലാണ് മതഗ്രന്ഥങ്ങൾ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കോൺസുൽ ജനറൽ അടക്കം ഉള്ളവർക്ക് കള്ളക്കടത്ത് ഇടപാടിൽ പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജൻസികൾ. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെയും എൻ.ഐ.എ ചോദ്യം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ മറ്റ് പ്രതികളെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിൽ മന്ത്രിക്കെതിരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. മന്ത്രിയുടെ മൊഴിയെടുത്ത ഘട്ടത്തിലും ഇതുസംബന്ധിച്ച അറിവുണ്ടായിട്ടില്ലെന്ന നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്.