തിരുവല്ല: മാരകായുധങ്ങൾ കാട്ടി രാത്രികാല യാത്രികരിൽനിന്നും പണവും സ്വർണവും വാഹനവുമടക്കം കവരുന്നത് പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് അറസ്റ്റിൽ. തിരുവല്ലയിൽ എത്തിച്ചാണ് തെളിവെടുപ്പു നടത്തിയത്. കാവുംഭാഗം അമ്പിളി ജങ്ഷൻ, ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപം, കുറ്റപ്പുഴ എന്നിവിടങ്ങളിൽ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.

തിരുവനന്തപുരം സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന എടത്വ സ്വദേശി വിനീതിനെ കസ്റ്റഡിയിൽ വാങ്ങിയ തിരുവല്ല പൊലീസ് വെള്ളിയാഴ്ച രാവിലെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. ഡിസംബർ 17ന് പുലർച്ച 3.30നും 4.15നുമാണ് വിനീത് മതിൽഭാഗത്തും അമ്പിളി ജങ്ഷന് സമീപത്തുമായി ആദ്യ ആക്രമണങ്ങൾ നടത്തിയത്. പ്രഭാത സവാരിക്കാരായ റിട്ട. എസ്‌ഐ രാജൻ, പെരിങ്ങര സ്വദേശി മുരളീധരക്കുറുപ്പ് എന്നിവരാണ് വിനീതിന്റെ ആക്രമണത്തിന് ഇരയായത്.

കൊല്ലം പാരിപ്പള്ളിയിൽനിന്നും മോഷ്ടിച്ച മാരുതി ഒമ്‌നി വാനിൽ കാമുകി ഷിൻസിക്കൊപ്പം എത്തിയ വിനീത് രാജനെയും മുരളീധരക്കുറുപ്പിനെയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി സ്വർണമാല തട്ടാൻ ശ്രമിക്കുകയായിരുന്നു. രണ്ട് സംഭവങ്ങളിലും നാട്ടുകാരുടെ പിടിയിൽനിന്ന് വിനീതും കാമുകിയും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് ജനുവരി 11ന് പുലർച്ച നാലിന് ബൈക്കിൽ എത്തിയ വിനീത് കുറ്റപ്പുഴയിൽ മത്സ്യവ്യാപാരിയെ ഭീഷണിപ്പെടുത്തി 5000 രൂപ കവർന്നത്.