ചെന്നൈ: കാതൽ റോജാവേ.. എങ്കേ നീയെങ്കേ.. എ ആർ റഹ്മാന്റെ സംഗീതത്തിൽ ലോകത്തെ വിസ്മയിപ്പിച്ച പാട്ടായിരുന്നു റോജ സിനിമയിലേത്. ഈ സിനിമയിലെ വരികൾക്ക് പിന്നിൽ കുറിച്ചത് വൈരമുത്തു രാമസ്വാമി എന്ന സാഹിത്യകാരന്റെ പേരാണ്. റോജയിലേത് അടക്കം തെന്നിന്ത്യൻ സംഗീത ലോകത്ത് സാഹിത്യരചനകൾ കൊണ്ട് നിറഞ്ഞു നിന്ന ജീവിതമായിരുന്നു വൈരമുത്തുവിന്റേത്. കഴിഞ്ഞ ആഴ്‌ച്ച വൈരമുത്തുവിന്റെ പേര് മലയാളക്കരയിലും സജീവ ചർച്ചകൾക്ക് ഇടയാക്കി. ഒഎൻവി പുരസ്‌ക്കാരം വൈരമുത്തുവിന് സമ്മാനിച്ചതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. അദ്ദേഹത്തിന് സാഹിത്യ രചനകൾക്ക് നൽകിയ പുരസ്‌ക്കാരം എന്നാൽ വിവാദങ്ങളിൽ പെട്ടത് മീടൂ ആരോപണ വിധേയനായ ഒരാൾക്ക് പുരസ്‌ക്കാരം സമ്മാനിച്ചു എന്നതിന്റെ പേരിലായിരുന്നു. വനിതാ സിനിമാ പ്രവർത്തകർ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പുരസ്‌ക്കാര നിർണയം മരവിപ്പിക്കുകയും ചെയ്തു.

സിനിമാ ഗാനരചനയുടെ നിറുകയിൽ നിൽക്കുന്ന വേളയിലാണ് വൈരമുത്തുവിനെതിെ മീടൂ ആരോപണങ്ങൾ എ്ത്തിയത്. രണ്ട് വർഷം മുമ്പ് ഉയർന്ന മീ ടൂ ആരോപണങ്ങൾ ഇപ്പോഴും അദ്ദേഹത്തിന്റെ കലാജീവിതത്തെ ബാധിക്കുകയാണ്. ആദ്യം ഗായിക ചിന്മയി ശ്രീപദ. പിന്നെ, ഒന്നിനു പിന്നാലെ ഒന്നായി 17 പരാതികളാണ് ഉയർനന്ത്. ഈ ആരോപണങ്ങളാണ് കേരളത്തിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ഒഎൻവി പുരസ്‌കാരവും വൈരമുത്തുവിൽ നിന്നും അകറ്റിയത്.

2018-ലാണു വൈരമുത്തുവിനെതിരെ ഗായികയും അവതരാകയുമായ ചിന്മയി ശ്രീപദ മീടൂ ആരോപണം ഉന്നയിക്കുന്നത്. വർഷങ്ങൾക്കു മുൻപ് സ്വിറ്റ്‌സർലാൻഡിൽ നടന്ന സംഗീത പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. വൈരമുത്തു ഹോട്ടലിൽ കാത്തിരിക്കുന്നുവെന്നും അദ്ദേഹവുമായി സഹകരിക്കണമെന്നും സംഘാടകരിലൊരാൾ പറഞ്ഞുവെന്നായിരുന്നു ആരോപണം. ഈ ആരോപണത്തിന് വ്യക്തത കുറവായിരുന്നു താനും. ഇതിനു പിന്നാലെ, ആരോപണങ്ങളുടെ പെരുമഴയായിരുന്നു. പേര് വെളിപ്പെടുത്തിയവരും അല്ലാത്തവരുമായി 17 പേരാണു ആരോപണവുമായി രംഗത്തെത്തിയത്. ഗായിക സിന്ധുജ രാജാറാം ഉൾപ്പെടെയുള്ള പ്രശസ്തരും ഇതിലുൾപ്പെടും.

ബലമായി ചുംബിച്ചു, അശ്ലീല സന്ദേശങ്ങളയച്ചു, ഫോണിൽ തുടർച്ചയായി വിളിച്ചു ശല്യം ചെയ്തു എന്നിങ്ങനെ പോകുന്നു ആരോപണങ്ങൾ. ഇംഗിതത്തിനു വഴങ്ങാത്തതിന്റെ പേരിൽ സിനിമാ മേഖലയിലെ അവസരങ്ങൾ തടസ്സപ്പെടുത്തിയെന്ന ആരോപണവും ചിലർ ഉന്നയിച്ചു. ചില ഒറ്റപ്പെട്ട ശബ്ദങ്ങളുയർന്നെങ്കിലും വൈരമുത്തുവിനെതിരായ ആരോപണങ്ങൾ തമിഴ് സിനിമയിൽ വലിയ ചലനങ്ങളുണ്ടാക്കിയില്ല. പോരാട്ടത്തിനു ചുക്കാൻപിടിച്ച ചിന്മയിക്കാകട്ടെ, അവസരങ്ങൾ നന്നേ കുറയുകയും ചെയ്തു.

അതേസമയം, വൈരമുത്തുവിനായും വാദങ്ങൾ ഉയർന്നു. ആരോപണ വിധേയമായ ചടങ്ങ് നടന്നത് 2005-ലാണ്. ചിന്മയിയുടെ വിവാഹം 2015ൽ. വിവാഹത്തിനു ചിന്മയി നേരിട്ടെത്തി വൈരമുത്തുവിനെ ക്ഷണിക്കുകയും അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ചിന്മയിയുടെ ആരോപണത്തിനു പിന്നാലെ, വിവാഹച്ചടങ്ങിൽ വൈരമുത്തു വധൂവരന്മാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വൻതോതിൽ പ്രചരിപ്പിക്കപ്പെട്ടു. വൈരമുത്തുവിന്റെ മകനും ഗാനരചയിതാവുമായ മദൻ കാർഗിയുടെ നിർദേശപ്രകാരമാണു അദ്ദേഹത്തെ വിവാഹത്തിനു ക്ഷണിച്ചതെന്നാണു ചിന്മയിയുടെ വാദം. എന്നാൽ, ചിന്മയി കള്ളം പറയുകയാണെന്നു മദൻ വാദിക്കുന്നു. വിവാഹത്തിനു ക്ഷണിക്കാനായി അപ്പോയ്‌മെന്റ് ചോദിച്ചിട്ടും ലഭിക്കാത്തതിനാൽ ചിന്മയിയുടെ അഭ്യർത്ഥന പ്രകാരം താൻ ഇടപെടുകയായിരുന്നുവെന്നു മദൻ പറയുന്നു.

അതേസമയം, വൈരമുത്തുവിനെതിരായ ആരോപണങ്ങളുടെ പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നു വിശ്വസിക്കുന്നവരും തമിഴകത്തുണ്ട്. ഹിന്ദു ദേവതയായ ആണ്ടാളിനെക്കുറിച്ച് വൈരമുത്തു നടത്തിയ പരാമർശം നേരത്തെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ടു ഹിന്ദുത്വ സംഘടനകൾ വൈരമുത്തുവിനെതിരെ രംഗത്തുവന്നിരുന്നു. പിന്നീട് വൈരമുത്തു പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു. ഇതിനു ശേഷമാണു മീടൂ ആരോപണങ്ങൾ ഉയർന്നുവന്നത്. ദ്രാവിഡ സ്വത്വം പേറുന്ന വൈരമുത്തുവിനെതിരായ ആരോപണങ്ങൾക്ക് പിന്നിലും ചില ശക്തികളുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

അതിനിടെ, 2021 ഫെബ്രുവരിയിൽ എം.കെ.സ്റ്റാലിനുമായും ബന്ധപ്പെട്ടും വൈരമുത്തു വിവാദത്തിൽപ്പെട്ടിരുന്നു. സ്റ്റാലിനെ ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി സംഘടിപ്പിച്ച ചടങ്ങുകളിലൊന്നിന്റെ വേദിയിൽ വൈരമുത്തുവിനു സ്ഥാനം നൽകിയതാണ് വിവാദമായത്. മീടൂ ആരോപണം നേരിടുന്ന ഒരാളെ ഇത്തരത്തിൽ ഒരു രാഷ്ട്രീയ നേതാവ് തങ്ങളുടെ പരിപാടിയിൽ ഇടം നൽകി ആദരിച്ചത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ചിന്മയിയും എഴുത്തുകാരി മീന കന്തസാമിയും ഉൾപ്പെടെ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ സ്റ്റാലിനെതിരെ ഏറെ പേർ മുന്നോട്ടുവരികയും ചെയ്തിരുന്നു.

വിദ്യാർത്ഥിയായിരുന്ന കാലത്ത് ദ്രാവിഡ ആശയങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ട എഴുത്തുകാരനായിരുന്നു വൈരമുത്തു. കേരളത്തോടു ചേർന്ന തേനി ജില്ലയിലെ വടുകാപട്ടിയിലാണു ജനനം. കൗമാരകാലത്ത്തന്നെ കവിത എഴുത്തിത്തുടങ്ങി. ചെന്നൈയിലെ പച്ചയ്യപ്പാസ് കോളജിലായിരുന്നു ബിരുദ പഠനം. അക്കാലത്താണ് ആദ്യ കവിതാ സമാഹാരമായ വൈഗരൈ മേഘങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ആ കൃതി വുമൺസ് ക്രിസ്ത്യൻ കോളജിലെ പാഠ്യപദ്ധതിയുടെ ഭാഗമായി. ബിരുദ വിദ്യാർത്ഥിയുടെ കൃതി മറ്റൊരു കോളജിലെ ബിരുദ പാഠ്യ പദ്ധതിയുടെ ഭാഗമാകുന്ന അപൂർവത.

ബിരുദ പഠനത്തിനു ശേഷം തമിഴ്‌നാട് ഔദ്യോഗിക ഭാഷാ കമ്മിഷനിൽ ഔദ്യോഗിക ജീവിതം തുടങ്ങി. മനസ്സു നിറയെ സാഹിത്യവും സിനിമയും. സംവിധായകൻ ഭാരതി രാജയുമായുള്ള സൗഹൃദം തുണയായി. 1980ൽ 'നിഴൽകൾ' എന്ന ചിത്രത്തിൽ ആദ്യ പാട്ടെഴുതി 'പൊന്മാലൈ പൊഴുത്'. ചെന്തമിഴ് സൗന്ദര്യം തുളുമ്പി നിൽക്കുന്ന വരികൾക്കു ഇശൈജ്ഞാനി ഇളയരാജയുടെ മാന്ത്രിക ഈണം കൂടിയായപ്പോൾ ആദ്യ ഗാനം തന്നെ സൂപ്പർ ഹിറ്റ്. പിന്നെ, ഒരു പതിറ്റാണ്ടുകാലം തമിഴ് തിരയിൽ ഇളയരാജ- വൈരമുത്തു കൂട്ടുകെട്ട് പാട്ടിന്റെ പൂക്കാലം തീർത്തു. പിന്നീട് ഇളയരാജയുമായി പിണങ്ങിയെങ്കിലും എം.എസ്.വിശ്വനാഥൻ ഉൾപ്പെടെയുള്ളവർക്കൊപ്പം ഹിറ്റുകൾ തീർത്തു അദ്ദേഹം.

'റോജ'യിലൂടെ എ.ആർ.റഹ്മാനെന്ന സംഗീത വിസ്മയം വാനിലുദിച്ചപ്പോൾ അതിനു വരികളുടെ കൂട്ടുമായി വൈരമുത്തുവുമുണ്ടായിരുന്നു. പിന്നെ റഹ്മാൻ-വൈരമുത്തു കൂട്ടിന്റെ പാട്ടുകാലം. ഗാനരചനയ്ക്ക് 7 ദേശീയ അവാർഡുകൾ, കവിതയ്ക്കു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, പത്മശ്രീ, പത്മഭൂഷൺ.... തമിഴകം വൈരമുത്തുവിനെ ആദരവോടെ കവിപേരരശ് എന്നു വിളിച്ചുതുടങ്ങി. തമിഴ് സാഹിത്യത്തിലെ ആധികാരിക ശബ്ദങ്ങളിലൊന്നായി അദ്ദേഹം വേദികളിൽ മുഴങ്ങി. ഇങ്ങനെ ആദരവിന്റെ അത്യുന്നതിയിൽ നിന്നാണ് വൈരമുത്തുവിന്റെ വീഴ്‌ച്ച.