തലശേരി: വളപട്ടണം സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ വായ്പാതട്ടിപ്പ് നടത്തിയ ഒന്നാംപ്രതിയെ പത്ത് വർഷം കഠിനതടവിനും എട്ടരലക്ഷം രൂപ പിഴയടക്കാനും തലശേരി വിജിലൻസ് കോടതി ശിക്ഷിച്ചു. ബാങ്കിന്റെ മന്ന ബ്രാഞ്ച് മാനേജരായിരുന്ന പാറക്കണ്ടിയിലെ ജംസ് ഹൗസിൽ കെ പി മുഹമ്മദ് ജസീലിനെയാണ് വിജിലൻസ് ജഡ്ജി കെ കെ ബാലകൃഷ്ണൻ ശിക്ഷിച്ചത്. യുഡിഎഫ് ഭരണത്തിലായിരുന്നു ഈ ബാങ്ക്.

രണ്ട് മുതൽ നാലുവരെ പ്രതികളായ ബാങ്ക് സെക്രട്ടറി എൻ പി ഹംസ, പ്രസിഡന്റും മുസ്ലിംലീഗ് നേതാവുമായ സൈഫുദ്ദീൻ, ബാങ്ക് ചീഫ് അക്കൗണ്ടന്റ് സനിതകുമാരി, ബാങ്ക് അസി. സെക്രട്ടറി പി വി നിഷാകുമാരി എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടു. പിഴയടച്ചാൽ നാല് ലക്ഷം രൂപ ബാങ്കിന് അടക്കണമെന്നും കോടതി ഉത്തരവിട്ടു.

വളപട്ടണം ബാങ്കിൽ നിന്ന് 6.13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് വിധി. വിവിധ വകുപ്പുകൾ പ്രകാരം 42 വർഷം കഠിനതടവാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് മതിയെന്നതിനാൽ പത്ത് വർഷം കഠിനതടവ് അനുഭവിക്കണം. ഇനിയും പതിനൊന്ന് കേസിൽ കൂടി വിധിവരാനുണ്ട്. വളപട്ടണം പൊലീസാണ് കേസന്വേഷിച്ചത്. ഡിവൈഎസ്‌പി കെ കെ മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന ഒന്നാംപ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ കണ്ണൂർ ഡിവൈഎസ്‌പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടിച്ചത്.

പതിറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന ബാങ്കിൽ പത്ത് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. മുസ്ലിംലീഗ് നേതാവായ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ഡയറക്ടർമാരും ജീവനക്കാരുമടങ്ങുന്ന റാക്കറ്റായിരുന്നു സമാനതയില്ലാത്ത തട്ടിപ്പിന് പിന്നിൽ.