പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ചിത്രമാണ് അജിത്ത് കുമാർ നായകനാവുന്ന 'വലിമൈ'. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്കും സ്റ്റില്ലുകൾക്കും ലഭിക്കുന്ന സ്വീകാര്യത തന്നെ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് കുമാർ വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് വലിമൈ. എച്ച് വിനോദ് ആണ് സംവിധാനം. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാർത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലർ എന്നു കരുതപ്പെടുന്ന ചിത്രത്തിൽ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാർ.

അതേസമയം, ടിക്കറ്റ് ബുക്കിങ് വെബ് സൈറ്റായ ബുക്ക് മൈ ഷോയിൽ ചിത്രം നേടിയിരിക്കുന്ന 'ഇന്ററസ്റ്റുകളുടെ' എണ്ണം ചർച്ചകൾക്ക് വഴിവച്ചിരുന്നു. 1.73 മില്യണിലധികം ഇന്ററസ്റ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയിലൂടെ ഇതിനകം നേടിയത്. സമീപകാല ബോക്‌സ്ഓഫീസ് ചരിത്രത്തിലെ റെക്കോർഡ് വിജയങ്ങളായിരുന്ന ബാഹുബലി 2, അവഞ്ചേഴ്‌സ് എൻഡ്‌ഗെയിം എന്നിവയെ പിന്നിലാക്കുന്ന നേട്ടമാണ് ഇതെന്ന് ട്രേഡ് അൻലിസ്റ്റുകളുടെ വിലയിരുത്തലുകൾ.

ചിത്രം പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബിൽ ഇതിനകം ഇടംപിടിച്ചതായും റിപ്പോർട്ടുകൾ നേരത്തെ പുറത്തെത്തിയിരുന്നു. ആഗോള തിയട്രിക്കൽ, സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റുകളുടെ വിൽപ്പനയിലൂടെയാണ് ഈ തുക നേടിയതെന്നാണ് വിവരം.