പത്തനംതിട്ട: കൃത്യമായ ലക്ഷ്യത്തോടുകൂടിയാണ് ശാസ്ത്രം തെരഞ്ഞെടുക്കുവാൻ അഞ്ജു തീരുമാനിച്ചത്. പത്താംക്ലാസ് കഴിഞ്ഞ് സ്വകാര്യ കംപ്യൂട്ടർ സ്ഥാപനം വഴി പ്ലസ് വൺ അഡ്‌മിഷന് അപേക്ഷിച്ചത്. .ആസ്‌ട്രോ ഫിസിക്‌സിൽ ഉപരിപഠനം നടത്തണമെന്നുള്ള മോഹമാണ് ശാസ്ത്രം തിരഞ്ഞെടുക്കാൻ അഞ്ജുവിന് പ്രേരിപ്പിച്ചിരുന്നത് .

എന്നാൽ അപേക്ഷ അയച്ച കേന്ദ്രത്തിലെ അപാകത മൂലം സയൻസിന് അപേക്ഷിക്കാതെ ഹ്യൂമാനിറ്റീസ് വിഷയങ്ങൾക്ക് മാത്രമാണ് അഞ്ജുവിന്റെ പ്ലസ് വൺ അപേക്ഷ അപ്ലോഡ് ചെയ്യപ്പെട്ടത്. പത്താംക്ലാസിൽ എട്ട് എ പ്ലസും രണ്ട് എ ഗ്രേഡും നേടിയ കുട്ടി തനിക്ക് സംഭവിച്ച അബദ്ധം പുറത്തുപറയാതെ ഹ്യൂമാനിറ്റീസ് വിയത്തിന് ചേർന്ന് വിഷമിച്ചിരിക്കുകയായിരുന്നു .സയൻസ് നോടുള്ള അഭിനിവേശം മൂലം ഹ്യൂമാനിറ്റീസ് പഠനത്തിൽ വലിയ താല്പര്യമില്ലായിരുന്നു.

ഈ വിഷയം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായരുടെ ശ്രദ്ധയിൽപ്പെടുത്തി .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥലം എംഎൽഎ അഡ്വ കെ യു ജനീഷ് കുമാറിനെ വിവരങ്ങൾ ധരിപ്പിച്ചു . കെ യു ജനീഷ് കുമാർ എംഎൽഎ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ അഞ്ജുവിന്റെ പ്രശ്‌നമെത്തിച്ചു.ശാസ്ത്രം പഠിച്ചു മുന്നേറാനുള്ള കുട്ടിയുടെ അഭിരുചിക്ക് സാങ്കേതികമായി ഉണ്ടായ പിഴവ് തടസ്സമാകുന്ന അവസ്ഥ ഒഴിവാക്കാൻ ഇടപെടാമെന്ന് വിദ്യാഭ്യാസ മന്ത്രി എംഎ‍ൽഎ യ്ക്ക് ഉറപ്പുനൽകി.

തുടർന്ന് ഹ്യൂമാനിറ്റീസിന് ചേർന്ന കാതോലിക്കേറ്റ് സ്‌കൂളിൽ സയൻസിന് അധികമായി ഒരു സീറ്റ് സൃഷ്ടിച്ച അഞ്ജുവിന് പഠിക്കാൻ സർക്കാർ അനുമതി നൽകി. സർക്കാർ ഉത്തരവിന്റെ പകർപ്പ് കെ.യു. ജനീഷ് കുമാർ എംഎ‍ൽഎ. വള്ളിക്കോട്ടുള്ള അഞ്ജുവിന്റെ വീട്ടിലെത്തി കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായരും സന്നഹിതനായിരുന്നു.