തിരുവനന്തപുരം: കേരളം പദ്ധതിയിടുന്ന കെ റെയിലിന് ബദലായി സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കൾ മുന്നോട്ടുവെക്കുന്നത് വന്ദേ ഭാരത് എക്സ്‌പ്രസുകളാണ്. അത്യാധുനിക സൗകര്യങ്ങളുമായി വേഗത്തിൽ കുതിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ കേരളത്തിനും കിട്ടുമെന്ന് പ്രതീക്ഷ വന്നതോടെ എന്തിനാണ് ഒരു ലക്ഷം കോടി മുടക്കി കെ റെയിലുമായി മുന്നോട്ടു പോകുന്നതെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. അടുത്ത വർഷം അവസാനത്തോടെ 75 വന്ദേ ഭാരത് എക്സ്‌പ്രസുകൾ സർവീസ് നടത്താൻ സജ്ജമാകുമ്പോൾ കേരളത്തിലും ഈ ട്രെയിനുകൾ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് അതിവേഗ തീവണ്ടിയെന്ന സംസ്ഥാനത്തിന്റെ മോഹങ്ങൾക്കും തുണയാകും.

എന്താണ് വന്ദേ ഭാരത് ട്രെയിനുകൾ?

നേരത്തെ പറഞ്ഞതുപോലെ ഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെടുത്താവുന്ന ബുള്ളറ്റ് ട്രെയിനുകളാണ് വന്ദേ ഭാരത് എക്സ്‌പ്രസ്. 200 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്താൻ ഈ ട്രെയിന് സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ പറഞ്ഞിരുന്നത്. രാജ്യത്ത് വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഖ്യാപിത വേഗം 160 കിലോമീറ്ററാണ്. എന്നാൽ രാജ്യത്ത് നിലവിലുള്ള ട്രാക്കുകളുടെ ശേഷി കണക്കിലെടുത്ത് പരമാവധി വേഗത 130 കിലോമീറ്റർ ആണ്.

ന്യൂഡൽഹി-വാരണാസി, ന്യൂഡൽഹി-കത്ര(ജമ്മു കശ്മീർ) എന്നിങ്ങനെ രണ്ട് വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. ഡൽഹി-വാരണാസി ട്രെയിനിന് 81കിലോമീറ്ററും ഡൽഹി-കത്ര വന്ദേ ഭാരത് എക്‌സപ്രസിന് 94 കിലോമീറ്ററുമാണ് ശരാശരി വേഗത. അതേസമയം ട്രെയിൻ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പ് നടത്തിയ പരീക്ഷണ ഓട്ടത്തിൽ 180 കിലോമീറ്റർ വേഗത കൈവരിച്ചിരുന്നു. നിലവിൽ രാജ്യത്ത് ഓടുന്ന ട്രെയിനുകളിൽ ഗതിമാൻ എക്സ്‌പ്രസിനാണ് കൂടുതൽ വേഗം. പരമാവധി 160 കിലോമീറ്റർ വേഗതയിൽ ഗതിമാൻ എക്സ്‌പ്രസ് സഞ്ചരിക്കുന്നുണ്ട്.

കേരളത്തിൽ ഇവ ബംഗളൂരു-എറണാകുളം, ഹൈദരാബാദ്-എറണാകുളം, ചെന്നൈ-എറണാകുളം, കണ്ണൂർ-തിരുവനന്തപുരം റൂട്ടുകളിലാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് മംഗളൂരുവിലേക്കും വന്നേക്കാം. 130കിലോമീറ്റർ വേഗത്തിൽ ഓടിക്കുന്നതിന് പ്രധാന തടസ്സം ട്രാക്കുകളിലെ വളവുകളാണ്. ട്രാക്കിൽ 36ശതമാനം നിവർത്തിയെടുക്കണം. നഗരമദ്ധ്യത്തിലാണ് വളവുകളേറെയും. നിരവധി സ്റ്റേഷനുകൾ മാറ്റിസ്ഥാപിക്കേണ്ടിയുംവരും.മൂന്നുവർഷത്തിനകം 400 ട്രെയിനുകൾ ഓടിക്കുമെന്നാണ് പ്രഖ്യാപനം.

ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75ആഴ്ച കൊണ്ട് 75വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. 300നഗരങ്ങളെ വന്ദേഭാരത് ട്രെയിനുകളിലൂടെ ബന്ധിപ്പിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. 500 കിലോമീറ്റർ ദൈർഘ്യമുള്ള സർവീസുകൾക്കാണ് വന്ദേഭാരത്.

കേരളത്തിൽ 80കിലോമീറ്ററിനു മേൽ വേഗം കൈവരിക്കാനാവില്ലെന്ന് കെ-റെയിൽ അധികൃതർ പറയുന്നു. എറണാകുളം-ഷൊർണൂർ പാതയിൽ 80കിലോമീറ്ററാണ് ശരാശരി വേഗമെങ്കിലും ഷൊർണൂർ-മംഗലാപുരം പാതയിൽ 110കിലോമീറ്റർ സാദ്ധ്യമാണ്. മറ്റു ട്രെയിനുകൾ പിടിച്ചിട്ട് കടത്തിവിടേണ്ടിവരും. നിലവിൽ എക്സ്‌പ്രസ് ട്രെയിനുകളുടെ ശരാശരിവേഗം 45കി.മീ മാത്രമാണ്. ജനശതാബ്ദി, രാജധാനി ട്രെയിനുകളെക്കാൾ വേഗത്തിൽ വന്ദേഭാരത് കേരളത്തിൽ ഓടിക്കാനാവില്ലെന്ന നീരീക്ഷണങ്ങളും മുന്നോട്ടു വരുന്നത്.

അടിപൊളി കോച്ചുകൾ

ചെയർ കാർ. കറങ്ങുന്ന സീറ്റുകൾ, മോഡുലാർ ബയോ ടോയ്ലെറ്റ്എ.സി. കോച്ചുകൾ, വിശാലമായ ജനലുകൾ, സ്ലൈഡിങ് ഡോർ,എൻജിൻ കോച്ചില്ല. ഒന്നിടവിട്ട് കോച്ചുകൾക്കടിയിൽ 250 കിലോവാട്ടിന്റെ നാല് മോട്ടോറുകൾ തുടങ്ങിയവായാണ് വന്ദേ ഭാരത് ട്രെയിനിന്റെ പ്രത്യേകതകൾ. മേക്ക് ഇൻ ഇന്ത്യമേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ തദ്ദേശീയമായി നിർമ്മിക്കുന്നു.

പ്രത്യേക എഞ്ചിൻ ഇല്ല എന്നതും ഇതിന്റെ മറ്റൊരു സവിശേഷതയാണ്. പകരം ഒന്നിടവിട്ട് കോച്ചുകൾക്കടിയിൽ 250 കിലോവാട്ടിന്റെ നാല് മോട്ടോറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ കരുത്തിലാണ് ട്രെയിൻ ഓടുന്നത്. ആകെ 16 കോച്ചുകളാണ് വന്ദേ ഭാരത് എക്സ്‌പ്രസിലുള്ളത്. ഇതിൽ രണ്ടെണ്ണം എക്‌സിക്യൂട്ടീവ് കോച്ചുകളാണ്. മെക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായാണ് വന്ദേ ഭാരത് എക്സ്‌പ്രസ് വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തത്. ചെന്നൈയിലെ പെരമ്പൂരിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഇത് (ഐസിഎഫ്) രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തത്.

അടുത്ത മൂന്നു വർഷത്തിനകം 400 വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിനുകൾ രാജ്യത്തെ 300 നഗരങ്ങളെ ബന്ധിപ്പിച്ച് ഓടിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. അതുകൊണ്ടുതന്നെ കേരളത്തിനുള്ളിലോ, അന്യ സംസ്ഥാനങ്ങളിലെ നഗരങ്ങളുമായി ബന്ധിപ്പിച്ചോ വന്ദേ ഭാരത് എക്‌സപ്രസ് ലഭിക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. എറണാകുളം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽനിന്ന് ബംഗളുരു, മംഗളുരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് വന്ദേ ഭാരത് എക്സ്‌പ്രസ് ലഭിച്ചേക്കാം. എന്നാൽ സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്‌പ്രസ് ഓടിക്കുന്നതിന് നിരവധി പ്രതിസന്ധികളുണ്ട്. ട്രാക്കിന്റെ ശേഷി വർദ്ധിപ്പിക്കുകയും, ചില സ്ഥലങ്ങളിലെ വളവുകൾ നേരെയാക്കുകയും വേണം.

ദക്ഷിണ റെയിൽവേക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് കേരളത്തിലോടുന്ന തീവണ്ടികളിൽനിന്നാണ്. വന്ദേഭാരത് എ.സി. ചെയർകാർ തീവണ്ടികൾ മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും സർവീസ് നടത്താനാകും. ഇത്തരം തീവണ്ടികൾ ഓടിക്കാവുന്ന രീതിയിൽ കേരളത്തിലെ റെയിൽവേ പാതകളും സിഗ്‌നൽ സംവിധാനങ്ങളും നവീകരിച്ചാൽ കെ-റെയിൽ പദ്ധതിയുടെ പ്രസക്തിതന്നെ ഇല്ലാതാകും.

മെമു തീവണ്ടിയെപ്പോലെ ഇരുഭാഗത്തേക്കും എളുപ്പത്തിൽ സഞ്ചരിക്കാമെന്നതിനാൽ റെയിൽവേ യാർഡുകളിൽ എൻജിനുകൾ മാറ്റേണ്ട ആവശ്യമില്ല. തീവണ്ടി കോച്ചുകളുടെ അടിഭാഗത്ത് ഘടിപ്പിച്ച ട്രാക്ഷൻ മോട്ടോറുകളിലേക്ക് പാന്റോഗ്രാഫ് വഴി വൈദ്യുതി ലൈനിൽനിന്ന് വരുന്ന വൈദ്യുതി ഉപയോഗിച്ചാണ് തീവണ്ടി മുന്നോട്ട് പോകുന്നത്. ഓരോ മൂന്ന് കോച്ചുകൾ കൂടുമ്പോഴും തീവണ്ടിയുടെ അടിഭാഗത്ത് ട്രാക്ഷൻ മോട്ടോറുകൾ ഘടിപ്പിക്കും.

കെ-റെയിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ നിരത്തിയ സംസ്ഥാനത്തെ സർക്കാരും പ്രതിപക്ഷവും പരിസ്ഥിതി പ്രവർത്തകരും വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഖ്യാപനത്തെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. വന്ദേ ഭാരത് എക്സ്‌പ്രസ് ഓടിക്കുമെന്ന ബജറ്റ് പ്രഖ്യാപനം കണക്കിലെടുത്ത് കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടിട്ടുണ്ട്.