തിരുവനന്തപുരം: സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ പ്രശ്‌നങ്ങളുടെ പേരിൽ കേന്ദ്ര ഏജൻസികൾ സർക്കാരിനെ വട്ടമിട്ടു പറക്കുകയാണ്. കേന്ദ്ര എജൻസികളുടെ വരവും അന്വേഷണവുമൊന്നും തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് പിണറായി സർക്കാർ. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ തള്ളിപ്പറയുന്നില്ലെങ്കിലും ഭയപ്പാടു പിണറായി സർക്കാരിനും സിപിഎമ്മിനുമുണ്ട്. സർക്കാർ അകപ്പെട്ട പ്രതിസന്ധി മനസിലാക്കി ശക്തമായ പിന്തുണയുമായി രംഗത്ത് വരുകയാണ് ഇടതുമുന്നണി ഘടകകക്ഷിയായ ലോക്താന്ത്രിക് ജനതാദൾ. സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നാണ് എൽജെഡി ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് ആവശ്യപ്പെടുന്നത്.

കോൺഗ്രസ് ഭരണകാലത്ത് കോൺഗ്രസ് ഉപയോഗപ്പെടുത്തിയിരുന്ന തന്ത്രം ബിജെപിയും ഉപയോഗപ്പെടുത്തുകയാണ്. സിബിഐ അന്വേഷണത്തിന് നൽകിയിരുന്ന പൊതു അനുമതി റദ്ദാക്കിയ ഇടത് സർക്കാർ തീരുമാനത്തിനു എൽജെഡി പിന്തുണ നൽകുന്നതായും വർഗീസ് ജോർജ് മറുനാടനോട് പറഞ്ഞു. സംസ്ഥാനങ്ങളെ കേന്ദ്രം അസ്ഥിരപ്പെടുത്തരൂത്. ഇന്ത്യയിലെ പല സ്റ്റേറ്റുകളിലും കേന്ദ്രം സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ പല മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ 28 എംഎൽഎമാരേയും കർണാടകത്തിൽ 15 എംഎൽഎമാരേയും കൂറുമാറ്റി ഭരണം കേന്ദ്രം പിടിച്ചെടുത്തു. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ സർക്കാരും കർണാടകയിൽ യെദിയൂരപ്പ സർക്കാരും അങ്ങനെ വന്നതാണ്. ഇപ്പോൾ കൂറുമാറ്റത്തിലേക്ക് സർക്കാരുകളെ കൊണ്ടുവരുന്നത് കൂടാതെ സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന രാഷ്ട്രീയ നീക്കങ്ങളും കേന്ദ്രം നടത്തുന്നുണ്ട്. അത് ഉപേക്ഷിക്കണം. അത് ഭാവിയിൽ ബിജെപിക്ക് തന്നെ ദോഷകരമായി വരും. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് ഭരണഘടനയുടെ ആലോചന വേളയിലും രൂപീകരണ വേളയിലും വ്യക്തമായ ധാരണകളുണ്ടായിട്ടുണ്ട്. ഭരണഘടനയിൽ ഒരിടത്തും കേന്ദ്ര സർക്കാർ എന്ന വാക്ക് ഉപയോഗിക്കുന്നതേയില്ല. പകരം ഇന്ത്യ സംസ്ഥാനങ്ങളുടെ സമുച്ചയമാണെന്നാണ് പറയുന്നത്.

ഭരണഘടന എഴുതിയ കാലത്തും സംസ്ഥാനങ്ങൾക്കായിരുന്നു പ്രാമുഖ്യം. കേരളത്തിൽ തൊഴിൽ സമരമുണ്ടായപ്പോൾ അതിനെ അടിച്ചമർത്താൻ സിആർപിഎഫ് കേരളത്തിൽ വന്നു. എന്നാൽ വിമാനത്താവളത്തിൽ വെച്ച് തന്നെ ഇഎംഎസ് സർക്കാർ അവരെ തടഞ്ഞു. ഒരു സംസ്ഥാനത്തിന്റെ തൊഴിൽ പ്രശ്‌നത്തിൽ കേന്ദ്ര സേന ഇടപെടാൻ പാടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ അതിനു ശേഷം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ കാര്യമായ ശോഷണം വന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഇവിടെ നിലവിൽ ഇരിക്കുന്ന സംവിധാനമാണ് ദേശീയോദ്‌ഗ്രഥന കൗൺസിൽ. പ്രധാനമന്ത്രിമാരും ഇന്ത്യയിലെ മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും പങ്കെടുക്കുന്ന സമിതിയാണിത്. എന്നാൽ ഈ സമിതി നിലവിലില്ല. ആ സമിതിയെ ഉച്ചാടനം ചെയ്തു കഴിഞ്ഞു. സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന്റെ എക്‌സിക്യൂട്ടിവിനെ ആശ്രയിക്കുന്ന സ്ഥിതിയാണ്. അവരുടെ ആവലാതികൾ പറയാൻ ഇപ്പോൾ സംവിധാനങ്ങളില്ല. ഓരോ ദിവസവും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുന്നു. ജിഎസ്ടി വന്നതോടെ സംസ്ഥാനങ്ങളുടെ സ്വന്തമായ നികുതി പിരിവ് അവസാനിക്കപ്പെട്ടു. അത് കേന്ദ്രത്തിന്റെ കയ്യിലായി.

നദീജല തർക്കങ്ങൾ മുൻപ് സംസ്ഥാനങ്ങളുടെ കയ്യിലായിരുന്നു. ഇപ്പോൾ അത് കേന്ദ്രത്തിന്റെ കയ്യിലായി. വിദ്യാഭ്യാസം, ഇലക്ട്രിസിറ്റി എല്ലാത്തിലും കേന്ദ്രം പിടിമുറുക്കുകയാണ്. . ഇലക്ട്രിസിറ്റി ബിൽ അനുസരിച്ച് ആദ്യത്തെ എട്ടു യൂണിയൻ ടെറിറ്ററിയിൽ ഇലക്ട്രിസിറ്റി വിതരണം സമ്പൂർണമായി സ്വകാര്യവത്ക്കരിക്കുകയാണ്. ഉത്പാദനം കേന്ദ്ര സർക്കാരും വിതരണം സ്വകാര്യ കമ്പനികളുമായാൽ സ്വകാര്യ കമ്പനികൾ കറന്റ് ചാർജ് കൂട്ടും. അത് പിന്നെ കുത്തനെയുള്ള കൂട്ടലായി മാറും. ടെറിട്ടറികൾ കഴിഞ്ഞ ശേഷം അത് സംസ്ഥാനങ്ങളിലേക്ക് കൂടി കൊണ്ടുവരുകയാണ്. ഇതാണ് ഇലക്ട്രിസിറ്റി ബിൽ.

കേന്ദ്രവിദ്യാഭ്യാസ നയം വന്നതോടെ ഒരു പൊതു ചട്ടക്കൂട് വന്നിരിക്കുന്നു. എല്ലാ സ്റ്റേറ്റുകൾക്കും ഈ ചട്ടക്കൂട്ടിൽ മാത്രമേ നിൽക്കാൻ കഴിയുകയുള്ളൂ. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ മാറ്റങ്ങൾ ചർച്ച ചെയ്യാൻ നാല് പതിറ്റാണ്ട് മുൻപ് രാമകൃഷ്ണ ഹെഗ്‌ഡേ, ഇഎംഎസ് തുടങ്ങിയവരുടെ ആവശ്യ പ്രകാരം ഒരു കമ്മിഷനെ കേന്ദ്ര സർക്കാർ നിയമിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ അലകും പിടിയും മാറ്റണമെന്ന് ഈ സർക്കാരിയ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. സർക്കാരിയ കമ്മിഷന്റെ മാതൃകയിൽ പുതിയ കമ്മിഷനെ നിയമിക്കണം. സംസ്ഥാനങ്ങളുടെ അവകാശവും കേന്ദ്രത്തിന്റെ അധികാരവും പുനർ നിർണ്ണയിക്കണം. കേന്ദ്ര ഏജൻസികളുടെ കടമകളും അവകാശങ്ങളും പുനർ നിർണ്ണയിക്കപ്പെടണം-വർഗീസ് ജോർജ് പറയുന്നു.