തിരുവനന്തപുരം: പാർവതി തിരുവോത്ത് നായികയായ 'വർത്തമാനം' എന്ന സിനിമക്ക് റീജനൽ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചു. ജെ.എൻ.യു സമരം, കശ്മീർ സംബന്ധമായ പരാമർശം എന്നിവ മുൻനിർത്തിയാണ് സിനിമയുടെ പ്രദർശനാനുമതി തടഞ്ഞതെന്നാണ് പുറത്തു വരുന്ന വിവരം. കൂടുതൽ പരിശോധനക്കായി സിനിമ മുംബൈയിലെ സി.ബി.എഫ്.സി റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. സെൻസർ ബോർഡ് ചെയർമാൻ തീരുമാനമെടുക്കും വരെ ചിത്രം ഇനി പ്രദർശിപ്പിക്കാനാവില്ല.

സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയിൽ കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാർത്ഥിയായാണ് പാർവതി അഭിനയിക്കുന്നത്. ആര്യാടൻ ഷൗക്കത്താണ് സിനിമയുടെ തിരക്കഥ.

ചിത്രത്തിന്റെ ചില രംഗങ്ങൾ ദേശവിരുദ്ധമാണെന്നും മതസൗഹാർദം തകർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് അനുമതി നിഷേധിച്ചതെന്ന് സി.ബി.എഫ്.സി അംഗങ്ങളെ ഉദ്ധരിച്ച് ദേശീയ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. റോഷൻ മാത്യു, സിദ്ധീഖ്, നിർമ്മൽ പാലാഴി എന്നിവരും 'വർത്തമാന'ത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറും ആര്യാടൻ ഷൗക്കത്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.