ന്യൂഡൽഹി: നടി കങ്കണ റണൗത്തിന്റെ വിവാദ പ്രസ്താവനക്കെതിരെ വിമർശനവുമായി ബിജെപി എംപി വരുൺ ഗാന്ധി. ഈ ആശയത്തെ ഭ്രാന്ത് അല്ലെങ്കിൽ രാജ്യദ്രോഹം എന്ന് വിളിക്കണോ എന്നായിരുന്നു വരുൺഗാന്ധിയുടെ പ്രതികരണം. 'ചിലപ്പോൾ ഇത് മഹാത്മാഗാന്ധിയുടെ ത്യാഗത്തോടുള്ള അപമാനം അല്ലെങ്കിൽ അദ്ദേഹത്തിന്റെ കൊലയാളിയോടുള്ള ബഹുമാനം. മംഗൾ പാണ്ഡെ മുതൽ റാണി ലക്ഷ്മിഭായി, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, നേതാജി തുടങ്ങി നിരവധി ദശലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളോടുള്ള അവഗണനയാണിത്.

താരത്തിന്റെ ഈ ചിന്തയെ ഞാൻ ഭ്രാന്ത് അല്ലെങ്കിൽ രാജ്യദ്രോഹം എന്നാണ് വിളിക്കേണ്ടത്' എന്നും വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയാലായിരുന്നു കങ്കണ വിവാദ പരാമർശം ഉന്നയിച്ചത്.

1947 ൽ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്യമായിരുന്നില്ല ഭിക്ഷയായിരുന്നെന്നും 2014 ലാണ് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്നും താരം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.താരത്തിന്റെ ഈ വിവാദ പരാമർശത്തിൽ രൂക്ഷമായ വിമർശനുമുന്നയിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഈ പ്രസ്താവന ഇന്ത്യയെ അപമാനിക്കുന്നതാണെന്നും താരം മാപ്പു പറയണമെന്ന ആവശ്യം ഉയരുന്നുണ്ട്.