ന്യൂഡൽഹി: രാജയത്തെ വാക്‌സിൻ കയറ്റുമതി ഈ വർഷം അവസാനത്തോടെ പുനഃസ്ഥാപിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അദാർ പൂനാവാലെ. രാജ്യത്തിന്റെ വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വാക്‌സിൻ സ്‌റ്റോക്കുണ്ട്. ഉൽപാദനം വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൂനാവാലെ വ്യക്തമാക്കി.

രാജ്യത്തിനായി താൽക്കാലികമായാണ് വാക്‌സിൻ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മൂന്ന് മാസത്തിനുള്ളിൽ നിയന്ത്രണങ്ങൾ നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉടൻ ചെറിയ രീതിയിൽ കയറ്റുമതി പുനഃരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സർക്കാറുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ പ്രതിമാസം 15 കോടി ഡോസ് വാക്‌സിനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്നത്. ഇത് ഒക്‌ടോബറോടെ 20 കോടി ഡോസാക്കി ഉയർത്തുകയാണ് ലക്ഷ്യമെന്നും പൂനാവാലെ പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ്, കോവാക്‌സിൻ, സ്പുട്‌നിക് തുടങ്ങിയ കോവിഡ് വാക്‌സിനുകളാണ് രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്നത്.