തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറി നിയമനത്തെ ചൊല്ലി കോൺഗ്രസിലും അനുകൂല സർവീസ് സംഘടനയിലും വിവാദം ഉയരുന്നു. ഫുഡ് സേഫ്ടി ജോയിന്റ് കമ്മിഷണറായ കെ അനിൽകുമാറാണ് പ്രൈവറ്റ് സെക്രട്ടറി. മണ്ണന്തല സ്വദേശിയായ ഇദ്ദേഹം മുൻപ് ഗുരുവായൂർ ദേവസ്വം ട്രസ്റ്റ് അഡ്‌മിനിസ്ട്രേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന് കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനിൽ അംഗത്വമില്ലെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കോൺഗ്രസ് അനുകൂല സർവീസ് സംഘടനയിൽ അംഗമല്ലാത്തയാൾ എങ്ങനെ പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായെന്നാണ് ചോദ്യം. പ്രൈവറ്റ് സെക്രട്ടറിയെയും ഗൺമാനെയും മറ്റ് സ്റ്റാഫുകളെയും നിയമിക്കാനുള്ള അധികാരം പ്രതിപക്ഷ നേതാവിന് തന്നെയാണ്. അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് സ്റ്റാഫിനെ നിയമിക്കേണ്ടത്.

അനിൽകുമാറിന്റെ നിയമനം കെജിഓയു സെക്രട്ടറിയേറ്റ് ഘടകത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ചയായിരിക്കുകയാണ്. ആനയറ ആർകെ ജയൻ ആണ് അനിൽകുമാറിന്റെ നിയമന വിവരം ഗ്രൂപ്പിൽ പങ്കു വച്ചത്. അബ്ദുൾ ഹാരിസ് എന്ന അംഗം ഇദ്ദേഹത്തിന് കെജിഓയു അംഗത്വമില്ലെന്ന് ചൂണ്ടിക്കാട്ടി.

സംഘടനയുടെ പ്രതിഷേധവും കെജിഒയുവിൽ അംഗത്വമില്ലെന്ന കാര്യവും അദ്ദേഹത്തെ അറിയിക്കണമെന്ന് പറയുന്നുണ്ട്. ഡിഎച്ച്എസിൽ ഉണ്ടായിരുന്ന കാലത്ത് എൻജിഓ യൂണിയൻകാരനും നേതാവായിരുന്ന വികെ രാജന്റെ സന്തത സഹചാരിയുമായിരുന്നു അനിൽകുമാറെന്ന് ആക്ഷേപം ഉയർന്നിരുന്നു.