തിരുവനന്തപുരം: മനോരമ എന്നെ പുകഴ്‌ത്തുന്നുണ്ടങ്കിൽ ഞാൻ സൂക്ഷിക്കേണ്ട സമയമാണ്- പണ്ട് കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞ വാക്കുകളാണ് ഇത്. ഇടതു പ്രവർത്തർ ഇടയ്ക്കിടെ പറയുന്ന ഓർത്തെടുത്തു പറയുന്ന വാക്കുകളാണ് ഇത്. കഴിഞ്ഞ ദിവസങ്ങളിൽ വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തപ്പോൾ യുഡിഎഫ് കേന്ദ്രങ്ങളേക്കാൾ ഒരുപക്ഷേ ആഹ്ലാദം പ്രകടിപ്പിച്ചത് ഇടതു അണികളായിരുന്നു. അവരെല്ലാം സതീശനെ പുകഴ്‌ത്തുകയും ചെയ്തു. ഈ പുകഴ്‌ത്തൽ കണ്ട മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നത് ആ പുകഴ്‌ത്തലിന് പിന്നിലെ രാഷ്ട്രീയത്തെ കുറിച്ചാണ്. ഇതിനെ ആശങ്കയോടെയാണ് കോൺഗ്രസും കാണുന്നത്. അതിനിടെ നിയമസഭാ കക്ഷിയിൽ മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ പോലും ഇല്ലാത്ത കോൺഗ്രസ് നിയമസഭാ കക്ഷി നേതാവാണ് വിഡി സതീശൻ എന്ന വസ്തുതയും പുറത്താകുകയാണ്.

നിയമസഭാ കക്ഷി നേതാവായുള്ള തലയെണ്ണലിന് ഹൈക്കമാണ്ട് എത്തിയപ്പോൾ 21 എംഎൽഎമാരും വ്യക്തിപരമായ അഭിപ്രായം അറിയിച്ചിരുന്നു. ഇതിൽ ബഹുഭൂരിപക്ഷവും സതീശന് എതിരായിരുന്നു. പകുതിയിൽ അധികം പേർ ചെന്നിത്തലയുടെ പേരും പറഞ്ഞു. എയിലേയും ഐയിലേയും എംഎൽഎമാരിൽ കൂടുതലും ചെന്നിത്തലയ്‌ക്കൊപ്പമായിരുന്നു. കൃത്യമായി പറഞ്ഞാൽ 12 പേർ രമേശ് ചെന്നിത്തലയുടെ പേരാണ് പ്രതിപക്ഷ നേതാവായി എടുത്തു കാട്ടിയത്. ഇതിൽ ഉമ്മൻ ചാണ്ടിയും ഉൾപ്പെടും. രണ്ടു പേർ സ്വന്തം പേരും പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണനും പിടി തോമസുമാണ് സീനിയോറിട്ടിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവാകാൻ അർഹതയുണ്ടെന്ന് അഭിപ്രായപ്പെട്ടത്. മറ്റാരും ഇവരുടെ പേര് പറഞ്ഞില്ല.

ഐ ഗ്രൂപ്പിലെ രണ്ടു എംഎൽഎമാർ ഹൈക്കമാണ്ടിനൊപ്പമായിരുന്നു. പെരാവൂരിൽ നിന്നുള്ള സജീവ് ജോസഫും വണ്ടൂരിൽ നിന്നുള്ള കെപി അനിൽകുമാറും. സജീവ് ജോസഫിന് കെ സുധാകരനോടാണ് അടുപ്പം. അനിൽ കുമാർ കെസി വേണുഗോപാലിനൊപ്പവും. അപ്പോഴും കെപി അനിൽകുമാർ പോലും ചെന്നിത്തലയെ നിഷേധിച്ചില്ല. പകരം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള പാർലമന്ററീ പാർട്ടി പ്രമേയത്തിന്റെ അന്തസത്ത ഉൾക്കൊണ്ടു. സതീശൻ ഉൾപ്പെടെ അഞ്ചു പേർ മാത്രമാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സതീശന്റെ പേരു പറഞ്ഞത്. അതായത് 21 അംഗ പാർലമെന്ററീ പാർട്ടിയിൽ നാലിൽ ഒന്നിന്റെ പിന്തുണ പോലും സതീശനില്ല.

എന്നാൽ കോൺഗ്രസിലെ പ്രതിസന്ധിയുടെ കാലത്ത് സതീശനെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പുറകിൽ നിന്ന് കുത്തില്ല. സതീശന് എല്ലാ പിന്തുണും നൽകാനാണ് തീരുമാനം. അല്ലെങ്കിൽ പാർട്ടി ദുർബലമാകുമെന്ന് ഇരുവരും കരുതുന്നു. കെപിസിസി അധ്യക്ഷനായി വി എം സുധീരനേയും മുല്ലപ്പള്ളി രാമചന്ദ്രനേയും കൊണ്ടു വന്നത് ഹൈക്കമാണ്ടാണ്. രണ്ടു പേരും പരാജയപ്പെട്ടു. ഇമേജിന് അപ്പുറം അണികളുടെ പിന്തുണ ഇല്ലാത്തതായിരുന്നു ഇതിന് കാരണം. സതീശനും ഈ വെല്ലുവളി മുമ്പിലുണ്ട്. എന്നാൽ അഞ്ചു കൊല്ലം കൊണ്ട് ഉയർത്തെഴുന്നേൽക്കേണ്ടതുള്ളതിനാൽ തൽകാലം ആരും സതീശനെ പ്രതിരോധത്തിലാക്കില്ല.

അതിനിടെ സോഷ്യൽ മീഡിയയിലും ചെന്നിത്തലയ്ക്ക് പതിയെ പിന്തു കൂടുകയാണ്. കെസി ബിബിനെ പോലുള്ളവരുടെ കുറിപ്പുകൽ വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. കേരളംകണ്ട മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാളായിരുന്നു രമേശ് ചെന്നിത്തല എന്ന് തന്നെയാണ് ബോധ്യം. പ്രതിപക്ഷത്തുനിന്ന് നടത്തിയ പ്രവർത്തനങ്ങളുടെ ആകെത്തുകയായി ഭരണപക്ഷത്ത് എത്തേണ്ടതായിരുന്നു. അതായിരുന്നു ഉത്തരവാദിത്വവും. എന്നാൽ പല കാരണങ്ങളാൽ അദ്ദേഹത്തിന് അത് സാധിച്ചില്ല. അത് അദ്ദേഹത്തിന്റെ മാത്രം കുറ്റവും ആയിരുന്നില്ല. അദ്ദേഹം കൊണ്ടുവന്നതും അദ്ദേഹം തിരുത്തിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടിയതുമായ ഒട്ടേറെ വിഷയങ്ങൾ ഉണ്ടല്ലോ..അതെല്ലാം അക്കമിട്ട് നിരത്തുന്നില്ല.. ആ അധ്വാനം ജനാധിപത്യ വ്യവസ്ഥിതിയിലെ ക്രിയാത്മക പ്രതിപക്ഷത്തിന്റെ ഉറക്കമൊഴിഞ്ഞുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു-എന്ന് ബിപിൻ എഴുതുന്നു.

കെസി ബിപിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

സമൂഹ മാധ്യമങ്ങളിലെ അപരവൽക്കരണത്തിൽ ഇടിഞ്ഞില്ലാതായ ഒരു മനുഷ്യന് പിന്തുണ നൽകണമെന്ന് തോന്നുന്നു. അത് ജനാധിപത്യ കേരളത്തിലെ ഒരു പൗരൻ എന്ന നിലയിലാണ്. എന്റെ രാഷ്ട്രീയ കാഴ്ചപ്പാടോ കോൺഗ്രസിലെ ഗ്രൂപ്പ് താൽപര്യമോ അങ്ങനെ മറ്റെന്തെങ്കിലുമോ ഈ എഴുത്തിന് പിന്നിലില്ലെന്ന് ആദ്യമേ പറയട്ടെ...

പൊതുസമൂഹത്തിലെ വിവിധ രാഷ്ട്രീയ ചേരികളിൽ നിന്നുകൊണ്ട് പലരും വിലയിരുത്തുന്നതിന് അപ്പുറത്ത്, നെഞ്ചോട് ചേർത്ത് യാത്ര അയക്കണമായിരുന്നു കോൺഗ്രസ് നേതൃത്വം ഒന്നാകെ ശ്രീ രമേശ് ചെന്നിത്തലയെ. അതുണ്ടായില്ല എന്ന് മാത്രമല്ല ഏറെ അപമാനിതനായാണ് ഇത്രയേറെ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു വ്യക്തി കോൺഗ്രസ് പരിസരങ്ങളിൽ നിന്ന് ഉൾവലിയുന്നത്. ആ സാഹചര്യം എങ്ങനെ ഉണ്ടായെന്നും എങ്ങനെ ഒഴിവാക്കാമായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ ആലോചിച്ചിരുന്നില്ല. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് ആനയിക്കപെടുമ്പോൾ തന്റെ മുൻഗാമി എന്ന നിലയിലെങ്കിലും രമേശിനെകുറിച്ച് വി.ഡി സതീശൻ നല്ല നാലു വാക്കെങ്കിലും പറയണമായിരുന്നു..

കേരളംകണ്ട മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാളായിരുന്നു രമേശ് ചെന്നിത്തല എന്ന് തന്നെയാണ് ബോധ്യം. പ്രതിപക്ഷത്തുനിന്ന് നടത്തിയ പ്രവർത്തനങ്ങളുടെ ആകെത്തുകയായി ഭരണപക്ഷത്ത് എത്തേണ്ടതായിരുന്നു. അതായിരുന്നു ഉത്തരവാദിത്വവും. എന്നാൽ പല കാരണങ്ങളാൽ അദ്ദേഹത്തിന് അത് സാധിച്ചില്ല. അത് അദ്ദേഹത്തിന്റെ മാത്രം കുറ്റവും ആയിരുന്നില്ല. അദ്ദേഹം കൊണ്ടുവന്നതും അദ്ദേഹം തിരുത്തിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടിയതുമായ ഒട്ടേറെ വിഷയങ്ങൾ ഉണ്ടല്ലോ..അതെല്ലാം അക്കമിട്ട് നിരത്തുന്നില്ല.. ആ അധ്വാനം ജനാധിപത്യ വ്യവസ്ഥിതിയിലെ ക്രിയാത്മക പ്രതിപക്ഷത്തിന്റെ ഉറക്കമൊഴിഞ്ഞുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു.

കഴിഞ്ഞ സർക്കാറിന്, രാഷ്ട്രീയം മാറ്റിവെച്ച് പല വിഷയങ്ങളിലും പിന്തുണ നൽകിയ ഒരു നേതാവുകൂടിയാണ് രമേശ് ചെന്നിത്തല. എന്നിട്ടും രാഷ്ട്രീയ എതിരാളികൾ പോലും, തങ്ങൾക്ക് ലഭിച്ച പിന്തുണയുടെ നന്ദിപോലും കാട്ടാതെ പിരിഞ്ഞുപോകുന്ന വേളയിലും ആ മനുഷ്യനെ അപമാനിക്കുകയാണ്.. ശരിയാണ് ചില തെറ്റുകൾ രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അദ്ദേഹം സ്വയം മാറണമായിരുന്നു എന്നാണ് ഒരു വാദം. താൻ തുടരണമെന്ന് നേതാക്കൾ പറഞ്ഞതുകൊണ്ടാണ് എന്ന് അദ്ദേഹം അതിന് കാരണം പറയുന്നു. കിട്ടിയ അവസരം ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്നാണ് രണ്ടാമത്തെ വാദം. കഴിഞ്ഞു എന്നതാണ് സത്യം. തെറ്റായവഴികളിൽ കാടുകയറിയ സർക്കാരിനെ ഇടത്തും വലത്തും അടിച്ച് നേർവഴിക്കു തെളിച്ചത് പ്രതിപക്ഷ നേതാവല്ലാതെ മാറ്റാരാണ്?

ചില യഥാർഥ്യങ്ങൾ കൂടി ഈ അവസരത്തിൽ പറയണം. ചെവി കടിക്കുന്ന ഒരു കൂട്ടം ആളുകൾ ചെന്നിത്തലയ്ക്ക് ചുറ്റിലുമുണ്ട്. അധികാരവും ആഡംബരങ്ങളും കുറയുമ്പോൾ, ആളനക്കമില്ലാത്ത നേരത്ത് ആലോചിച്ചാൽ അത് അദ്ദേഹത്തിനും വ്യക്തമാകും. 'ഉസ്മാൻ' എന്ന ആക്ഷേപഹാസ്യ ത്തിന്റെ ഉറവിടം പോലും അവിടെയാണ്. വിശ്വസിക്കുന്നവർ ചതിക്കുകയും, ചതിയന്മാർ കൂടുതൽ ആളെക്കൂട്ടുകയും ചെയ്യുന്ന രാഷ്ട്രീയ അവസ്ഥ ചെന്നിത്തലയെ പിന്തുടരാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഇക്കാര്യത്തിൽ രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അടിയന്തരമായി ഒരു ശ്രദ്ധ അദ്ദേഹം നൽകിയില്ലെങ്കിൽ അപമാനിക്കപ്പെടുന്ന രാഷ്ട്രീയത്തിന്റെ ആവർത്തനം അദ്ദേഹത്തെ പിന്തുടരും..

'രമേശ് ചെന്നിത്തല മാറണം, മുല്ലപ്പള്ളി രാമചന്ദ്രൻ മാറണം...'ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെ യും കെഎസ്.യുവിന്റെയും നേതാക്കൾ ഈ പ്രതിസന്ധികാലത്ത് പൊതുജനമധ്യത്തിൽ, വിശിഷ്യ പാർട്ടി പ്രവർത്തകർക്കിടയിൽ കുത്തിവെച്ച മറുമരുന്നാണിത്. അപ്പോൾ പ്രസക്തമായ മറ്റു ചില ചോദ്യങ്ങൾ ഉയർന്നു നിൽക്കുന്നുണ്ട്. അതിലൊന്ന് ഇതേ നേതൃത്വം നയിച്ചപ്പോഴല്ലേ 19 സീറ്റ് പാർലമെന്റിൽ കിട്ടിയത് എന്നാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒരു മലവെള്ളപാച്ചിലിൽ ഒളിച്ചുപോയതല്ല സംഘടന അടിത്തട്ടെന്നും സമ്മതിക്കേണ്ടി വരും.

രമേശും മുല്ലപ്പള്ളിയും മാറട്ടെ, ഷാഫി പറമ്പിലും കെ എം അഭിജിത്തും മാറണ്ടേ? കെ.എസ് ശബരീനാഥനും ഷാഫി പറമ്പിലും റിജിൽ മാക്കുറ്റിയും റിയാസ് മുക്കോളിയും എന്തിന്റെ പേരിൽ ആയിരുന്നു തലസ്ഥാനത്ത് നിരാഹാരം കിടന്നത്? ആ പി.എസ്.സി സമരത്തിന്റെ തുടർച്ചയായി ഏതെങ്കിലും പത്തു വോട്ട് യുഡിഎഫിൽ എത്തിക്കാൻ ഷാഫിക്കൊ ശബരിക്കോ സാധിച്ചോ? ശബരിനാഥൻ അരുവിക്കരയിൽ തോറ്റു പോയില്ലേ? തോറ്റതുപോലെ അല്ലെ ഷാഫി പറമ്പിൽ പാലക്കാട് ജയിച്ചത്? വാളയാറിലെ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടും മന്ത്രി കെ.ടി.ജലീൽ രാജി വെക്കണം എന്നാവശ്യപ്പെട്ടും പിൻവാതിൽ നിയമനങ്ങൾ ക്കെതിരെ തലങ്ങും വിലങ്ങും അടികൊണ്ടും പ്രതിപക്ഷ പ്രവർത്തനം നടത്തിയ ആളാണല്ലോ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. അയാൾ തിരഞ്ഞെടുപ്പിൽ വിജയിച്ചോ? ആ സമരം കൊണ്ട് പത്തു വോട്ട് യു ഡി എഫിന് സംസ്ഥാനമൊട്ടുക്കും നേടിക്കൊടുക്കാൻ സാധിച്ചോ? ഇത് വായിക്കുമ്പോൾ ഷാഫിക്കും ശബരീനാഥനും കെഎം അജിത്തിനും തോന്നുന്ന മുറുമുറുപ്പും അവരുടെ അനുയായികൾക്ക് എന്നോട് തോന്നുന്ന ദേഷ്യവുമായിരിക്കുമല്ലോ ചെന്നിത്തലയ്ക്കും അദ്ദേഹത്തിന്റെ അനുയായികൾക്കും ഈ രണ്ടു രാത്രികളിലും ആ പാർട്ടിയിലെ ഇതര ആളുകളോട് തോന്നിയിട്ടുണ്ടാവുക

ഏതാണ്ട് മൂന്നരപതിറ്റാണ്ട് മുൻപ് നിയമസഭകണ്ട ആളാണ് രമേശ് ചെന്നിത്തല. മുപ്പത് തികയും മുമ്പ് കേരളത്തിൽ മന്ത്രിയായിട്ടുണ്ട്. പിന്നെയും എംഎൽഎ ആയിട്ടുണ്ട്, എംപി ആയിട്ടുണ്ട്, മന്ത്രിയായിട്ടുണ്ട്. അങ്ങനെയൊരു മനുഷ്യന് ഈ വേളയിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ചെറുക്കാനുള്ള രാഷ്ട്രീയ ശേഷിയില്ലെന്ന് മറ്റാരുപറഞ്ഞാലും കോൺഗ്രസ് നേതാക്കൾ അത് സമ്മതിച്ചു നൽകരുതായിരുന്നു. ഇതിനെല്ലാം അർത്ഥം രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവായി തുടരണം എന്നല്ല. അപമാനിക്കപ്പെട്ട് പുറത്തേക്ക് പോകേണ്ടിവന്നത് നിരാശജനകമാണ്. അങ്ങനെ ഇറങ്ങിപ്പോകുന്നവന്റെ വേദന എല്ലാ മേഖലയിലും ഒന്നുപോലെയാണ്. നിങ്ങളിൽ ആരെങ്കിലും എപ്പോഴെങ്കിലും അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടെങ്കിൽ ഈ രാത്രിയിലെങ്കിലും ഐക്യദാർഢ്യം പറയണം. ഇത് രാഷ്ട്രീയമല്ല. മനുഷ്യപ്പറ്റിന്റെ, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ഐക്യപ്പെടൽ ആണ്.

രാജ്യത്തെ കോൺഗ്രസ് പാർട്ടിയിൽ മറ്റാർക്കും അവകാശപ്പെടാനാവാത്ത വിധമുള്ള പദവികൾ അലങ്കരിച്ച നേതാവായിരിക്കുമ്പോഴും ആർക്കും ഓടിച്ചെന്ന് ഉരിയാടാനുള്ള ഉയരത്തിൽ മാത്രമേ അദ്ദേഹം വളർന്നിട്ടുള്ളു. കാലുകൾ നിലത്തുറപ്പിച്ചു നടത്തിയ രാഷ്ട്രീയം ആയതിനാൽ വീഴ്ചയ്ക്ക് വേദന കുറയുമായിരിക്കും. പക്ഷേ അദ്ദേഹം നടന്നുനീങ്ങുന്ന വഴിയിലേക്ക് നോക്കി ഓരോ കോൺഗ്രസുകാരനും കയ്യടിക്കണം. കാരണം മെയ് ഒന്നാം തീയതി രാത്രി വരെ നിങ്ങളുടെ പ്രതീക്ഷയിലും സ്വപ്നത്തിലും കൊണ്ടുനടന്ന ഒരു മുഖ്യമന്ത്രിയാണ് ഒരു പ്രതിപക്ഷ നേതാവ് പോലുമാകാതെ നടന്നുപോകുന്നത്.