തിരുവനന്തപുരം: മുൻ ധനമന്ത്രി തോമസ് ഐസക് ഖജനാവിൽ ബാക്കിവച്ചെന്നു പറഞ്ഞ അയ്യായിരം കോടി രൂപ എവിടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് രാഷ്ട്രീയ പ്രസംഗമാണെന്നും സതീശൻ ആരോപിച്ചു. അതിന്റെ പവിത്രത ഇല്ലാതാക്കി.

നയപ്രഖ്യാപനത്തിൽ പറയേണ്ടത് ബജറ്റിൽ പറഞ്ഞു. പുത്തരിക്കണ്ടം മൈതാനിയിൽ പ്രസംഗിക്കേണ്ടത് ബജറ്റിലൂടെ പ്രസംഗിച്ചു. ബജറ്റിന്റെ ആദ്യ ഭാഗം ശരിയായ രാഷ്ട്രീയ പ്രസംഗമാണ്. ഭരണഘടനയനുസരിച്ച് വാർഷിക ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റാണ് ബജറ്റ്. അതിന്റെ പവിത്രത തകർക്കുന്ന രീതിയിൽ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ല. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള അവ്യക്തത വളരെ വ്യക്തമാണെന്നും വിഡി സതീശൻ പറഞ്ഞു.

കരാർ, പെൻഷൻ കുടിശിക കൊടുക്കുന്നതിനെ പാക്കേജെന്ന് പറയുന്നത് കബളിപ്പിക്കലാണ്. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് ബജറ്റിൽ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ കോവിഡ് പാക്കേജായ 20,000 കോടി ബജറ്റ് എസ്റ്റിമേറ്റിലില്ലെന്നും സതീശൻ ആരോപിച്ചു.

ദുരിതമനുഭവിക്കുന്നവർക്ക് നേരിട്ട് പണം നൽകുമെന്ന് ബജറ്റിൽ പറഞ്ഞത് പിന്നീട് തിരുത്തി. കഴിഞ്ഞ പാക്കേജ് തന്നെ ജനങ്ങളെ വഞ്ചിച്ചുവെന്നും സതീശൻ പറഞ്ഞു.