തിരുവനന്തപുരം: സിപിഎമ്മിൽ നിന്ന് ശൈലജ ടീച്ചർ മന്ത്രിയാകും. സിപിഐയിൽ നിന്ന് ചിഞ്ചുറാണിയും. ഈ സാഹചര്യത്തിൽ ആറന്മുളയിൽ നിന്ന് ജയിച്ചു കയറിയ വീണാ ജോർജിന് കിട്ടുക സ്പീക്കർ പദവിയെന്ന് സൂചന. മന്ത്രിയാകാനുള്ള സാധ്യതാ പട്ടികയിൽ ഇപ്പോഴും വീണാ ജോർജ്ജുണ്ട്. എങ്കിലും പഴയ ചാനൽ അവതാരകയെ സ്പീക്കറാക്കാനാണ് മുഖ്യമന്ത്രിക്ക് ഇപ്പോൾ താൽപ്പര്യം എന്നാണ് സൂചന.

അങ്ങനെ വന്നാൽ ചരിത്രം തിരുത്തി വീണാ ജോർജ് സ്പീക്കറായേക്കും. മന്ത്രി സാധ്യതയിൽ നിറഞ്ഞു നിന്ന ശേഷം അവസാനം പരിഗണിക്കുന്നത് പിണറായി പോലും സാറെന്ന് വിളിക്കേണ്ടി വരുന്ന പദവിയിലേക്കാണ് എന്നതാണ് വസ്തുത. സ്വർണ്ണ കടത്തിൽ ശ്രീരാമകൃഷ്ണൻ ഉണ്ടാക്കിയ പേരുദോഷം മാറ്റാൻ മുൻ ചാനൽ അവതാരക എത്തുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

ഭരണത്തുടർച്ചയെന്ന ചരിത്രനേട്ടത്തിനൊപ്പം ആദ്യ വനിതാ സ്പീക്കറെ അവതരിപ്പിക്കുന്ന ചരിത്രംകൂടി രണ്ടാം പിണറായി സർക്കാരിനുണ്ടാകണമെന്നതാണ് സിപിഎമ്മിന്റെ ആഗ്രഹം. ശൈലജ ടീച്ചറിനേയും സ്പീക്കറായി പരിഗണിച്ചിരുന്നു. എന്നാൽ ശൈലജയെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റുന്നത് വിവാദമാകും. അതുകൊണ്ട് ശൈലജയെ മന്ത്രിയായി തുടരാൻ അനുവദിക്കും. ഇതോടെയാണ് വീണയെ സ്പീക്കറാക്കാനുള്ള ചർച്ച തുടങ്ങുന്നത്.

മാധ്യമപ്രവർത്തകയായിരുന്ന വീണാ ജോർജ് ആറന്മുളയിൽനിന്നുള്ള ജനപ്രതിനിധിയാണ്. പത്തനംതിട്ട ജില്ല പൂർണമായി ഇടതുപക്ഷത്തിനൊപ്പം നിന്നതും വീണയ്ക്ക് അനുകൂല ഘടകമാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതുടങ്ങിയ സഭാ ടി.വി. കൂടുതൽ കാര്യക്ഷമമാക്കുക എന്ന ഉദ്ദേശ്യംകൂടി വീണയെ സ്പീക്കറാക്കുന്നതിലുണ്ട്. ശൈലജയ്ക്ക് പുറമേ, കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന അഞ്ചുപേർ പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരിലുണ്ട്.

ടി.പി. രാമകൃഷ്ണൻ, എം.എം. മണി, എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, കെ.ടി. ജലീൽ എന്നിവരാണിത്. ഇവരിൽ ആർക്കെങ്കിലും രണ്ടാംതവണ നൽകണമോയെന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റായിരിക്കും തീരുമാനമെടുക്കുക.