അടൂർ: ആരോഗ്യമന്ത്രി വീണാ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങൾ നടക്കുന്നതിനിടെ മന്ത്രിയുടെ രൂക്ഷമായ ഒരു ആരോപണത്തിന്റെ നിജസ്ഥിതിയാണ് എല്ലാവരും തിരയുന്നത്. ലൈംഗികാതിക്രമ പരാതിയിൽ ആരോഗ്യ വകുപ്പ് എടുത്ത നടപടി ചിറ്റയം എതിർത്തുവെന്ന ഗുരുതരമായ ആരോപണമാണ് വീണ ഉന്നയിച്ചത്.

ഇന്നലെ വീണാ ജോർജിനെതിരേ ചാനലുകൾക്ക് മുന്നിൽ ചിറ്റയം പൊട്ടിത്തെറിച്ചിരുന്നു. ഒരു ദിവസത്തിന് ശേഷമാണ് വീണയുടെ മറുപടി വന്നത്. അതും രൂക്ഷമായ ആരോപണവുമായി. മുഖ്യമന്ത്രിയുടെയും സിപിഎമ്മിലെ ഉന്നത നേതാക്കളുടെയും അനുഗ്രഹാശിസുകളോടെയാണ് മന്ത്രിയുടെ പ്രതികരണം എന്നു വേണം കരുതാൻ.

ഇന്ന് വീണാ ജോർജ് ഉന്നയിച്ച ആരോപണത്തിലെ ലൈംഗികാതിക്രമം അടൂർ ജനറൽ ആശുപത്രിയിലെ രണ്ടു ജീവനക്കാർ ഉൾപ്പെട്ടതാണെന്നാണ് സൂചന. ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായിരുന്ന പന്നിവിഴ കാറ്റാടിയിൽ വിജേഷ്(സച്ചു40) ആണ് പീഡനക്കേസിൽ അറസ്റ്റിലായത്. ഭർത്താവില്ലെന്ന് മനസിലാക്കി അർധരാത്രി വീട്ടിൽ കയറി നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്.
കഴിഞ്ഞ വർഷം ജൂൺ19 ന് പുലർച്ചെ 2.30 നാണ് കേസിനാസ്പദമായ സംഭവം. ജനറൽ ആശുപത്രിയിൽ താൽകാലിക ജോലി നോക്കുന്ന മാരൂർ സ്വദേശിനിക്ക് നേരെയാണ് പീഡനശ്രമം.

ഒരേ ആശുപത്രിയിൽ ജോലി നോക്കുന്നതിനാൽ ഇരുവരും തമ്മിൽ മുൻപരിചയമുണ്ട്. രാത്രിയിൽ പരാതിക്കാരിയുടെ ഭർത്താവ് വീട്ടിൽ ഇല്ലെന്ന് മനസിലാക്കിയാണ് വിജേഷ് അവിടെ എത്തിയത്. ഫോൺ വിളിച്ച് കതകു തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവതി തുറന്നില്ല. തുടർന്ന് ഭീഷണി മുഴക്കിയപ്പോൾ യുവതി വാതിൽ തുറക്കാൻ നിർബന്ധിതയായി. വീടിനകത്ത് കയറിയ പ്രതി യുവതിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതി ബഹളം കുട്ടിയതോടെ പ്രതി ഇറങ്ങി ഓടി.

സംഭവം നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷം ജൂലൈ ഏഴിനാണ് യുവതി ഏനാത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിവരം അറിഞ്ഞ് മുങ്ങിയ പ്രതിയെ ബുധനാഴ്ച ഉച്ചയ്ക്കാണ് പിടികൂടിയത്. ഈ സംഭവത്തിൽ പ്രതിക്കെതിരേ നടപടി വൈകിയതിന്റെ പേരിൽ ആശുപത്രിയിലെ തന്ത്രപ്രധാന തസ്തികയിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഉദ്യോഗസ്ഥരുരെ സ്ഥലം മാറ്റുന്നതാണ് ചിറ്റയം എതിർത്തതെന്നാണ് സൂചന. ഇതാണ് വീണാ ജോർജ് സൂചിപ്പിച്ചതെങ്കിലും ലൈംഗികാതിക്രമത്തിന് പിന്നിലെ കഥയറിയാത്തവർ ഇതിന്റെ പൊരുൾ തേടി നടക്കുകയാണ്.

വീണയ്ക്കെതിരേ ചിറ്റയം ഉന്നയിച്ച പരാതി സിപിഎമ്മിന്റെ നേതാക്കൾക്ക് അടക്കമുണ്ട്. ഒരാളുടെയും ഫോൺ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്യാറില്ല. തനിക്ക് താൽപര്യമുള്ളവരുടെയും സഭാ നേതാക്കളുടെയും മാത്രം ഫോൺ എടുക്കും. ഇത് ഒരു പരാതിയായി നിരവധി സിപിഎം നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. ഈ കാര്യമാണ് ചിറ്റയം ചൂണ്ടിക്കാട്ടിയത്.

അതിന്റെ പേരിൽ വീണ നടത്തിയ പ്രതികരണം കടന്ന കൈയായിപ്പോയി എന്നാണ് സിപിഐ നേതാക്കൾ പറയുന്നത്. അടൂർ സിപിഐ-സിപിഎം സംഘട്ടനം രൂക്ഷമായ പ്രദേശമാണ്. അവിടെ സംഘർഷം രൂക്ഷമാകുന്ന അവസ്ഥയിലേക്കാണ് മന്ത്രിയുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും വാക്പോര് പോകുന്നത്.