തിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിയമസഭയിലെ വിവാദ മറുപടി തിരുത്തി. ചോദ്യോത്തരത്തിനുള്ള മറുപടി തയ്യാറാക്കിയപ്പോൾ സംഭവിച്ച സാങ്കേതിക പിഴവാണ് മറുപടി മാറാൻ കാരണമെന്നാണ് വിശദീകരണം. തിരുത്തിയ മറുപടി പ്രസിദ്ധീകരിക്കാൻ സ്പീക്കർക്ക് അപേക്ഷ നൽകിയതായും ആരോഗ്യമന്ത്രി അറിയിച്ചു.

'ആരോഗ്യവകുപ്പിലെ രണ്ട് വിഭാഗങ്ങൾ ഉത്തരം തയ്യാറാക്കിയതുമൂലം സംഭവിച്ച പിശകാണിത്. തിരുത്തിയ ഉത്തരം സഭയിൽ വെക്കാൻ സ്പീക്കറുടെ അനുമതി തേടും,' മന്ത്രി കൂട്ടിച്ചേർത്തു. സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഡോക്ടർമാർക്കെതിരേയുള്ള അതിക്രമങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി പരാമർശിച്ചത്.

രണ്ട് വിഭാഗങ്ങളിലായാണ് മന്ത്രിയുടെ ഓഫീസിൽ ചോദ്യോത്തരത്തിനുള്ള മറുപടി തയ്യാറാക്കുന്നത്. പിഴവ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ തിരുത്താൻ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം ഒരുവിഭാഗം നൽകിയ മറുപടി തിരുത്തി. എന്നാൽ തിരുത്തില്ലാത്ത രണ്ടാമത്തെ മറുപടിയാണ് സഭയുടെ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യപ്പെട്ടത്.

മാത്യു കുഴൽനാടൻ നാലാം തീയതി ചോദിച്ച ചോദ്യത്തിനായിരുന്നു ഡോക്ടർമാർക്കെതിരായ അതിക്രമം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വീണാ ജോർജ് പറഞ്ഞിരുന്നത്. ആരോഗ്യപ്രവർത്തകർക്കെതിരായ അക്രമം തടയുന്നതിന് നിലവിലെ നിയമങ്ങൾ പര്യാപ്തമാണോ എന്ന ചോദ്യത്തിന് 2012ലെ കേരള ആരോഗ്യരക്ഷാ സേവനപ്രവർത്തകരും ആരോഗ്യരക്ഷാ സേവനസ്ഥാപനങ്ങളും ആക്ടിൽ പറയുന്ന ശിക്ഷാനടപടികൾ പര്യാപ്തമാണെന്നും മറുപടി നൽകി.

ഡോക്ടർമാർക്കെതിരേ അതിക്രമങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നതിനിടെ ആരോഗ്യമന്ത്രിയുടെ വിചിത്ര മറുപടി മെഡിക്കൽ സംഘടനകളുടെ ഭാഗത്തുനിന്നടക്കം വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.