തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയിൽ നിന്നും നവജാത ശിശുവിനെ വേർപ്പെടുത്തി ദത്ത് നൽകിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടങ്ങിയെന്ന് ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. വനിത ശിശുക്ഷേമ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. അമ്മക്ക് കുഞ്ഞിനെ നൽകുകയെന്നതാണ് അഭികാമ്യമെന്ന് മന്ത്രി അറിയിച്ചു.

'വിഷയത്തിൽ സർക്കാരിന് ഒരു അവ്യക്തതയും ഇല്ല. അമ്മയുടെ വേദന, മനസിലാവും. കോടതി വഴി തീർപ്പാക്കേണ്ട വിഷയമാണ്. അതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കും. അമ്മയുടെ കണ്ണീരിനൊപ്പമാണ് സർക്കാർ.' വീണ ജോർജ്ജ് പറഞ്ഞു.

2020 ഒക്ടോബർ മാസത്തിലാണ് യുവതിക്ക കുഞ്ഞ് ജനിക്കുന്നത്. ഏതാനും ദിവസങ്ങൾക്കകം കുഞ്ഞിനെ അമ്മ തൊട്ടിലിൽ കിടത്തിയതായി മനസിലാക്കുന്നു. പിന്നീട് 2021 ഏപ്രിൽ മാസത്തിലാണ് യുവതി പരാതി നൽകുന്നത്. പരാതിയിൽ പറയുന്ന കാലയളവിൽ രണ്ട് കുഞ്ഞുങ്ങളെയാണ് ശിശുക്ഷേമ സമിതിയുടെ കേന്ദ്രത്തിൽ ലഭിച്ചത്. അതിൽ ഡിഎൻഎ പരിശോധനയിൽ ഒരു കുഞ്ഞ് ഇവരുടേതല്ലായെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ ദത്തെടുത്തു. അവർക്കൊപ്പമാണ് കുഞ്ഞെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.

അനുപമയുടെ പരാതി അവഗണിക്കരുതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ആവശ്യപ്പെട്ടു. അതേസമയം ദത്ത് വിവരങ്ങൾ നൽകാനാവില്ലെന്ന് ശിശുക്ഷേമസമിതി നിലപാടെടുത്തതോടെ പൊലീസ് അന്വേഷണം ഇതുവരെ കാര്യമായി മുന്നോട്ട് പോയിട്ടില്ല.

സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. വിഷയത്തിൽ ഡിജിപിയോട് അടിയന്തര റിപ്പോർട്ട് തേടിയ കമ്മീഷൻ അ്ധ്യക്ഷ അഡ്വ. പി സതീദേവി തിരുവനന്തപുരത്ത് അടുത്ത മാസം വിളിച്ചുവരുത്തുന്ന സിറ്റിംഗിൽ കക്ഷികളെ വിളിച്ചുവരുത്തും. കുഞ്ഞിനെ കാണാതായ സംഭവത്തിൽ ശിശുക്ഷേമ സമിതിക്കെതിരെ ആരോപണമുയർന്നതിന് പിന്നാലെയാണ് അടിയന്തര നടപടി.

പ്രസവിച്ച് മൂന്നാം നാൾ അനുപമയുടെ മാതാപിതാക്കൾ എടുത്ത് മാറ്റിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാർക്ക് ദത്ത് നൽകിയെന്നാണ് പുറത്തു വരുന്ന വിവരം. ആദ്യഘട്ടമെന്ന നിലയിൽ താൽക്കാലിക ദത്ത് നൽകിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നൽകാനുള്ള നടപടികൾ കോടതിയിൽ നടക്കുകയാണ്.

കുഞ്ഞിനെ തേടി അനുപമയും ഭർത്താവും രംഗത്തെത്തിയിട്ടും ഇതിൽ പരാതി നിലനിൽക്കെയും ദത്ത് നടപടികൾ പൂർത്തിയാക്കാനാണ് ശിശുക്ഷേമ സമിതി ശ്രമിക്കുന്നതെന്ന് അനുപമയും ഭർത്താവ് അജിത്തും ആരോപിച്ചിരുന്നു.

ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാവുമായ ഷിജു ഖാനെതിരെയാണ് ഇരുവരും ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. നിലവിൽ പേരൂർക്കട പൊലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്നും അന്വേഷണ മേൽനോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ വ്യക്തമാക്കിയിരുന്നു.

കുഞ്ഞിനായുള്ള അനുപമയുടെ അന്വേഷണം ആറ് മാസമായി തുടരുമ്പോഴും നിർജീവമായിരുന്ന സർക്കാർ സംവിധാനങ്ങൾ മാധ്യമവാർത്തകൾക്ക് പിന്നാലെ പ്രതികരിക്കുകയാണ്. ശിശുക്ഷേമസമിതിയിൽ കുട്ടി എത്തിയത് എങ്ങിനെയെന്നതടക്കം അന്വേഷിക്കാനാണ് വനിതാശിശുക്ഷേമവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ നിയമം അനുവദിക്കുന്നില്ലെന്നാണ് ശിശുക്ഷേമസമിതിയുടെ നിലപാട്. അനുപമയുടെ കുട്ടിയെ കിട്ടിയോ, പിന്നീട് എന്ത് ചെയ്തു തുടങ്ങിയ വിവരങ്ങൾ ചോദിച്ച് പൊലീസ് നൽകിയ കത്തിനാണ് മറുപടി. കുട്ടിയെ ലഭിച്ചതായി പറയുന്ന 2020 ഒക്ടോബർ 19നും 25നും ഇടയിൽ രണ്ട് ആൺകുട്ടികളെ ലഭിച്ചൂവെന്ന് മാത്രമാണ് മറുപടി.

കൂടുതൽ വിവരങ്ങൾക്ക് സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അഥോറിറ്റിയുമായി ബന്ധപ്പെടാൻ പറഞ്ഞ് കയ്യൊഴിയുകയും ചെയ്തു. ഇതോടെ അവർക്ക് കത്തെഴുതാനാണ് പൊലീസ് തീരുമാനം. അതിനിടെ ശിശുക്ഷേമസമിതിയിലേക്കെതിരെ പ്രതിഷേധം കടുത്തു. യൂത്ത് കോൺഗ്്രസ് മാർച്ചിൽ നേരിയസംഘർഷമുണ്ടായി. കുഞ്ഞിന്റെ കാര്യത്തിൽ സർക്കാർ മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.