തിരുവനന്തപുരം: ശിശുക്ഷേമ സമിതിക്ക് ദത്ത് നൽകാനുള്ള ലൈസൻസ് കാലാവധി അവസാനിച്ചു എന്ന വാർത്ത തെറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇങ്ങനെയൊരു പ്രചാരണം എങ്ങനെ ഉണ്ടായെന്ന് അറിയില്ല. 2015ലെ കേന്ദ്ര നിയമം, 2017ലെ അഡോപ്ഷൻ റെഗുലേഷൻ നിയമം എന്നിവ അനുസരിച്ച് സമിതികൾക്ക് ഒരു ലൈസൻസ് മതി. നിലവിൽ ശിശുക്ഷേമ സമിതിക്ക് അടുത്തവർഷം ഡിസംബർ വരെ കാലാവധി ഉണ്ടെന്നും വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

ദത്ത് വിവാദത്തിൽ കുഞ്ഞിന്റെ അവകാശത്തിനാണ് സർക്കാർ പ്രാഥമിക പരിഗണന നൽകുന്നതെന്നും വീണാ ജോർജ് പറഞ്ഞു. കുഞ്ഞിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്നത് ഉൾപ്പെടെ ചിത്രീകരിച്ചിട്ടുണ്ട്. ആന്ധ്രയിൽ ഡിഎൻഎ ടെസ്റ്റ് ചെയ്യാത്തത് സുതാര്യത ഉറപ്പാക്കാനാണ്. അനുപമായാണ് അമ്മയെങ്കിൽ കുഞ്ഞിനെ അവർക്ക് വേഗം ലഭിക്കട്ടെ എന്നും വീണാ ജോർജ് പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം അനധികൃത ദത്തുകേസിലെ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നതായി കേസിലെ പരാതിക്കാരി അനുപമ എസ്. ചന്ദ്രൻ പറഞ്ഞു. പരിശോധനക്കായി സാമ്പിളുകൾ ഒരുമിച്ച് ശേഖരിക്കണം. ഇന്നുതന്നെ കുഞ്ഞിനെ കാണാൻ അനുവദിക്കണമെന്നും അനുപമ ആവശ്യപ്പെട്ടു. ഇതിനിടെ ഡിഎൻഎ പരിശോധനക്കായി സിഡബ്യുസി ഉടൻ നോട്ടീസ് നൽകിയേക്കും.

ഡിഎൻഎ പരിശോധനക്കായി എന്ന് സാമ്പിൾ എടുക്കും, എപ്പോൾ എടുക്കും, എങ്ങനെ എടുക്കും, ഒരുമിച്ചാണോ എടുക്കുക ഇങ്ങനെ ഒന്നിലും ഔദ്യോഗികമായ അറിയിപ്പ് തന്നിട്ടില്ലെന്ന് അനുമപ ആരോപിച്ചു. 'ഞങ്ങൾക്ക് ഉത്കണ്ഠ ഉണ്ടാകില്ലെ കുഞ്ഞിന്റെ കാര്യത്തിൽ? ഡിഎൻഎ സാമ്പിൾ രണ്ടായിട്ടേ എടുക്കുകയുള്ളു, കുഞ്ഞിന്റെ പ്രത്യേകമായാണ് എടുക്കുന്നത് എന്ന് പറയുന്നു. എന്തിനാണ് അങ്ങനെ ഒരു വാശി ? ഇവർ എല്ലാം വ്യക്തിപരമായാണ് കാണുന്നത്. കോടതിയുടെ കാര്യം ഒക്കെ പറയുന്നു. കുഞ്ഞിന്റെ കാര്യം പുതിയ കേസായി പരിഗണിച്ച് എന്ത് തീരുമാനവും സിഡബ്യുസിക്ക് എടുക്കാം എന്ന് നിർദ്ദേശം കൊടുത്തിരിക്കെ അവർക്കുള്ള അധികാരത്തിൽ പെരുമാറിക്കൂടെ? ' - ഒരു മാധ്യമത്തോട് സംസാരിക്കവേ അനുപമ ചോദിച്ചു.

നേരത്തെ, ദത്തുവിവാദത്തിൽ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ജില്ലാ ശിശുക്ഷേമസമിതി നിയോഗിച്ച പ്രത്യേകസംഘം ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ഞായറാഴ്ച രാത്രി 8.28-നാണ് കുഞ്ഞുമായി സംഘം വിമാനത്താവളത്തിൽ വന്നിറങ്ങിയത്. പതിനഞ്ചുമിനിറ്റിനകം കുഞ്ഞിനെ കുന്നുകുഴിയിലുള്ള നിർമല ശിശുഭവനിലെത്തിച്ചു. ഡി.എൻ.എ. പരിശോധന നടത്തുംവരെ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ സംരക്ഷണയിലായിരിക്കും കുഞ്ഞ്. അതിനുശേഷം സംരക്ഷിക്കാൻ കഴിയുന്നയാളെ കണ്ടെത്തി കൈമാറും.