പത്തനംതിട്ട: സ്ത്രീധനം കൊടുക്കുകയില്ലെന്നും വാങ്ങുകയില്ലെന്നും ഓരോരുത്തരും ഉറച്ച തീരുമാനം എടുക്കേണ്ട സമയമാണിതെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ത്രീധന-ഗാർഹിക പീഡനങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച അപരാജിതയുടെ ഭാഗമായ സേ നോ ടു ഡൗറി ബോധവത്കരണ പരിപാടികളുടെ പത്തനംതിട്ട ജില്ലാ തല ഉദ്ഘാടനം ജില്ലാ പൊലീസ് കാര്യാലയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാസമ്പന്നരുടെ നാടായ കേരളത്തിൽ, ഈ കാലഘട്ടത്തിൽ സ്ത്രീധനത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടിവരുന്നു എന്നുള്ളത് വളരെ ഗൗരവത്തോടെ നാം ചിന്തിക്കേണ്ട കാര്യമാണെന്ന് മന്ത്രി പറഞ്ഞു.

ഈ ആധുനിക കാലഘട്ടത്തിലും സ്ത്രീധന പീഡനങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്നു എന്നത് ലജ്ജാവഹമാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീധനം എന്ന ദുരാചാരം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും ആ നിയമത്തിന്റെ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ആരും ശ്രമിക്കുന്നില്ലെന്നും ഇതിന് മാറ്റമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീധനത്തിനെതിരെയുള്ള ഈ ക്യാമ്പയിനിൽ നാം ഓരോരുത്തരും പ്രചാരകരാകണമെന്നും ഏറ്റവും നല്ല മാതൃകാ പ്രവർത്തനങ്ങൾ നടത്താൻ പത്തനംതിട്ട ജില്ലയ്ക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ തയാറാക്കിയ സേ നോ ടു ഡൗറി പോസ്റ്ററിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. സ്ത്രീധനത്തിനെതിരായ പ്രതിജ്ഞ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പങ്കെടുത്തവരും ജില്ലാ പൊലീസ് ആസ്ഥാനത്തെ വിവിധ യൂണിറ്റുകളിലെ പൊലീസ് ഉദ്യോഗസ്ഥരും, മിനിസ്റ്റീരിയൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവരും സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. അപരാജിതയുടെ നോഡൽ ഓഫീസറും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുമായ ആർ. നിശാന്തിനി അധ്യക്ഷത വഹിച്ചു. ബോധവത്കരണ വീഡിയോയുടെ പ്രകാശനം ജില്ലാ അഡിഷണൽ പൊലീസ് സുപ്രണ്ട് എൻ. രാജൻ നിർവഹിച്ചു. ജില്ലാ പൊലീസ് ഫോട്ടോഗ്രാഫർ ജി. ജയദേവ കുമാർ ആണ് ബോധവത്കരണ വീഡിയോ തയാറാക്കിയത്.

ചടങ്ങിൽ ബോധവത്കരണ ആൽബത്തിന്റെ പ്രദർശവും നടന്നു. കന്റോൺമെന്റ് എസ്ഐ സി. മധുവിന്റെ നേതൃത്വത്തിലാണ് ആൽബം തയാറാക്കിയത്. തുടർന്ന് സേ നോ ടു ഡൗറി എന്നെഴുതിയ വർണ ബലൂണുകൾ മന്ത്രി വീണാ ജോർജ്, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി എന്നിവർ ചേർന്ന് ആകാശത്തേയ്ക്ക് പറത്തി. ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ. സുധാകരൻ പിള്ള, ഡിസിആർബി ഡിവൈഎസ്‌പി എ. സന്തോഷ് കുമാർ, പത്തനംതിട്ട ഡിവൈഎസ്‌പി കെ. സജീവ്, അടൂർ ഡിവൈഎസ്‌പി ആർ. ബിനു, ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്‌പി വി.ജെ. ജോഫി, വനിതാ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.ആർ. ലീലാമ്മ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ പങ്കെടുത്തു.