തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി ജില്ലാതല സർക്കാർ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടക്കുന്ന എറണാകുളം ജനറൽ ആശുപത്രി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർമാരേയും മറ്റെല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.

രാജ്യത്ത് മെഡിക്കൽ കോളേജുകളിൽ മാത്രമുള്ള ഹൃദയ ശസ്ത്രക്രിയാ സൗകര്യമാണ് ജില്ലാതല ആശുപത്രിയിലും യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. മെഡിക്കൽ കോളേജുകൾക്ക് പുറമെ സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ ആശുപത്രികളിൽ സ്പെഷ്യാലിറ്റി സൗകര്യങ്ങളും സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളും ഒരുക്കി വരികയാണ്. ഇതിലൂടെ സാധാരണക്കാർക്കും അത്യാധുനിക ചികിത്സ തൊട്ടടുത്ത് ലഭ്യമാകും. ഇതിന്റെ തുടർച്ചയായാണ് എറണാകുളം ജനറൽ ആശുപത്രിയിൽ കാർഡിയാക് വിഭാഗം ശക്തിപ്പെടുത്തിയതും മറ്റ് സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനങ്ങളൊരുക്കിയതും.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിലാണ് കാർഡിയോ തൊറാസിക് സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ സർജറി നടക്കുന്ന ഓപ്പറേഷൻ തീയറ്ററും ആവശ്യമായ ഉപകരണങ്ങളും ഉൾപ്പെടയുള്ളവ ഈ സർക്കാരിന്റെ കാലത്താണ് സജ്ജമാക്കിയത്. ഇതിനായി കാർഡിയാക് തൊറാസിക് സർജന്മാരെ ആശുപത്രിയിൽ പ്രത്യേകമായി നിയമിച്ചു.

ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയ്ക്ക് പുറമേയാണ് ബൈപ്പാസ് ശസ്ത്രക്രിയയും എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ചത്. ഹൃദ്രോഗ ശസ്ത്രക്രിയ പ്രവർത്തനം ആരംഭിക്കുന്നതോടെ ബൈപാസ് ശസ്ത്രക്രിയ കൂടാതെ വാൽവ് മാറ്റിവെക്കൽ, ജന്മനായുള്ള ഹൃദയ തകരാറുകൾ, ശ്വാസകോശ രോഗങ്ങൾ മുതലായവ പരിഹരിക്കുന്നതിന് ജനറൽ ആശുപത്രി സജ്ജമാകും.

കോട്ടയം മെഡിക്കൽ കോളേജ് ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറാണ് ആദ്യത്തെ ബൈപാസ് സർജറിക്ക് നേതൃത്വം നൽകുന്നത്.