തിരുവനന്തപുരം: വാഹനപരിശോധനയും പിഴ ഈടാക്കുന്നതും കുറഞ്ഞതിനെ തുടർന്ന് മോട്ടോർവാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. 30 ആർ.ടി ഓഫിസുകളിലെ ഉദ്യോഗസ്ഥരോടാണ് ട്രാൻസ്പോർട്ട് കമീഷണർ വിശദീകരണം തേടിയത്. വാഹനപരിശോധന കുറഞ്ഞതിന്റെ കാരണം നിശ്ചിത ദിവസത്തിനുള്ളിൽ അറിയിക്കണം. തെരഞ്ഞെടുപ്പ് നടന്ന മാർച്ചിൽ വാഹനപരിശോധന കുറഞ്ഞതാണ് നടപടിക്ക് വഴിവെച്ചത്.

തെരഞ്ഞെടുപ്പ് ജോലിത്തിരക്ക് മൂലം പഴയപടി വാഹനപരിശോധന നടന്നിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. തെരഞ്ഞെടുപ്പ് ആവശ്യത്തിനുവേണ്ടി റവന്യൂവകുപ്പ് ആവശ്യപ്പെട്ട വാഹനങ്ങൾ എത്തിക്കേണ്ട ചുമതല മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്കായിരുന്നു. പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് യാത്രചെയ്യാൻ ബസുകൾ, മിനിവാനുകൾ എന്നിവ ഒരുക്കേണ്ടിയും വന്നു.

ആഴ്ചകൾ ഇതിനായി ചെലവഴിക്കേണ്ടിവന്നു. കോവിഡ് രോഗവ്യാപനം വർധിച്ചതും വാഹനപരിശോധനക്ക് തടസ്സമായതായി ജീവനക്കാർ പറയുന്നു. വാഹനപരിശോധന കുറയുന്നത് റോഡ് സുരക്ഷാനടപടികളെ ബാധിക്കുന്നതിനാലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്നതാണ് ഔദ്യോഗിക വിശദീകരണം. ഓൺലൈൻ സംവിധാനമായ ഇ-ചെലാൻ വഴി ഗതാഗതനിയമലംഘനങ്ങൾക്ക് പിഴയീടാക്കാൻ സാധിക്കുമെന്നിരിക്കെ, അതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നില്ല.

ബസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകുന്നതുൾപ്പെടെ പരിശോധിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. അതും പലരും പാലിച്ചില്ല. ഈ സാഹചര്യത്തിൽകൂടിയാണ് വിശദീകരണം തേടിയതത്രെ.