തിരുവനന്തപുരം: എല്ലാം 'പൊളി'ക്കുന്ന കാലത്ത് വേറിട്ടൊരു പൊളിക്കലുമായി എത്തുകയാണ് കേന്ദ്രസർക്കാർ. നമ്മുടെ യൂത്തന്മാർ ഉപയോഗിക്കുന്ന പൊളിയല്ല മറിച്ച് വർഷങ്ങൾ പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചടുക്കാനാണ് കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതി.പഴക്കം വന്ന വാഹനങ്ങൾ പൊളിച്ചുവിൽക്കുന്നതിനുള്ള നയം ബജറ്റിലൂടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു.പദ്ധതി പ്രഖ്യാപിച്ചതോടെ പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് സമൂഹത്തിൽ നിന്ന് ഉയർന്ന് വരുന്നത്. ആകെത്തുകയിൽ പദ്ധതി ഗുണകരമാണെങ്കിലും വാഹനമേഖലയെ വിവിധ തരത്തിൽ ഈ പദ്ധതി പ്രതികൂലമായും ബാധിക്കും.20 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറക്കുന്നത് തടയുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഈ ഏപ്രിലിൽ രാജ്യത്ത് അവതരിപ്പിക്കുന്ന സ്‌ക്രാപ്പ് പോളിസി 2022 ഏപ്രിലിലാണ് നിലവിൽ വരിക എന്നാണ് സൂചന. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം വാഹനവിപണിയിൽ വലിയ പ്രതീക്ഷയാണ് ഉണർത്തിയിരിക്കുന്നത്.

വ്യക്തതയായില്ല...പക്ഷെ നിരീക്ഷണങ്ങൾ ഇങ്ങനെ

പഴയവാഹനങ്ങൾ ഒഴിവാക്കാനായി ബജറ്റിൽ പ്രഖ്യാപിച്ച പൊളിനയത്തെക്കുറിച്ച് വ്യക്തതയായില്ല. നയം കൂടുതൽ ചർച്ചകൾക്കു ശേഷമായിരിക്കും പൂർണമായും നടപ്പാക്കുകയെന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞത്. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ റോഡുകളിൽനിന്ന് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. സ്വകാര്യവാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് 20 വർഷത്തിനു ശേഷവും പൊതുവാഹനങ്ങൾ 15 വർഷത്തിലും നടത്തണമെന്നാണിതിൽ പറയുന്നത്. അതിനുശേഷം ഉടമകൾക്ക് വാഹനങ്ങൾ പൊളിക്കാനായി നൽകാം. ഇപ്പോൾ കേരളത്തിൽ പതിനഞ്ചുവർഷമാണ് സ്വകാര്യവാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി. പതിനഞ്ചുവർഷത്തിനുശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി രജിസ്ട്രേഷൻ നീട്ടി നൽകും.

എന്നാൽ, പൊതുവാഹനങ്ങൾക്ക് വർഷംതോറും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഇപ്പോൾ റോഡിലുള്ള വാഹനങ്ങൾക്കാണോ അതോ പുതിയ വാഹനങ്ങൾക്കാണോ നയം ബാധകമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. പുതിയ രജിസ്ട്രേഷനിൽ ഇറക്കുന്ന വാഹന ഉടമകൾക്ക് പുതിയ നയം ഗുണമായിരിക്കും. കാരണം 20 വർഷം വരെ രജിസ്ട്രേഷൻ കാലാവധിയുണ്ടാകും.

പുതിയനയത്തിലൂടെ പഴയവാഹനങ്ങൾ പൊളിക്കുന്ന പുതിയൊരു വ്യവസായവും തൊഴിലവസരങ്ങളും തുറക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. 10,000 കോടിയുടെ നിക്ഷേപവും 50,000 തൊഴിലവസരവും ഉണ്ടാവുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞത്. ഏതാണ്ട് ഒരുകോടി വാഹനങ്ങൾ ഇതിന്റെ പരിധിയിൽ വരുമെന്നാണ് കണക്ക്. 20 വർഷത്തിനുമുകളിൽ 51 ലക്ഷവും പതിനഞ്ചുവർഷത്തിനുള്ള മുകളിലുള്ള 34 ലക്ഷം വാഹനങ്ങളും ഇന്ത്യയിലുണ്ടെന്നാണ് ഏകദേശകണക്ക്. ഇവയുണ്ടാക്കുന്ന മലിനീകരണം രൂക്ഷമാണ്. വാഹനങ്ങൾ പൊളിക്കുന്ന വ്യവസായത്തിന് അനുബന്ധവ്യവസായങ്ങൾക്കും ഇത്തരത്തിൽ ഗുണമുണ്ടാകും.

2019-ലാണ് 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയം കൊണ്ടുവരാൻ നിർദ്ദേശിക്കപ്പെട്ടത്. വൈദ്യുത വാഹനങ്ങളിലേക്കുള്ള ചുവടുവെപ്പായിരുന്നു അത്. നയം പൂർണമായി നടപ്പായിക്കഴിഞ്ഞാൽ രാജ്യത്ത് വാഹനങ്ങളുടെ വിലകുറയുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇരുമ്പടക്കമുള്ള വാഹനഭാഗങ്ങൾ ഇവിടെത്തന്നെ പുനരുപയോഗിക്കാൻ കഴിയുന്നതിലൂടെയായിരിക്കും അത്. അതോടൊപ്പം ഇന്ത്യയിലെ വാഹനവിൽപ്പന രംഗത്തും മുന്നേറ്റമുണ്ടാക്കും.

നിയമം നടപ്പിലായാൽ ഏറ്റവും വലിയ വാഹന വിപണി കേരളം

നിയമം നടപ്പിലായാൽ ഏറ്റവും വലിയ വാഹന വിപണി കേരളമായിരിക്കും.പൊളിച്ചടുക്കൽ നയം നടപ്പായാൽ കേരളത്തിലെ 35 ലക്ഷം വാഹനങ്ങളെ ബാധിക്കുക. 20 വർഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹനങ്ങൾ കേരളത്തിലുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്. ഇതിൽ 70 ശതമാനവും ഇരുചക്ര വാഹനങ്ങളാ
ണ്.രണ്ടാം സ്ഥാനത്ത് കാറുകളും.

നിലവിൽ കേരളത്തിൽ 1,41,84,184 വാഹനങ്ങളുണ്ട്. 1,000 ആളുകൾക്ക് 425 വാഹനങ്ങൾ എന്ന നിലയിലാണ് കേരളത്തിലെ വാഹനപ്പെരുപ്പം. രാജ്യത്ത് ഏറ്റവും വാഹനസാന്ദ്രതയുള്ള സംസ്ഥാനവും കേരളമാണ്. പ്രതിവർഷം 10.7 ശതമാനം എന്ന നിലയിൽ വാഹന വളർച്ച നേടുന്ന സംസ്ഥാനത്ത് മൊത്തം വാഹനങ്ങളുടെ 65 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. അതിനാൽ പൊളിച്ചടുക്കൽ നയം ഏറ്റവും ബാധിക്കുക ഇരുചക്രവാഹനങ്ങളെയാണ്. രണ്ടാം സ്ഥാനത്ത് കാറുൾെപ്പടെ നാല് ചക്രവാഹനങ്ങളാണ്,22 ശതമാനം. ഓട്ടോറിക്ഷയും ചരക്ക് വാഹനങ്ങളും അഞ്ച് ശതമാനം വീതവും. ഒരു ശതമാനം മാത്രമാണ് ബസ്.

റോഡപകടങ്ങളിലും അപകടമരണത്തിലും പ്രതീക്ഷിച്ച കുറവുണ്ടാകാത്ത കേരളത്തിൽ സ്‌ക്രാപ്പ് പോളിസി കാര്യമായ മാറ്റത്തിന് വഴിതെളിക്കും. പഴയ വാഹനങ്ങൾ നിരത്തിൽനിന്ന് ഒഴിയുന്നതോടെ വാഹനത്തകരാർ കാരണമുള്ള അപകടങ്ങളും കുറയും. പുതിയ വാഹനങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതലാണെന്നതിനാൽ അപകട മരണനിരക്ക് കാര്യമായി കുറയും.

പഴയതും നിരത്തിലിറങ്ങാൻ യോഗ്യമല്ലാത്തതുമായ വാഹനങ്ങൾ പൊളിക്കുമെന്നാണ് പ്രഖ്യാപനം. 15 വർഷമായ വാണിജ്യവാഹനങ്ങളും 20 വർഷമായ സ്വകാര്യവാഹനങ്ങളും സ്വമേധയാ പൊളിച്ചുവിൽക്കുന്നതിനാണ് നയം രൂപവത്കരിച്ചിരിക്കുന്നത്. കാലാവധി പൂർത്തിയായ വാഹനങ്ങൾ ഫിറ്റ്‌നെസ് ടെസ്റ്റിന് വിധേയമാക്കിയ ശേഷമുള്ള പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഒഴിവാക്കുക.

നിയമം ഏതായും പണി ബസ്സിന് തന്നെ

കേന്ദ്രസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പഴയവാഹനങ്ങളുടെ പൊളിക്കൽനയം സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകൾക്ക് തിരിച്ചടിയാകും. കഴിഞ്ഞ വർഷമാണ് സംസ്ഥാന സർക്കാർ, ബസുകളുടെ ഉപയോഗ കാലാവധി 20 ആയി ഉയർത്തിയത്. സ്വകാര്യ ബസ്സുടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്.രാജ്യത്ത് ആദ്യമായി പൊതുവാഹനങ്ങളുടെ കാലാവധി 15 വർഷമായി നിശ്ചയിച്ചത് സംസ്ഥാനസർക്കാരായിരുന്നു. ഇതിലാണ് 2019-ൽ ഇളവനുവദിച്ചത്. കേന്ദ്രനയം വരുന്നതോടെ ഇത് നഷ്ടമാകും.

പരിസരമലിനീകരണം കണക്കിലെടുത്താണ്, 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ബസുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചത്. പരിസ്ഥിതി സൗഹൃദമായ സി.എൻ.ജി., എൽ.എൻ.ജി. ഇന്ധനങ്ങളിലേക്കുമാറുന്ന പഴയ വാഹനങ്ങൾക്ക് ഇളവുനൽകേണ്ടിവരും. ഇന്ധനമാറ്റത്തിനായി സംസ്ഥാനസർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എഫ്.സി. വായ്പയും നൽകുന്നതാണ് ഈ മേഖലയ്ക്ക് പ്രതീക്ഷയ്ക്കു വകനൽകുന്നത്.പഴയ വാഹനങ്ങളുടെ പൊളിക്കൽ നയം ഏറെക്കാലമായി കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ട്. ഇതിന്റെ കരട് തയ്യാറാക്കിയിരുന്നു. ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും പൊളിക്കൽനയം നടപ്പാക്കാൻ കാലതാമസമുണ്ടായേക്കും.

വിവിധതരം വാഹനങ്ങളുടെ ക്ഷമത പരിശോധിക്കാൻ ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകൾ സജ്ജീകരിക്കേണ്ടതുണ്ട്. അംഗീകൃത സ്‌ക്രാപ്പിങ് സെന്ററുകളും സജ്ജമാക്കണം. ഇപ്പോൾ വാഹനം പൊളിക്കാൻ അംഗീകൃത സംവിധാനങ്ങളൊന്നുമില്ല. പൊളിക്കേണ്ട വാഹനങ്ങൾ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ പരിശോധിച്ച് അനുമതി നൽകാറാണു പതിവ്.

പൊളിക്കൽ കേന്ദ്രങ്ങൾക്ക് അവിടെ പൊളിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനും സ്‌ക്രാപ്പ് സർട്ടിഫിക്കറ്റ് നൽകാനും അനുമതിയുണ്ടാകും. പൊളിക്കുന്ന വാഹനത്തിന്റെ ഉടമയ്ക്ക് ഈ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ പുതിയ വാഹനത്തിന് നികുതിയിളവ് ലഭിക്കും. പഴയവാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കലിന് ഇരട്ടി ഫീസും അധികനികുതി ഈടാക്കുന്നതും പരിഗണനയിലുണ്ട്. ഇത് ബസ് മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണു നിഗമനം.

ആശങ്കകൾ ഒഴിവാക്കണമെന്ന് വാഹനപ്രേമികൾ

മലിനീകരണം കുറച്ച് ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ റോഡിലെത്തിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. എങ്കിലും പദ്ധതി പ്രഖ്യാപനം വന്നതോടെ വാഹനപ്രേമികളും പഴയ വണ്ടിക്കച്ചവടക്കാരും വാഹനംകൊണ്ട് ഉപജീവനം നടത്തുന്നവരുമെല്ലാം നിയമം എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ്.കേരളത്തിൽ രണ്ടേകാൽ ലക്ഷം വിന്റേജ് വാഹനങ്ങളുണ്ടെന്നാണ് കണക്ക്. 20 വർഷത്തിന് ശേഷവും എല്ലാ പരിശോധനകളും നടത്തി കൃത്യമായി പരിപാലിച്ച് പുതിയ വാഹനങ്ങൾ പോെല കൊണ്ടുനടക്കുന്നവയെയാണ് വിന്റേജ് വാഹനങ്ങൾ. വിദേശ രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും സ്‌ക്രാപ്പ് പോളിസി ശക്തമായി നടപ്പാക്കിയാൽ വിന്റേജ് വാഹനങ്ങൾ കാഴ്ചവസ്തുവായി മാത്രമേ സൂക്ഷിക്കാനാകൂ. പ്രത്യേക ലൈസൻസും വേണം.ഇതാണ് വാഹനപ്രേമികളെ കൂടുതൽ ആശങ്കയിലാഴ്‌ത്തുന്നത്.

ഓട്ടോ-ടാക്‌സി, ചരക്കുവാഹനങ്ങൾ എന്നിവയിൽ ഭൂരിഭാഗവും 15 വർഷമെന്ന കാലാവധിയോട് അടുത്തവയാണ്. മിക്കവർക്കും ഇത്തരം വാഹനങ്ങൾ വരുമാനമാർഗവുമാണ്. വാഹനങ്ങൾ പൊളിച്ചുവിറ്റ് പുതിയവ വാങ്ങുമ്പോൾ കൂടുതൽ തുക ചെലവഴിക്കേണ്ടിവരുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.സബ്‌സിഡി ഉൾപ്പെടെ മതിയായ സർക്കാർ സഹായങ്ങൾ ലഭിക്കാതെവന്നാൽ കടബാധ്യതയും വായ്പകളും വർധിക്കും. ഇത്തരം കാര്യങ്ങളിലെല്ലാം വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആശങ്കൾ അകറ്റണമെന്നാണ് ഓട്ടോ-ടാക്‌സി ഡ്രൈവർമാരുടെ ആവശ്യം.

ആശങ്കകൾ ഒഴിവാക്കാൻ സർക്കാർ കൃത്യമായി ഇടപെടണമെന്നാണ് ഡ്രൈവർമാർ ഉൾപ്പടെയുള്ളവരുടെ ആവശ്യം.പഴയ വാഹനങ്ങൾ ഒഴിവാക്കണമെന്ന് പറയുന്നത് ഞങ്ങളെ ദുരിതത്തിലാക്കും. പഴയ വാഹനങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കുകയും പുതിയ വാഹനങ്ങൾ വാങ്ങാൻ സാമ്പത്തികസഹായം അനുവദിക്കുകയും ചെയ്താലേ ആശങ്ക മാറുകയുള്ളൂ ഇവർ ചൂണ്ടിക്കാട്ടുന്നു.ഓട്ടോറിക്ഷ ഡ്രൈവർമാർക്കൊക്കെ പദ്ധതി കനത്ത തിരിച്ചടിയാണെന്നും ഇവർ പറയുന്നു.കാലപ്പഴക്കം വന്ന ഓട്ടോറിക്ഷകൾ പെട്ടെന്ന് പൊളിച്ചുവിൽക്കണമെന്ന് ആവശ്യപ്പെട്ടാൽ ഒട്ടേറെ കുടുംബങ്ങളുടെ വരുമാനം മുട്ടും. ഇക്കാര്യത്തിൽ ഒരു പരിഹാരം ഉണ്ടാക്കിയതിനുശേഷം വേണം, തുടർനടപടി കൈകൊള്ളാൻ. സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടൽ വേണമെന്നു ത്‌ന്നെയാണ് ഇവർ പറയുന്നത്.

അതേസമയം നിയമം നിരാശജനകമെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.ഈ പ്രഖ്യാപനം പരിസ്ഥിതിയെ സംബന്ധിച്ച് നല്ലതാണ്. എങ്കിലും വാഹനപ്രേമികൾക്ക് വിന്റേജ് വാഹനങ്ങൾ പുറത്തിറക്കാൻ കഴിയുമോയെന്ന് സംശയമുണ്ട്. വാഹനങ്ങളോട് കമ്പമുള്ളവർക്ക് ഇത് നിരാശയാകുമെന്നാണ് ഇക്കൂട്ടരുടെ വാദം.

പൊളിക്കലിന്റെ കഥ ഇങ്ങനെ

പരിസ്ഥിതി മലിനീകരണം ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമായി വാഹനങ്ങൾ പൊളിക്കുന്ന നിയമം നടപ്പിലാക്കുന്ന ആദ്യരാജ്യമല്ല ഇന്ത്യ.പല യുറോപ്യൻ രാജ്യങ്ങളും പദ്ധതി ഇതിനുമുൻപ് നടപ്പിലാക്കി വിജയം കണ്ടിട്ടുമുണ്ട്.2008ൽ ആരംഭിച്ച ആഗോള സാമ്പത്തിക മാന്ദ്യകാലത്ത് വ്യാവസായിക മേഖലയിലെ വിപണിയാവശ്യം വർധിപ്പിക്കുന്നതിനുള്ള സാമ്പത്തിക ഉത്തേജകമായാണ് പല യൂറോപ്യൻ രാജ്യങ്ങളും വലിയതോതിൽ പഴയവാഹനം പൊളിക്കൽ പദ്ധതി അവതരിപ്പിച്ചത്.

ജർമനിയാണ് ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും വലിയ നയം അവതരിപ്പിച്ച രാജ്യം. ഒൻപത് വർഷത്തിനുമുകളിലുള്ള ഒരു കാറിന്റെ ഉടമയ്ക്ക് പുതിയ കാർ വാങ്ങു
മ്പോൾ 2,500 ഡോളർ(1,82,598 രൂപ) അനുവദിച്ചു. 2009 ജനുവരി 13-നാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതോടെ കാർ വിൽപ്പനയിൽ 40 ശതമാനംവരെ വർധനയുണ്ടായി. വർഷാവസാനം വരെ പദ്ധതി നീട്ടി. 2009 ജൂലായ് ഒന്നിന് അമേരിക്കയിൽ പദ്ധതി അവതരിപ്പിച്ചു. 3,000,000,000 യു.എസ്. ഡോളറിന്റെ പാക്കേജ് (219,38 കോടി രൂപ) അനുവദിച്ച് പഴയതും മലിനീകരണമുള്ളതുമായ വാഹനങ്ങൾ മാറ്റാൻ പൗരന്മാരെ സഹായിക്കുകയാണ് ഇതുവഴി ചെയ്തത്.

കാനഡയിൽ 1995-ലോ അതിനുമുമ്പോ നിർമ്മിച്ച വാഹനങ്ങൾക്ക് സർക്കാർ 300 ഡോളർ(21,904.65 രൂപ) നഷ്ടപരിഹാരമായി അനുവദിച്ചു.ജൂൺ 2009 ലാണ് ചൈനയിൽ നയം പ്രഖ്യാപിച്ചത്. പഴയതും വലിയതോതിൽ മലനീകരണവുമുണ്ടാക്കുന്ന കാറുകൾ, ട്രക്കുകൾ എന്നിവ പൊളിക്കാൻ 450 ഡോളർ മുതൽ 900 ഡോളർ വരെ(32,867 65,734 രൂപ)യാണ് അനുവദിച്ചത്. 2009 അവസാനത്തോടെ നഷ്ടപരിഹാരത്തുക 732- 2,632 ഡോളറായി ഉയർത്തി. തുടർന്ന് 2010 അവസാനംവരെ നീട്ടി.ജപ്പാനിൽ 2009 ഏപ്രിൽ ഒന്നിനാണ് പദ്ധതി പ്രഖ്യാപിച്ചത്. പതിമൂന്നോ അതിൽ കൂടുതൽ വർഷമേ പഴക്കമുള്ള വാഹനങ്ങൾക്ക് 125,000 ജാപ്പനീസ് യാൻ( 87,815 രൂപ) വാഗ്ദാനം ചെയ്തു.

2010-നും 2011-നും ഇടയ്ക്കാണ് റഷ്യയിൽ ഒരു കാർ പദ്ധതി പ്രാബല്യത്തിൽ വന്നത്. 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ലൈറ്റ് കാറുകളുടെ ഉടമകൾക്ക് പുതിയത് വാങ്ങാൻ 50,000 റൂബിൾസ്(48,316 രൂപ) അനുവദിച്ചു. 2014 -ൽ പദ്ധതി വീണ്ടും തുടങ്ങി.2009-ലെ ബജറ്റിലാണ് യു.കെയിൽ പദ്ധതി പ്രഖ്യാപിച്ചത്. ഇതുപ്രകാരം 10 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് 2000 പൗണ്ട് (2,00,378 രൂപ)യാണ് അനുവദിച്ചത്.