ആലപ്പുഴ: എസ് എൻ ഡി പിയുടെ ജനറൽ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളി നടേശൻ ഒഴിയുമെന്ന് സൂചന. മകൻ തുഷാർ വെള്ളപ്പാള്ളിയെ ഈ സ്ഥാനത്ത് എത്തിക്കാനാണ് നീക്കം. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് , മാർച്ച് 23 ന് എസ് എൻ ഡി പി യോഗത്തിന്റെ പൊതുയോഗത്തിൽ വച്ച് തുഷാർ വെള്ളപ്പള്ളി സ്ഥാനമെറ്റെടുക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ബിഡിജെഎസ് സംസ്ഥാന പ്രസിഡണ്ടും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയമസഭ തെരഞ്ഞെടുപ്പിനു മുൻപ് കൊണ്ടുവരികയാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം. മകനെ മന്ത്രിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയത്. എന്നാൽ ഈ രാഷ്ട്രീയ ഇടപെടൽ ഫലം കണ്ടില്ല. മോദി മന്ത്രിസഭയിൽ തുഷാറിന് കേന്ദ്ര മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ബിഡിജെഎസ് എൻഡിഎയുടെ ഭാഗമായത്. എന്നാൽ തുഷാറിനെ എംപി പോലുമാക്കിയില്ല. കേരളത്തിൽ ബിജെപിക്ക് ഭരണം കിട്ടില്ല. ഈ സാഹചര്യത്തിൽ ബിഡിജെഎസിന് വലത്-ഇടതു മുന്നണികളിൽ എത്തിക്കാനും ശ്രമിച്ചു. ഇതും നടന്നില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ തുഷാർ മത്സരിച്ചു. എന്നാൽ തീർത്തും നിരാശയായിരുന്നു ഫലം. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തുഷാർ വ്യക്തമാക്കിയിട്ടുണ്ട്. ബിഡിജെഎസിനൊപ്പമുണ്ടായിരുന്ന മറ്റ് സമൂദായ നേതാക്കളെല്ലാം പാർട്ടി വിട്ടു. നിലവിൽ പ്രമുഖർ ആരും ഇല്ല. ഈ സാഹചര്യമെല്ലാം തുഷാറിന്റെ രാഷ്ട്രീയ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നു. ഈ സാഹചര്യത്തിലാണ് തുഷാറിനെ എസ് എൻ ഡി പി ഏൽപ്പിക്കാനുള്ള നീക്കം. 4 കാരനായ വെള്ളാപ്പള്ളി നടേശൻ സ്ഥാനമൊഴിയുന്നതോടെ സംഘടനയുടെ നിർണായക തീരുമാനങ്ങളിൽ തുഷാറിന് മേൽ കൈ ലഭിക്കും.

കേന്ദ്ര സർക്കാരിന്റെ നിർലോഭമായ സഹായങ്ങളും മറ്റു സ്ഥാനമാനങ്ങളും എസ്എൻഡിപിക്ക് ഇതുമൂലം ലഭിക്കുമെന്നുള്ള ഉറപ്പ് കേന്ദ്ര ബിജെപി നേതൃത്വത്തിൽ നിന്ന് വെള്ളാപ്പള്ളിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. മാർച്ച് 23 ന് എസ് എൻ ഡി പി യോഗത്തിന്റെ പൊതുയോഗത്തിൽ വച്ച് തുഷാർ വെള്ളപ്പള്ളി സ്ഥാനമെറ്റെടുക്കും. വരും ദിവസങ്ങളിൽ നടേശൻ സ്ഥാനമൊഴിയുന്നതിന്റെ പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് വിവരം. എസ് എൻ ഡി പിയിൽ വെള്ളാപ്പള്ളിക്ക് മൃഗീയ ഭൂരിപക്ഷ പിന്തുണയുണ്ട്. ഇത് മുതൽക്കൂട്ടാക്കി മകനെ ജനറൽ സെക്രട്ടറിയാക്കാനാണ് നീക്കം.

മദ്യം വിൽക്കുകയോ വാങ്ങുകയോ ഉപയോഗിക്കുകയോ ഉണ്ടാക്കുകയോ ചെയ്യരുതെന്ന് ഉപദേശിച്ച ശ്രീനാരായണഗുരുവിന്റെ പേരിലുള്ള എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃസ്ഥാനത്ത് ഒരു ബാർ മുതലാളിയായിരുന്ന വെള്ളാപ്പള്ളി നടേശൻ എത്തിയത് അക്കാലത്ത് ചർച്ചയായിരുന്നു. ദക്ഷിണേന്ത്യയിലെ തന്നെ മികച്ചപിഡബ്ല്യുഡി കോൺട്രാക്ടർ ആയിരുന്നു വെള്ളാപ്പള്ളി നടേശൻ. 1996 ൽ സ്വാമി ശാശ്വതികാനന്ദ പിന്തുണച്ചിരുന്ന പാനലിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചാണ് വിജയിക്കുന്നത്. പിന്നീടുള്ള കാൽനൂറ്റാണ്ട് എസ്എൻഡിപി യോഗത്തിന്റെ ചരിത്രം വെള്ളാപ്പള്ളി നടേശന്റെ ചരിത്രംകൂടിയാണ് , അതിൽ ബിഡിജെഎസ് എന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉദയവും വിവാദങ്ങളുമെല്ലാം ഉണ്ട്.

2013 ൽവെള്ളാപ്പള്ളി നടേശൻ എൻഎസ്എസുമായി കൈകോർത്ത് ഹിന്ദു ഐക്യമെന്ന പേരിൽ കേരളത്തിലൊരു മുന്നേറ്റം സൃഷ്ടിക്കാൻ ശ്രമം നടത്തിയെങ്കിലും പിന്നീട് എൻഎസ്എസ് അതിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ ഇതേ ലക്ഷ്യവുമായി2015 ൽ കേന്ദ്ര ബിജെപി നേതാക്കളുമായി ചർച്ച നടത്തിയ വെള്ളാപ്പള്ളി നടേശൻ ഹിന്ദു അജണ്ട ലക്ഷ്യമാക്കി ബിഡിജെഎസ് എന്ന പുതിയ ഒരു രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകി. പാർട്ടിയുടെ പ്രസിഡണ്ടായി മകൻ തുഷാർ വെള്ളാപ്പള്ളിയെ അവരോധിക്കുകയും ചെയ്തു. ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടി പിറന്ന ഉടനെ , 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് 39 മണ്ഡലങ്ങളിൽ മത്സരിച്ചു. ഒരു പുതിയ പാർട്ടിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാവുന്ന വോട്ടിങ് ശതമാനമായ 4% നേടുകയും ചെയ്തു.

.5000 കോടിയുടെ മൈക്രോ ഫിനാൻസ് തട്ടിപ്പ് ആരോപണവും എസ്.എൻ ട്രസ്റ്റിനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപക-ഉദ്യോഗസ്ഥ നിയമനത്തിന്റെ പേരിൽ 500 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ആരോപണവും 2015 ജൂണിൽ വെള്ളാപ്പള്ളിയുടെ വീടിനടുത്തുള്ള എസ്എൻഡിപി യൂണിയൻ ഓഫീസിൽ ആത്മഹത്യ ചെയ്ത എസ് എൻ ഡി പി പ്രദേശിക നേതാവ് മഹേശന്റെ ദുരൂഹ മരണവുമെല്ലാം വെള്ളപ്പള്ളി മാരെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു.

നിരവധി അഴിമതി ആരോപണങ്ങളിൽ ഉൾപ്പെട്ട വെള്ളാപ്പള്ളി നടേശൻ പ്രസ്താവനകൾ കൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിൽക്കുമ്പോൾ തുഷാർ വെള്ളാപ്പള്ളി, എൻ ഡി എ സംസ്ഥാന കൺവീനറും ബിഡി ജെ എസ് നേതാവുമെന്ന നിലയിൽ ബിജെപിക്ക് പൂർണ പിന്തുണ നൽകി പ്രവർത്തിക്കുകയാണ്. സംസ്ഥാന - കേന്ദ്ര സർക്കാരുകളെ പ്രീണിപ്പിച്ചും വോട്ട് ബാങ്ക് കാണിച്ച് പ്രലോഭിപ്പിച്ചുമാണ് അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെ ഇവർ വഴി തിരിച്ച് വിടുന്നതെന്ന ആരോപണം എസ്.എൻ.ഡി.പി വിമത നേതാക്കൾ ശക്തമായി ഉയർത്തുന്നുണ്ട്.

യോഗം ജനറൽ സെക്രട്ടറി സ്ഥാനവും എസ്എൻ ട്രസ്റ്റിന്റെ ചുമതലയും തുഷാർ വെള്ളാപ്പള്ളിയെ ഏൽപ്പിക്കുമ്പോൾ ഒരു വോട്ടുബാങ്ക് കൂടിയാണ് ഏൽപ്പിച്ചു കൊടുക്കുന്നത്. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ച തുഷാർ പരാജയപ്പെട്ടെങ്കിലും എസ്എൻഡിപി നേതൃത്വത്തിൽ എത്തിയാൽ പുതിയ സ്ഥാനമാനങ്ങൾ എസ് എൻ ഡി പി യോഗത്തെ കാത്തിരിക്കുകയാണ്. കേന്ദ്ര ബിജെപി നേതൃത്വത്തിൽ നിന്നും നിർലോഭമായ പരിഗണനകൾ തന്നെയാണ് വെള്ളാപ്പള്ളി പ്രതീക്ഷിക്കുന്നത്.