തിരുവനന്തപുരം: വെങ്ങാനൂരിൽ പന്ത്രണ്ടു വയസുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ശിവനാരായൻ എന്ന ബാലൻ മരിച്ചത് തീകൊളുത്തി മുടിവെട്ടുന്ന വീഡിയോ അനുകരിച്ചല്ല മരണമെന്ന് റിപ്പോർട്ടുകൾ തള്ളും വിധത്തിലാണ് ഇത് സംബന്ധിച്ച പുതിയ വാർത്തകൾ പുറത്തുവരുന്നത്. ഗെയിമിൽ തോറ്റതിലെ വിഷമം മൂലമാണ് തീകൊളുത്തിയതെന്ന് കുട്ടി ചികിത്സിച്ച ഡോക്ടർക്ക് മൊഴി നൽകിയതായി വിവരം.

ഇന്നലെയാണ് വെങ്ങാനൂർ സ്വദേശി ശിവനാരായണനെ വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ് കണ്ടെത്തിയത്. യൂട്യൂബ് വീഡിയോ അനുകരിച്ചപ്പോൾ പൊള്ളലേറ്റെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഇതല്ലെന്നാണ് ഡോക്ടർക്ക് നൽകിയ മരണമൊഴി വ്യക്തമാക്കുന്നത്. വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ കുട്ടി തലയിലൊഴിക്കുകയായിരുന്നു. ഈ സമയത്ത് അമ്മയും സഹോദരനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ തലയിൽ ഒഴിച്ച് വീഡിയോ അനുകരിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കുട്ടിയെ പൊള്ളലേറ്റ നിലയിൽ എസ്എടി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 8.40തോടെയാണ് മരണം സ്ഥിരീകരിച്ചത്.

90 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഡോക്ടർമാർ പൊലീസിനെ വിവരം അറിയിച്ചതോടെ മരണമൊഴി രേഖപ്പെടുത്തുകയായിരുന്നു. യുട്യൂബ് അനുകരിച്ചു മുടി വെട്ടുമ്പോഴല്ല അപകടം ഉണ്ടായതെന്നാണ് കുട്ടി നൽകിയിരിക്കുന്ന മരണ മൊഴി എന്നാണ് സൂചന. ഗെയിം കളിച്ചപ്പോൾ തോറ്റതിനെ തുടർന്നാണെന്ന വിധത്തിലാണ് കുട്ടിയുടെ മൊഴിയുള്ളത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടു നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വിഴിഞ്ഞം പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. വീട്ടുകാരിൽ നിന്നും കൂടുതൽ തേടേണ്ടതുന്നെന്നും പൊലീസ് വ്യക്തമാക്കി. അടുത്തിടെ മുടിയിൽ തീയിട്ട് പ്രൊഫഷണലുകൾ മുടിവെട്ടുന്ന വീഡിയോ ദൃശ്യങ്ങൾ അടുത്തിടെ വളരെയധികം വൈറലായിരുന്നു.

അതിനിടെ വെങ്ങാനൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നവമാധ്യമങ്ങളിലെ പ്രവൃത്തികൾ കുട്ടികൾ അനുകരിക്കാതിരിക്കാൻ മാതാപിതാക്ഖൾ ശ്രദ്ധിക്കണമെന്ന് പൊലീസ് ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു. കുട്ടികളുടെ ജീവൻ അപകടത്തിലാകും വിധത്തിലുള്ള സംഭവങ്ങൾ ഒഴിവാക്കേണ്ടതാണെന്നും പൊലീസ് അറിയിച്ചു.