മുംബൈ: വിരാട് കോഹ്ലിയുടെ ഫോം ഇല്ലായ്മ വ്യാപക വിമർശനങ്ങൾക്കാണ് വഴിവെക്കുന്നത്.ടി 20 പരമ്പരയിലും കോഹ്ലി നിറംമങ്ങിയതോടെ താരത്തെ പുറത്തിരുത്തണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്.നിരവധി മുൻതാരങ്ങളാണ് ഇതേ ആവശ്യവുമായി രംഗത്ത് വന്നത് ഇപ്പോഴിത ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സീനിയർ താരങ്ങൾക്കു വിശ്രമം നൽകുന്നതിനെതിരെ മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ് രംഗത്ത് വന്നിരിക്കുകയാണ്.

താരങ്ങൾ ഫോം ഔട്ട് ആകുമ്പോൾ വിശ്രമം അനുവദിക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും ഇതു ശരിയല്ലെന്നും വെങ്കടേഷ് പ്രസാദ് ട്വിറ്ററിൽ കുറിച്ചു. നിങ്ങൾ ക്രിക്കറ്റിൽ ഫോം ഔട്ട് ആണെങ്കിൽ പ്രശസ്തി പരിഗണിക്കാതെ ടീമിൽനിന്നു പുറത്തിരിക്കുന്ന കാലമുണ്ടായിരുന്നു. സൗരവ് ഗാംഗുലി, സേവാഗ്, യുവരാജ്, സഹീർ ഖാൻ, ഹർഭജൻ എന്നിവരെല്ലാം ഫോമിലല്ലാതിരുന്നപ്പോൾ പുറത്തിരുന്നിട്ടുണ്ട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

''ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് മികച്ച സ്‌കോറുകൾ കണ്ടെത്തിയാണ് അവരെല്ലാം തിരിച്ചെത്തിയിട്ടുള്ളത്. ഇപ്പോൾ അതൊക്കെ മാറി. രാജ്യത്ത് മികച്ച താരങ്ങൾ വളരെയേറെയുണ്ട്. ഇത്തരം നയം കാരണം അവർക്കു കളിക്കാനാകുന്നില്ല. ഇന്ത്യൻ താരം അനിൽ കുംബ്ലെ പല തവണ ഇങ്ങനെ പുറത്തിരുന്നിട്ടുണ്ട്'' വെങ്കടേഷ് പ്രസാദ് ട്വിറ്ററിൽ കുറിച്ചു.

ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിനെ വെങ്കടേഷ് പ്രസാദ് അഭിനന്ദിച്ചു. തോറ്റുപോയ ഭാഗത്തുണ്ടാകേണ്ടിയിരുന്ന ആളല്ല സൂര്യകുമാറെന്നായിരുന്നു പ്രതികരണം. ദീപക് ഹൂഡയെ പോലുള്ള മികച്ച ബാറ്റ്‌സ്മാന്മാർ പുറത്തിരിക്കുമ്പോൾ എങ്ങനെയാണ് ശ്രേയസ് അയ്യർ ട്വന്റി20 ടീമിൽ കളിക്കുന്നതെന്നു മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.