ജയ്പുർ: കോവിഡ് വ്യാപനത്തിന് ശേഷം വിവാഹം മാറ്റിവച്ചതും ലളിതമായി നടത്തിയതുമായ കഥയൊക്കെ നമ്മൾ കേട്ടതാണ്.കോവിഡ് കാരണം വിവാഹം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നവരുമുണ്ട്. ഇത്തരം വാർത്തകൾക്കിടയിൽ ഇതാ വേറിട്ടൊരു കല്യാണകഥ അങ്ങ് രാജസ്ഥാനിൽ നിന്നും. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഒക്കെ പൂർത്തിയായപ്പോഴാണ് വധുവിന് കോവിഡ് സ്ഥീരികരിക്കുന്നത്.എല്ലാ ഒരുക്കങ്ങളും പൂർത്തിയായതിനാൽ തന്നെ വിവാഹം മാറ്റിവെക്കാനും സാധിക്കാതെയായി. ഇരു കുടുംബവും ഒരുമിച്ച് ആലോചിച്ചപ്പോഴാണ് ഒരു പോംവഴി തെളിഞ്ഞത്. മറ്റൊന്നുമല്ല.. പിപിഇ കിറ്റ് ധരിച്ച് കല്ല്യാണം നടത്തുക. ആദ്യം ഒന്ന് അമ്പരന്നെങ്കിലും മറ്റുവഴികൾ ഇല്ലന്ന് കണ്ടപ്പൊ ഇരുകൂട്ടർക്കും സമ്മതം.

വരനും വധുവും പൂജാരിയും പിപിഇ കിറ്റ് ധരിച്ചാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. വിവാഹ പൂജയും താലികെട്ടും ഉൾപ്പെടെയുള്ള ചടങ്ങുകളും വധൂവരന്മാർ നിർവ്വഹിച്ചത് പിപിഇ കിറ്റ് ധരിച്ചുകൊണ്ടുതന്നെയാണ്. പിപിഇ കിറ്റിന് മുകളിലൂടെയാണ് വരൻ പരമ്പരാഗത തലപ്പാവ് ധരിച്ചത്. വധുവും ആടയാഭരങ്ങൾക്ക് പുറമെയാണ് പിപിഇ കിറ്റ് ധരിച്ചത്.

അതിഥികളെയും വിവാഹത്തിൽ നിന്ന് മാറ്റി നിർത്തിയില്ല.അതിഥികളും പിപിഇ കിറ്റണിഞ്ഞ് വിവാഹത്തിൽ പങ്കാളികളായി. വേറിട്ട ഇ വിവാഹത്തിന്റെ വിഡിയോ അതിഥികളിലാരോ ഒരാൾ എടുത്ത് നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലുമായി. കോവിഡ് കാലത്ത് വിദേശരാജ്യത്ത് ഇത്തരം വിവാഹങ്ങൾ നടന്നിട്ടുണ്ടെങ്കിലും രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു വിവാഹമെന്നാണ് റിപ്പോർട്ടുകൾ.