കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം.റോയ് അന്തരിച്ചു. 82 വയസായിരുന്നു. ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നു വിശ്രമത്തിലിരിക്കെ കൊച്ചി കെപി വള്ളോൻ റോഡിലെ വസതിയിൽ ഉച്ചയ്ക്ക് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌ക്കാരം നാളെ തേവര പള്ളിയിൽ വെച്ചു നടക്കും. പത്രപ്രവർത്തകൻ, നോവലിസ്റ്റ്, അദ്ധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധിയാർജിച്ച ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. രണ്ടു തവണ കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു.

എറണാകുളം മഹാരാജാസ് കോളജിൽ എംഎ വിദ്യാർത്ഥിയായിരിക്കെ 1961ൽ കേരളപ്രകാശം എന്ന പത്രത്തിലൂടെ മാധ്യമപ്രവർത്തനം ആരംഭിച്ച കെ.എം.റോയ് ദേശബന്ധു, കേരളഭൂഷണം തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചു. തുടർന്ന് എക്കണോമിക് ടൈംസ്, ദ് ഹിന്ദു തുടങ്ങിയ പത്രങ്ങളിലും യുഎൻഐ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു.

മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തന രംഗത്തുനിന്നും വിരമിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മംഗളം വാരികയിൽ ഇരുളും വെളിച്ചവും എന്ന പംക്തി എഴുതിവന്നിരുന്നു. ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ലേഖനങ്ങൾ എഴുതിയിരുന്നു. ഇരുളും വെളിച്ചവും, കാലത്തിനു മുമ്പേ നടന്ന മാഞ്ഞൂരാൻ എന്നിവ അദ്ദേഹം രചിച്ച പുസ്തകങ്ങളാണ്.

നിരവധി മാധ്യമ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. സഹോദരൻ അയ്യപ്പൻ പുരസ്‌കാരം, ശിവറാം അവാർഡ്, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ലൈഫ്ടൈം അവാർഡ്, പ്രഥമ സി.പി ശ്രീധരമേനോൻ സ്മാരക മാധ്യമ പുരസ്‌കാരം, മുട്ടത്തുവർക്കി അവാർഡ് - ബാബ്‌റി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ മുഖപ്രസംഗത്തിന് ഏറ്റവും നല്ല മുഖപ്രസംഗത്തിനുള്ള 1993-ലെ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

രാഷ്ട്രീയനേതാവും പത്രപ്രവർത്തകനുമായിരുന്ന മത്തായി മാഞ്ഞൂരാൻ ആയിരുന്നു റോയിയൂടെ വഴികാട്ടി. മഹാരാജാസിൽ വിദ്യാർത്ഥിയായിരിക്കെ അദ്ദേഹത്തിന്റെ പാർട്ടിയായ കെഎസ്‌പിയുടെ വിദ്യാർത്ഥി നേതാവായിരുന്നു റോയ്. എ.കെ.ആന്റണിയും വയലാർ രവിയും ഉൾപ്പടെയുള്ളവർ കെഎസ്‌യു നേതാക്കളായി വാഴുന്ന കാലത്തു തന്നെയാണു റോയ് സോഷ്യലിസ്റ്റ് നേതാവായും തിളങ്ങിയത്.

കേരള രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്ന നിലയിലേക്ക് റോയ് വളർന്നു വരുമെന്നാണ് താൻ ഉൾപ്പടെയുള്ള അദ്ധ്യാപകർ കരുതിയതെന്ന് അവിടെ അദ്ധ്യാപകനായിരുന്ന പ്രഫ.എം.കെ.സാനു അനുസ്മരിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയമല്ല, പത്രപ്രവർത്തനമാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞ റോയ്, മത്തായി മാഞ്ഞൂരാന്റെ തന്നെ പത്രമായ കേരള പ്രകാശത്തിലൂടെ അരങ്ങേറ്റം കുറിച്ചു. അതിൽ വന്ന ലേഖനങ്ങൾ കൊണ്ടു തന്നെ അതിവേഗം ശ്രദ്ധ നേടുകയും ചെയ്തു.

മികച്ച പ്രസംഗകനായും പേരെടുത്ത അദ്ദേഹം കേരള പ്രസ് അക്കാദമി ഉൾപ്പടെയുള്ള ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടുകളിലൂടെ പത്രപ്രവർത്തകർക്കു വഴികാട്ടിയുമായി. മത്തായി മാഞ്ഞൂരാന്റെ ജീവചരിത്രവും മൂന്ന് നോവലുകളും 2 യാത്രാ വിവരണവും രചിച്ചിട്ടുണ്ട്.