തിരുവനന്തപുരം: സീരിയൽ ഷൂട്ടിന് അനുമതി കൊടുത്തപ്പോഴും സിനിമ മേഖലയെ പരിഗണിക്കാത്ത സർക്കാർ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.വിഷയം ഗൗരവപുർവ്വം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഫെഫ്ക മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതിന് പിന്നാലെയാണ് നടപടിയിൽ വിമർശനവും നിലപാടും വ്യക്തമാക്കിക്കൊണ്ട് സംവിധായിക വിധു വിൻസന്റ് രംഗത്ത് വന്നത്.ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലുടെയായിരുന്നു പ്രതികരണം.

സിനിമാക്കാരെല്ലാം സമ്പന്നരാണെന്ന തോന്നലിലാണ് സർക്കാറുമെന്ന് വിധു പറയുന്നു.എന്നാൽ 600 രുപയും മുന്നുനേരം ഭക്ഷണവും മാത്രം പ്രതീക്ഷിച്ച് കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികൾ ഉള്ളതാണ് സിനിമാ മേഖലയെന്നും മുൻനിരയിൽ കാണുന്ന കുറച്ചുപേരെ മാത്രം വച്ച് സിനിമമേഖലയെ വിലയിരുത്തരുതെന്നും വിധു ചൂണ്ടിക്കാട്ടുന്നു.

തിയറ്റുകൾ അടഞ്ഞുകിടന്നിട്ട് 74 ദിവസമായി. ചിത്രീകരണത്തിന് ഇതുവരെ അനുമതി നൽകിയിട്ടില്ല. വിനോദനികുതിയടക്കമുള്ള വലിയ വരുമാനം സർക്കാരിലേക്ക് എത്തുന്ന മേഖലയാണിതെന്നും ഓർക്കാൻ ബന്ധപ്പെട്ടവർ സൗകര്യപൂർവ്വം മറക്കുന്നതെന്ത് എന്നും സംവിധായിക വിധു വിൻസെന്റ് ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണ്ണരുപം

നിർമ്മാണ മേഖല പോലെ തന്നെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ് സിനിമ എന്ന ഉൽപാദന മേഖലയേയും എന്ന കാര്യത്തിൽ സർക്കാറിന് തന്നെ ആശയ കുഴപ്പമുണ്ടെന്ന് തോന്നുന്നു. വിനോദത്തിനും വ്യവസായത്തിനും ഇടയിൽ കൂട്ടുപിണഞ്ഞു കിടക്കുന്ന ഇഴകൾ വ്യക്തതയോടെ കാണാൻ കാഴ്ചയുള്ളവരുടെ അഭാവമുണ്ടോ സർക്കാറിന്? സാംസ്‌കാരിക മേഖലയുടെ പ്രധാനപ്പെട്ട ഉൽപന്നമാണ് സിനിമ എന്നതും ആയിര കണക്കിന് പേർ ഉപജീവനം നടത്തുന്ന തൊഴിലിടമാണതെന്നും വിനോദനികുതിയടക്കമുള്ള വലിയ വരുമാനം സർക്കാരിലേക്ക് എത്തുന്ന മേഖലയാണിതെന്നും ഓർക്കാൻ ബന്ധപ്പെട്ടവർ സൗകര്യപൂർവ്വം മറക്കുന്നതെന്ത്? സിനിമാ മേഖല ഇത്തിരി വൈകി തുറന്നാലും കുഴപ്പമില്ല, സിനിമാക്കാരെല്ലാം സമ്പന്നരല്ലേ എന്ന തോന്നിലാണെന്ന് തോന്നുന്നു സർക്കാരും പൊതുജനങ്ങളും. ചില സ്വകാര്യ സംഭാഷണങ്ങളിൽ രാഷ്ട്രീയ പ്രവർത്തകരായ ചിലർക്ക് പോലും ഇങ്ങനെയൊരഭിപ്രായം ഉള്ളതായി കണ്ടു. സിനിമാ തൊഴിലാളികൾക്ക് സഹായം അഭ്യർത്ഥിച്ച് ചില കമ്പനികളുടെ സിഎസ്ആർ സഹായം ചോദിച്ചപ്പോഴും ഇതേ പ്രതികരണങ്ങൾ കേട്ടു. സിനിമാക്കാരൊക്കെ കാശുകാരല്ലേ എന്ന്.

സിനിമയിലെ കാണുന്നതും കാണാത്തതുമായ ജോലികൾ ചെയ്യുന്ന ആയിരകണക്കിന് തൊഴിലാളികൾ - ലൈറ്റ് ബോയ്‌സ്, പ്രൊഡക്ഷൻ അസിസ്റ്റന്റുകൾ, ആർട്ടിലും മേക്കപ്പിലുമൊക്കെ സഹായ പണി ചെയ്യുന്നർ , കേറ്ററിങ് ജോലി എടുക്കുന്നവർ, ഡ്രൈവർമാർ, വിതരണ മേഖലയിലെ പണിക്കാർ. ദിവസവേതനക്കാരായ ഇവരാണോ സിനിമയിലെ സമ്പന്നർ ?

ഒന്നാം നിരയിൽ പെട്ട വിരലിൽ എണ്ണാവുന്ന ഏതാനും പേരൊഴിച്ചാൽ ബഹുഭൂരിപക്ഷവും തുച്ഛമായ കൂലിക്ക് പണിയെടുക്കുന്ന നടീ നടന്മാരാണ് അഭിനയ മേഖലയിലുള്ളത്. കുടുംബത്തിലെ സകല പേരും മിക്കവാറും ഈ ഒരൊറ്റയാളുടെ വരുമാനത്തെ ആശ്രയിച്ചാവും ജീവിക്കുന്നത്. ഇവരാണോ സമ്പന്നർ ? ദിവസം 600 രൂപയും മൂന്ന് നേരം ഭക്ഷണവും മാത്രം പ്രതീക്ഷിച്ച് സിനിമയിൽ ജോലി ചെയ്യുന്ന ജൂനിയർ ആർട്ടിസ്റ്റുമാരായുള്ള ആയിര കണക്കിന് പേർ.

വർഷങ്ങളായി അസോസിയേറ്റും അസിസ്റ്റന്റുമൊക്കെയായി സംവിധായകരുടെ പിറകേ നടന്ന് എല്ലുമുറിയെ പണിയെടുക്കുന്ന നൂറുകണക്കിന് ചെറുപ്പക്കാർ. ഒരു വിധ ബാറ്റയുടെയും ആനുകൂല്യമില്ലാതെ നിർമ്മാതാവിന്റെ ഔദാര്യത്തിൽ മാത്രം കൂലി കിട്ടുന്ന ഇത്തരക്കാരോ സിനിമയിലെ സമ്പന്നർ ? എന്തിനധികം പറയുന്നു.മര്യാദക്ക് ശമ്പളം കിട്ടിയിരുന്ന പണികളുപേക്ഷിച്ച് സിനിമയാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ്, സിനിമയിൽ നില്ക്കാൻ തീരുമാനിച്ച എന്നെ പോലുള്ള കുറേയധികം വിവരദോഷികൾ - ഞങ്ങളാണോ ഈ സമ്പന്നർ ?

തൊഴിൽ ചെയ്യാനുള്ള സാഹചര്യമില്ലാത്തതുകൊണ്ട് ചിലർ കേരളത്തിന് പുറത്തേക്ക് ഷൂട്ടിങ് മാറ്റിയതിനെ കുറിച്ച് അടുത്തിടെ കേട്ടു. മാനദണ്ഡങ്ങൾ വച്ചു കൊണ്ട് ഇനിയെങ്കിലും ഈ മേഖല തുറക്കാനായില്ലെങ്കിൽ കൂടുതൽ പേർ പുറം വഴികൾ നോക്കാൻ നിർബന്ധിതരാവും. ഇവിടെയുള്ള സിനിമാ തൊഴിലാളികൾ പണിയില്ലാതെ നട്ടം തിരിയുമ്പോൾ മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കേണ്ട സാഹചര്യമുണ്ടാവും. ആ ഒരു സാഹചര്യത്തിലേക്ക് ഞങ്ങളെ തള്ളിയിടരുത് എന്നു മാത്രമേ സർക്കാരിനോടും ബന്ധപ്പെട്ടവരോടും അപേക്ഷിക്കാനുള്ളൂ.

മിനിമം 50 പേരെ പങ്കെടുപ്പിച്ചു കൊണ്ടെങ്കിലും ചിത്രീകരണം തുടങ്ങാൻ പറ്റുന്ന തരത്തിൽ സിനിമാ മേഖല തുറക്കുന്ന കാര്യം സർക്കാർ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിച്ചേ മതിയാവൂ.