കട്ടപ്പന: ഗൾഫിൽ ജോലിയിൽ പ്രവേശിച്ചത് സാമ്പത്തിക സ്ഥിതി പരിതാവസ്ഥയിലായതിനാൽ. ഒന്നര വർഷത്തോളം ഹൗസ്മെയ്ഡായി ജോലി ചെയ്തു. പണം വാങ്ങിയതിൽ പങ്കില്ല. താൻ വെറും കമ്മീഷൻ ഏജന്റ് മാത്രം. തൊഴിൽ തട്ടിപ്പു കേസിൽ അറസ്റ്റിലായ ചേർത്തല പനക്കൽ വീട്ടിൽ വിദ്യ പയസ്് കട്ടപ്പന പൊലീസ് പൊലീസിൽ വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങനെ:

ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 27 പേരിൽ നിന്നും 56 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കട്ടപ്പന പൊലീസ് വിദ്യക്കെതിരെ കേസ് ചാർജ്ജ് ചെയ്തിട്ടുള്ളത്. 2019 ലാണ് പണം തട്ടിയെന്ന് കാട്ടി കട്ടപ്പന സ്വദേശികൾ ഉൾപ്പെടെയുള്ളവർ വിദ്യയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യയുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് തെളിവും ലഭിച്ചിരുന്നു. അന്വേഷണം തുടങ്ങിയതോടെ ഇവർ വിദേശത്തേക്ക് കടന്നുവെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. തുടർന്ന് ഇവർക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച അബുദാബിയിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ വിദ്യയെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

വിവരം കട്ടപ്പന പൊലീസിൽ അറിക്കുകയും ചെയ്തു. തുടർന്ന് കോടതിയുടെ പ്രത്യേക അനുമതിയും വാങ്ങി കട്ടപ്പനപൊലീസ് ബംഗളൂരുവിലെത്തി വിദ്യയെ ഏറ്റുവാങ്ങുകയായിരുന്നു. വിദ്യയും വീട്ടുകാരിൽ ചിലരും ഉറ്റബന്ധുക്കളും അടങ്ങുന്നതാണ് തട്ടിപ്പുസംഘമെന്നും ഇവരുടെ പേരിൽ മറ്റ്് നിരവധി സ്റ്റേഷനുകളിൽ സമാനസ്വഭാവമുള്ള കേസ്സുകൾ നിലവിലുണ്ടെന്നും കട്ടപ്പന സി ഐ മറുനാടനോട്് വ്യക്തമാക്കി.

ലഭിച്ച പണം ഇവർ എന്തുചെയ്തു എന്നകാര്യത്തിൽ ഇനിയും കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ലന്നും കൂട്ടുപ്രതികളായ മറ്റ് രണ്ടുപേരെക്കൂടി പിടികൂടിയാലെ ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ ലഭിക്കു എന്നുമാണ് പൊലീസ് അനുമാനം. രണ്ട് മക്കളുമായി കഴിയുന്ന ഇവർ വിവാഹബന്ധം വേർപെടുത്തിയിരുന്നതായിട്ടാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. താനും കുടംബവും ദരിദ്ര ചുറ്റുപാടിലാണ് കഴിഞ്ഞിരുന്നതെന്നും മത്സ്യബന്ധമായിരുന്നു പിതാവിന് തൊഴിലെന്നും മറ്റുമുള്ളവിവരങ്ങളും വിദ്യ പൊലീസുമായി പങ്കുവച്ചിട്ടുണ്ട്.