കണ്ണൂർ: അഴീക്കോട് എംഎൽഎയും മുസ്‌ലീം ലീഗ് നേതാവുമായ കെ എം ഷാജിക്ക് കുരുക്ക് മുറക്കി വിജിലൻസ്. കെ എം ഷാജി എംഎൽഎയുടെ പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് വിജിലൻസ് സംഘം മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കുഞ്ഞി മുഹമ്മദിനെ സിറ്റി അഞ്ചുകണ്ടിയിലെ വീട്ടിൽ വച്ചാണ് ചോദ്യംചെയ്തത്.കണ്ണൂർ വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഈ വിഷയത്തിൽ മുസ്‌ലീംലീഗ് നടത്തിയ പാർട്ടി അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളും വിജിലൻസ് ചോദിച്ചറിഞ്ഞു.

മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനും, കളമശ്ശേരി എംഎൽഎയും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹീംകുഞ്ഞിനും പിന്നാലെ ഷാജിയുടെയും അറ്‌സറ്റ് ഉണ്ടാകുമെന്ന ഭീതിയും ലീഗ് കേന്ദ്രങ്ങളിലുണ്ട്.

അഴീക്കോട് ഹൈസ്‌കൂളിന് മുൻ യുഡിഎഫ് ഭരണകാലത്ത് പ്ലസ്ടു കോഴ്സ് അനുവദിച്ചതിന്റെ പേരിൽ കെ എം ഷാജി സ്‌കൂൾ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അനധികൃത സ്വത്തു സമ്പാദനത്തിനും വിജിലൻസ് ഷാജിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സമാന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും നേരിടുകയാണ്. ഈ വിഷയത്തിൽ വിജിലൻസ് നേരെത്ത എഫ്ഐആർ സമർഎ്എിച്ചിരുന്നു. കണ്ണൂർ വിജിലൻസ് ഡിവൈഎസ്‌പി മധുസൂദനനാണ് അന്വേഷണച്ചുമതല. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയത്.
ഡയറക്ടർ ബോർഡ് യോഗത്തിലുണ്ടായ അഭിപ്രായം, അതോടൊപ്പം കൊടുമൺ പത്മനാഭന്റെ മൊഴി മുൻ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന നൗഷാദ് പൂതപ്പാറയുടെ പരാതി എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ ഷാജി മാത്രമാണ് കേസിലെ പ്രതി. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.

അഴിമതി ആരോപിച്ച് 2017 ജനുവരി 19നാണ് സർക്കാറിന് പരാതി ലഭിച്ചത്. കണ്ണൂരിലെ അഴീക്കോട് ഹൈസ്‌കൂളിൽ ഹയർസെക്കൻഡറി ആരംഭിക്കുന്നതിന് 2013-14ൽ സ്‌കൂൾ മാനേജർ മുസ്ലിംലീഗ് ശാഖാകമ്മിറ്റിയെ സമീപിച്ചതായി പരാതിയിൽ പറയുന്നു. കോഴ്സ് അനുവദിച്ചാൽ ഒരു അദ്ധ്യാപക തസ്തികക്ക് വാങ്ങുന്ന പണം കമ്മിറ്റി ഓഫിസ് കെട്ടിടം നിർമ്മാണത്തിന് നേതാക്കൾ ആവശ്യപ്പെട്ടുവത്രെ. 2014ൽ കോഴ്സ് അനുവദിച്ചു. എന്നാൽ, പണം നൽകേണ്ടെന്ന് ഷാജി സ്‌കൂൾ മാനേജ്മന്റെിനോട് പറഞ്ഞു. തുടർന്ന് ലീഗ് പ്രാദേശിക നേതൃത്വം പണം വാങ്ങുന്നതിൽനിന്ന് പിന്തിരിഞ്ഞു.

പ്ലസ് ടു അനുവദിച്ചതിന് ചെലവഴിച്ച തുകയെക്കുറിച്ച് 2017ൽ സ്‌കൂൾ ജനറൽ ബോഡിയിൽ അന്വേഷണം വന്നപ്പോഴാണ് 25 ലക്ഷം സ്‌കൂൾ മാനേജ്മന്റെ് ഷാജിക്ക് നൽകിയെന്ന വിവരം പുറത്തറിയുന്നത്. ഷാജിക്കെതിരെ മുസ്ലിംലീഗ് നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ഷാജി പണം കൈപ്പറ്റിയെന്ന ചില ലീഗ് പ്രാദേശിക നേതാക്കളുടെ മൊഴിയും വിജിലൻസ് എടുത്തിരുന്നു. അഴീക്കോട് എജുക്കേഷൻ സൊസൈറ്റിയാണ് സ്‌കൂൾ ഭരണം നടത്തുന്നത്. 35 ലക്ഷത്തോളം രൂപ എവിടെപ്പോയെന്ന് രേഖകളിൽ പറയുന്നില്ലെന്ന് വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം അഴിമതി നിരോധന നിയമപ്രകാരം കെഎം ഷാജി എംഎൽഎക്കെതിരായ പരാതി നിലനിൽക്കില്ലെന്ന് വിജിലൻസ് അഡീഷണൽ അഡൈ്വസർ ആദ്യം അറിയിച്ചിട്ടും സർക്കാർ സമ്മർദ്ദം കേസിൽ ഉണ്ടായെന്നാണ് പുറത്തുവരുന്ന വാർത്ത. ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തത് വിജിലൻസ് ലീഗൽ അഡൈ്വസർ നൽകിയ ആദ്യനിയമോപദേശം തള്ളിക്കൊണ്ടാണ് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വിജിലൻസ് അഡീഷണൽ ലീഗൽ അഡൈ്വസർ ഒ.ശശിയാണ് അഴിമതി നിരോധന നിയമപ്രകാരം കെഎം ഷാജി എംഎൽഎക്കെതിരായ പരാതി നിലനിൽക്കില്ലെന്ന് ആദ്യം നിയമോപദേശം നൽകിയത്.

കേട്ടുകേൾവിക്കൾ മാത്രം അടിസ്ഥാനമാക്കിയാണ് ഷാജിക്കെതിരെയുള്ള പരാതിയെന്നും കേസുകൾ രജിസ്റ്റർ ചെയ്യാനാവശ്യമായ തെളിവുകളൊന്നും തന്നെ കിട്ടിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ ലീഗൽ അഡൈ്വസർ ഷാജിക്കെതിരെ കേസ് എടുക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്. എന്നാൽ ഇതിനു ശേഷം ഷാജിക്കെതിരായ വീണ്ടുമൊരു നിയമോപദേശം ലീഗൽ അഡൈ്വസറിൽ നിന്നും വന്നു. ഈ നിയമോപദേശം സഹിതമാണ് കേസുമായി ബന്ധപ്പെട്ട ഫയൽ നിയമവകുപ്പിൽ നിന്നും സ്പീക്കറുടെ ഓഫീസിലെത്തിയത്. പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയടക്കമുള്ള പ്രശനങ്ങളെക്കുറിച്ച് ഷാജി ശക്തമായ ആക്ഷേപം ഉന്നയിച്ചതോടെയാണ് കേസ് വീണ്ടും പൊങ്ങിവരുന്നതെന്നാണ് മുസ്‌ലീ ലീഗ് ആരോപിക്കുന്നത്.