കോഴിക്കോട്: മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജിയുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ 48 ലക്ഷം രൂപ കണ്ടെടുത്തതിന് പിന്നാലെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പിടിമുറുക്കി വിജിലൻസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കെ.എം.ഷാജി എംഎൽഎയ്ക്ക് വിജിലൻസ് നോട്ടീസ് നൽകി. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കോഴിക്കോട് വിജിലൻസ് ഓഫിസിലെത്താനാണ് നിർദ്ദേശം. എന്നാൽ, കുടുംബത്തോടൊപ്പം യാത്രയിലാണെന്നും വൈകാതെ തീരുമാനമറിയിക്കുമെന്നും കെ.എം.ഷാജി വിജിലൻസിന് മറുപടി നൽകി.

ഷാജിയുടെ വീടുകളിൽനിന്ന് കണ്ടെടുത്തത് 48 ലക്ഷം രൂപയെന്ന് സ്ഥിരീകരിച്ച വിജിലൻസ് സംഘം കോഴിക്കോട് വിജിലൻസ് കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുകയെക്കുറിച്ച് വ്യത്യസ്ത കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് 48 ലക്ഷം രൂപയാണ് കണ്ടെടുത്തതെന്ന് വിജിലൻസ് അറിയിച്ചത്. അനധികൃത സ്വത്ത് സമ്പാദനമെന്ന പരാതിയുടെ അന്വേഷണത്തിന് സഹായമാകുന്ന 82 രേഖകളും ശേഖരിച്ചു.

ഷാജിയുടെ കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലേയും വീടുകളിലാണ് വിജിലൻസ് സംഘം തിങ്കളാഴ്ച പരിശോധന നടത്തിയത്. കോഴിക്കോട്ടെ പരിശോധന 16 മണിക്കൂറും കണ്ണൂരിലെ പരിശോധന 8 മണിക്കൂറും നീണ്ടു. കണ്ടെടുത്ത തുക ബന്ധുവിന്റെ ഭൂമി ഇടപാടിനും കച്ചവട ആവശ്യത്തിനും സൂക്ഷിച്ചിരുന്നതെന്നാണ് ഷാജിയുടെ വിശദീകരണം. ഇതിന് മതിയായ രേഖകളുണ്ടെന്നും കോടതിയിൽ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷാജിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത 50 പവൻ സ്വർണവും വിദേശ കറൻസിയും വിജിലൻസ് സംഘം തിരികെനൽകിയിരുന്നു. ഇതിൽ അസ്വാഭാവികതയില്ലെന്ന കണ്ടെത്തെലിനെ തുടർന്നാണ് ഇവ തിരികെനൽകിയത്. വിദേശകറൻസി മക്കളുടെ ശേഖരമാണെന്ന് കെ.എം. ഷാജിയും നേരത്തെ പറഞ്ഞിരുന്നു.

കോഴിക്കോട് സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് ഷാജിക്കെതിരെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടത്. 2012 മുതൽ 2021 വരെയുള്ള കാലയളവിൽ ഷാജിയുടെ സ്വത്തിൽ 166 ശതമാനത്തിന്റെ വർധനയുണ്ടെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ തിങ്കളാഴ്ചയാണ് കെ.എം. ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ അഴീക്കോട്ടെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. കോഴിക്കോട്ടെ പരിശോധന തിങ്കളാഴ്ച രാത്രിയോടെയും അഴീക്കോട്ടെ പരിശോധന ചൊവ്വാഴ്ച ഉച്ചയ്ക്കുമാണ് പൂർത്തിയായത്.