കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും അറസ്റ്റ് അനിവാര്യമാണന്നുമാണ് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കിയത്. പരാതിക്കാരിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ സിനിമാ മേഖലയിൽ നിന്നുള്ള സാക്ഷികൾ അടക്കം കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ചില സാക്ഷികളുടെ മൊഴി ഇതിനകം രേഖപ്പെടുത്തിയതായി കമ്മിഷണർ പറയുന്നു.

നടിയുടെ പാരാതിയുടെ അടിസ്ഥാനത്തിൽ പനമ്പിള്ളിയിലെ നക്ഷത്ര ഹോട്ടലിലും ഫ്ളാറ്റിലും പരിശോധന നടത്തി തെളിവ് ശേഖരിച്ചിരുന്നു. പരിശോധന നടത്തിയ രണ്ട് സ്ഥലങ്ങളിൽനിന്ന് ശാസ്ത്രീയ തെളിവ് ലഭിച്ചിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്താനുണ്ട്. പരാതിപ്രകാരം പരിശോധന നടത്തിയ സ്ഥലങ്ങളിൽ വിജയ് ബാബുവിന്റെ സാന്നിധ്യവും ഇരയെ ചൂഷണം ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങളും മനസിലായിട്ടുണ്ട്. പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞു. ഇരയെ സ്വാധീനിക്കാനും നിയന്ത്രിക്കാനും ശ്രമിച്ചതായി വ്യക്തമായിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് എല്ലാ വിമാനത്താവളങ്ങൾക്കും കൈമാറിക്കഴിഞ്ഞു. അതേസമയം സമൂഹ മാധ്യമങ്ങൾ വഴി ഇരയുടെ പേര് പുറത്തുവിട്ടതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിൽ ശക്തമായ നടപടി സ്വീകരിക്കും, കേസിൽ കൂടുതൽ തെളിവുകൾ ലഭിക്കണമെങ്കിൽ നടനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണം.

നിലവിൽ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ളാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി.

വിജയ് ബാബുവിനെതിരെ മറ്റു സ്ത്രീകൾ ഇതുവരെ പരാതി നൽകിയിട്ടില്ല. പരാതി വന്നാൽ പരിശോധിക്കുമെന്നും നാഗരാജു പറഞ്ഞു. അതേസമയം, നടൻ വിജയ് ബാബുവിനെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് സർക്കുലർ ഇറക്കി. നടൻ വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ചാണ് നടപടി. വിജയ് ബാബുവിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ റെയ്ഡ് നടത്തുമെന്നും പൊലീസ് പറഞ്ഞു. വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. വിജയ് ബാബു രാജ്യം വിട്ടില്ലെങ്കിൽ അതിനുള്ള നീക്കം തടയുകയാണ് ലക്ഷ്യം.

പുതുമുഖ നടിയുടെ പരാതിയിൽ വിജയ് ബാബുവിന് എതിരെ പൊലീസ് കേസെടുത്തിരുന്നു. അതിജീവിതയുടെ പേരും വ്യക്തിവിവരങ്ങളും സമൂഹമാധ്യമ ലൈവിലൂടെ വെളിപ്പെടുത്തിയതിനു മറ്റൊരു കേസും വിജയിനെതിരെ എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 22നു യുവതി പരാതി നൽകിയെങ്കിലും ചൊവ്വാഴ്ചയാണു കേസ് രജിസ്റ്റർ ചെയ്തത്. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസ്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്തു പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി.

വിജയ്ബാബു ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമാണു പൊലീസ് പറയുന്നത്. എന്നാൽ, ആരോപണങ്ങളെല്ലാം നിഷേധിച്ച വിജയ് ബാബു താൻ ദുബായിലുണ്ടെന്നും ആർക്കു വേണമെങ്കിലും തന്നെ ബന്ധപ്പെടാമെന്നും പറഞ്ഞു. അതിജീവിതയുടെ പേരു വെളിപ്പെടുത്തി 'താനാണ് യഥാർഥ ഇരയെന്ന്' അവകാശപ്പെട്ടു നടത്തിയ ഫേസ്‌ബുക് ലൈവിലാണ് ഇക്കാര്യവും സൂചിപ്പിച്ചത്. അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന്റെ പേരിലുണ്ടാകുന്ന ഏതു കേസും നേരിടുമെന്നും തങ്ങൾ തമ്മിലുള്ള ബന്ധം തെളിയിക്കുന്ന വാട്സാപ് ചാറ്റുകൾ കൈവശമുണ്ടെന്നും വിജയ് ബാബു പറഞ്ഞു.

മാനനഷ്ടത്തിനു കേസ് കൊടുക്കുമെന്ന വ്യക്തമാക്കിയ വിജയ് മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായാണു സൂചന. വിജയ് ബാബു പരാതിക്കാരിയുടെ പേരു വെളിപ്പെടുത്തിയതോടെ യുവതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കടുത്ത സൈബർ ആക്രമണമുണ്ടായി. ഒട്ടേറെപ്പേർ മോശം കമന്റുകളുമായെത്തിയതോടെ ഈ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു.

വിജയ് ബാബുവിൽനിന്നു തനിക്കു നേരിടേണ്ടി വന്നതു ക്രൂരമായ ആക്രമണമെന്ന് വിമൻ എഗെൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന സമൂഹമാധ്യമ പേജിൽ അതിജീവിത വെളിപ്പെടുത്തിയിരുന്നു. പോസ്റ്റിൽ പറയുന്നത്:

രാസലഹരി നൽകി പീഡിപ്പിച്ചു, ക്രൂരമായി മർദിക്കുകയും മുഖത്തു തുപ്പുകയും ചെയ്തു. മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെ ലൈംഗിക ചൂഷണം ഉൾപ്പെടെ കടുത്ത ശാരീരിക ഉപദ്രവം നേരിടേണ്ടി വന്നു. മലയാള സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ കുറച്ചു വർഷങ്ങളായി വിജയ് ബാബു വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളിൽ രക്ഷകനായെത്തിയാണു മുതലെടുപ്പു നടത്തിയത്.

രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു സ്ത്രീകളെ കെണിയിലാക്കുന്നതാണു വിജയിന്റെ രീതി. തുടർന്നു മദ്യം നൽകി അവശയാക്കി അതിന്റെ ലഹരിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യും. എനിക്കു ബോധമുള്ളപ്പോഴെല്ലാം ലൈംഗികാവശ്യങ്ങൾ നിഷേധിച്ചുവെങ്കിലും അതവഗണിച്ചു ഒന്നര മാസത്തിനിടെ പലതവണ പീഡിപ്പിച്ചു. രാസലഹരി കഴിക്കാൻ നിർബന്ധിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴെല്ലാം വിവാഹവാഗ്ദാനങ്ങളുമായി പിറകെ വരികയായിരുന്നു.

ആർത്തവകാലത്തു വയറ്റിൽ ബലമായി ചവിട്ടുകയും മുഖത്തു തുപ്പുകയും ചെയ്തു. നഗ്നവിഡിയോ റിക്കോർഡ് ചെയ്യുകയും അതു പുറത്തുവിട്ടു സിനിമാ ജീവിതം തകർക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു- അതിജീവിത പറയുന്നു. സമൂഹമാധ്യമത്തിൽ തന്നെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു.